82 ഗായകർ, 82 ഗാനങ്ങൾ; ഗാനഗന്ധർവന് ഗാനാഞ്ജലി
ജന്മദിനത്തിൽ മൂകാംബികയിലെത്താതെ പോകുന്ന തുടർച്ചയായ രണ്ടാം വർഷമാണ് യേശുദാസിന്
10 Jan 2022 6:41 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാളികളുടെ ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ 82ാം പിറന്നാളിൽ ഗാനാഞ്ജലി നടത്താൻ 82 യുവ ഗായകർ. ഇന്ന് തിരുവനന്തപുരത്ത് വച്ചാണ് അദ്ദേഹത്തിന്റെ 82 ഗാനങ്ങൾ ആലപിച്ച് ഗാനാഞ്ജലി നടത്തുന്നത്. കോവിഡ് വ്യാപനമൂലം എല്ലാ വർഷവും നടത്തിവന്നിരുന്ന പിറന്നാൾ ദിനത്തിലെ കൊല്ലൂർ മൂകാംബികാ ക്ഷേത്ര ദർശനം ഇത്തവണയും യേശുദാസ് ഒഴിവാക്കിയിരുന്നു. ഇപ്പോൾ അമേരിക്കയിലാണ് യേശുദാസ്.
ജന്മദിനത്തിൽ മൂകാംബികയിലെത്താതെ പോകുന്ന തുടർച്ചയായ രണ്ടാം വർഷമാണ് യേശുദാസിന്. പകരം അദ്ദേഹത്തിനായി പ്രാർത്ഥനയുമായി സുഹൃത്തുക്കൾ ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു. കൂടാതെ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്ര റദ്ദാക്കുകായും ചെയ്തിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാൾദിന ക്ഷേത്രദർശനമാണ് തുടർച്ചയായി രണ്ടാം വർഷവും മുടങ്ങുന്നത്.
സംഗീത ലോകത്തു നിന്നും അല്ലാതെയും നിരവധി പ്രമുഖരും സംഗീതത്തെ സ്നേഹിക്കുന്ന ഗാനഗന്ധർവന്റെ ശബ്ദത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകരാണ് സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നത്.