Top

പഴയ പാട്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴത്തെ സംഗീത സംവിധായകരുടെ കുഴപ്പമല്ല: രാഹുല്‍ രാജ് അഭിമുഖം

ദി പ്രീസ്റ്റ് എന്നത് വളരെ പ്രത്യേകതകളുള്ള സിനിമയാണെന്നും രാഹുൽ രാജ് പറയുന്നു.

26 Jan 2021 7:27 AM GMT
Joel Stalin

പഴയ പാട്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴത്തെ സംഗീത സംവിധായകരുടെ കുഴപ്പമല്ല: രാഹുല്‍ രാജ് അഭിമുഖം
X

ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി മികച്ച പ്രതികരണം ലഭിക്കുമ്പോൾ അതിയായ സന്തോഷത്തിലാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ രാഹുൽ രാജ്. മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈയിലൂടെ സിനിമ ജീവിതം ആരംഭിച്ച രാഹുൽ രാജ് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 40ൽ അധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ ആ വർഷത്തെ സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി.

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുലാണ്. തന്റെ പുതിയ ചിത്രമായ ദി പ്രിസ്റ്റിന്റെ വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് രാഹുൽ രാജ്.

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസിനൊരുങ്ങുമ്പോഴുളള പ്രതീക്ഷകള്‍

ഏറെ പ്രത്യേകതകളുള്ള സിനിമയാണ് ദി പ്രീസ്റ്റ്. നമുക്ക് ഒരുപാട് സ്‌പേസ് കിട്ടാന്‍ സാധ്യത ഉള്ള സിനിമയാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തവും കൂടുതലാണ്. ഒരു ക്രിസ്തീയ പശ്ചാത്തലമുള്ള മ്യൂസിക്ക് വേണമെന്ന് ജോഫിന്‍ പറയുകയുണ്ടായി. ഹരി വന്നതോടെ ചരിത്ര പശ്ചാത്തലം ഉള്‍കൊള്ളിക്കുന്ന തരത്തില്‍ വരികള്‍ ഒരുക്കാന്‍ കഴിഞ്ഞു. ഭാഗ്യം എന്തെന്നാല്‍ പാട്ട് പാടിയ കുട്ടികള്‍ പോലും ക്രിസ്തീയ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. അവരെ ഒരുക്കി തന്നത് എന്റെ അടുത്ത സുഹൃത്തായ മ്യൂസിക് ഡയറക്ടര്‍ അല്‍ഫോന്‍സ് ജോസഫാണ്. മൊത്തത്തില്‍ വളരെ പോസിറ്റിവ് വൈബ് ഉള്ള പാട്ടുണ്ടാക്കാന്‍ സാധിച്ചതില്‍ സന്തോഷം.

മമ്മൂട്ടിയുമായി ഒന്നിച്ചപ്പോഴുളള അനുഭവം

മമ്മൂക്കയുമായിട്ട് എന്നൊക്കെ ഒന്നിച്ചപ്പോഴൊക്കെ നല്ല സിനിമകള്‍ ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന് കാരണം മമ്മൂക്കയുടെ സിനിമ എന്നുപറയുമ്പോള്‍ നമ്മുടെ മനസ്സില്‍ അതിന് വലിയ സ്ഥാനമാണ്. നമ്മള്‍ ചെയ്യുന്ന സിനിമകളില്‍ ചെറുതെന്നോ വലുതെന്നോ നോക്കാതെ ഒരേ പ്രയത്‌നമാണ് എടുക്കുന്നതെങ്കിലും മമ്മൂക്ക ചിത്രമെന്ന് പറയുമ്പോള്‍ ഒരു ലെജന്‍ഡറി ഫീലാണ്. ഈ ചിത്രത്തില്‍ മമ്മൂക്കയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടും ഇതുതന്നെയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നത് ഒരു കാലഘട്ടത്തെ ചിത്രീകരിക്കുന്നതും വലിയ ക്യാന്‍വാസിലൊരുങ്ങുന്നതുമായ സിനിമയാണ്. അത്തരത്തിലുളള സിനിമയ്ക്കായി സംഗീതം ഒരുക്കിയപ്പോഴുണ്ടായ ചലഞ്ചസ്

