Top

'ആറാട്ട്' ആദ്യഗാനത്തിന്റെ ടീസർ എത്തി; 'ലാലേട്ടന്റെ ഡാൻസ് തിയേറ്റർ ഇളക്കി മറിക്കു'മെന്ന് ആരാധകർ

രാഹുൽ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

12 Feb 2022 11:54 AM GMT
ഫിൽമി റിപ്പോർട്ടർ

ആറാട്ട് ആദ്യഗാനത്തിന്റെ ടീസർ എത്തി; ലാലേട്ടന്റെ ഡാൻസ് തിയേറ്റർ ഇളക്കി മറിക്കുമെന്ന് ആരാധകർ
X

മോഹൻലാൽ നായകനാകുന്ന ചിത്രം ആറാട്ടിലെ ആദ്യ ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം 18ന് തിയേറ്ററുകളിലെത്തും.

'ഒന്നാം കണ്ടം' എന്ന് തുടങ്ങുന്ന ഗാനം മിഥുൻ ജയരാജ്, രാജ്‌കുമാർ രാധാകൃഷ്ണൻ, ശ്വേതാ അശോക്, നാരായണി ഗോപൻ, യാസിൻ നിസാർ തുടങ്ങിയവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാഹുൽ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്.


ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ മികച്ച ഡാൻസ് സ്റ്റെപ്പുകൾ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരാധകർ അറിയിച്ചു. പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്.

'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും 'ആറാട്ടെന്ന്' ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് 'ആറാട്ടില്‍' നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

Next Story