Top

''ഈ പെട്ടന്നുള്ള വിയോഗം ഏറെ ദുഖമുണ്ടാക്കുന്നു''; കെ എസ് ചിത്ര

'അദ്ദേഹത്തിന്റെ ചില സിനിമകളിൽ പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി'

17 Jan 2022 5:52 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ പെട്ടന്നുള്ള വിയോഗം ഏറെ ദുഖമുണ്ടാക്കുന്നു; കെ എസ് ചിത്ര
X

സിനിമാ ഗാനങ്ങളിലൂടെയും അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയും ഏറെ സുപരിചതനായ സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് തന്റെ 70മത്തെ വയസിൽ അന്തരിച്ചു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്. ഇപ്പോൾ ഗായിക കെ എസ് ചിത്ര അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ച്‌ എത്തിയിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി എന്നും പെട്ടന്നുള്ള വിയോഗം ഏറെ ദുഖക്കുന്നുണ്ടെന്നും ചിത്ര കുറിച്ചു.

'ബഹുമുഖ കലാകാരനായ ആലപ്പി രംഗനാഥ് മാസ്റ്ററുടെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ടതിൽ ദുഖമുണ്ട്. അദ്ദേഹം ഒരു സംഗീത സംവിധായകനും ഗാനരചയിതാവും നർത്തകനും ഒക്കെയായിരുന്നു. "ആരാന്റെ മുല്ല കൊച്ചു മുല്ല", "ക്യാപ്റ്റൻ, "മറ്റൊരു മുഖം" തുടങ്ങിയ അദ്ദേഹത്തിന്റെ ചില സിനിമകളിൽ പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഈ മഹാമാരിയിൽ മറ്റൊരു നഷ്ടം കൂടി. അദ്ദേഹത്തിന്റെ ആത്മാവ് സ്വർഗീയ ശാന്തിയിൽ വിശ്രമിക്കട്ടെ, ദുഃഖിതരായ കുടുംബത്തിന് ആശ്വാസവും അനുശോചനവും നേരുന്നു.'

കഴിഞ്ഞ ദിവസമാണ് ആലപ്പി രംഗനാഥിന് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ലഭിച്ചത്. ഇതിന് പിന്നാലെ കൊവിഡ് ബാധിതനായ അദ്ദേഹം, ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി ഏകദേശം 1500ലധികം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Next Story