അങ്ങനെ ചലഞ്ചസ് എന്ന ഞാന്‍ പറയില്ല. പ്രിയന്‍ സാറിന്റെ വിഷന്‍ എന്ന് പറയുന്നത് ഒരു ഹോളിവുഡ് എപ്പിക്ക് ഡ്രാമ ഒരുക്കുക എന്നതാണ്. സാധാരണ അത്തരം സിനിമകളിലുപയോഗിക്കുന്നത് ഓര്‍ക്കസ്ട്രല്‍ മ്യൂസിക്കാണ്. അത്തരത്തിലുള്ള ഒരു സ്‌കോര്‍ തന്നെ ഒരുക്കുവാനാണ് സാര്‍ സാര്‍ പറഞ്ഞത്. ഒരു വലിയ ക്യാന്‍വാസ് ഒരുക്കുക എന്നത് മാത്രം ചലഞ്ച് ആയി തോന്നി.

ആദ്യ ചിത്രമായ ഛോട്ടാ മുംബൈയെ കുറിച്ചുളള ഓര്‍മ്മകള്‍

ചോട്ടാ മുംബൈ എന്ന ചിത്രത്തില്‍ എത്തുവാന്‍ കാരണം അന്‍വര്‍ റഷീദ് ആയിരുന്നു. വലിയ പെരുന്നാള്‍ എന്ന സിനിമയുടെ സംവിധായകന്‍ ഡിമലാണ് എന്നെ അന്‍വര്‍ റഷീദിന് പരിചയപ്പെടുത്തുന്നത്. ലാലേട്ടന്റെ സിനിമയില്‍ തുടങ്ങാന്‍ സാധിച്ചു എന്നത് തന്നെ ഒരു ഭാഗ്യം.

തമിഴിലും തെലുങ്കിലും മലയാളത്തിലും സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ മ്യൂസിഷ്യന്‍ എന്ന നിലയ്ക്ക് മറ്റ് ഭാഷകളില്‍ നിന്നും മലയാള സിനിമയ്ക്ക് ഉണ്ടെന്ന് തോന്നിയിട്ടുള്ള വ്യത്യാസങ്ങള്‍

തമിഴ്, തെലുങ്ക് സിനിമകളെ അപേക്ഷിച്ച് നമ്മുടെ സംവിധായകര്‍ കുറച്ച് കൂടെ റിയലിസ്റ്റിക് അപ്പ്രോച്ച് വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജീവിതത്തോട് ഇണങ്ങി നില്‍ക്കുന്ന സംഗീതമാണ് അവര്‍ താല്‍പര്യപ്പെടുന്നത്. വിദ്യാജിയെ പോലുള്ളവരെ നോക്കിയാല്‍ തന്നെ അവര്‍ ഏറ്റവും നല്ല മ്യൂസിക്ക് ഒരുക്കിയിരിക്കുന്നത് മലയാളത്തിലാണ്. മറ്റ് ഭാഷകളില്‍ കുറച്ച് കൂടെ ലൗഡ് ആകണം എന്നാഗ്രഹിക്കുന്നവര്‍ണ്. കുറച്ചുകൂടെ അടിച്ചേല്പിക്കുക എന്ന് പറയുന്ന തരത്തിലുള്ള സിനിമകളാണ് അവിടെ ഉണ്ടാകുന്നത്. എന്നാല്‍ ഇന്ന് അവരും മലയാള സിനിമയിലേക്ക് നോക്കുന്നുണ്ട്. മലയാളം ഒരു നവോത്ഥാത്തിന്റെ പാതയിലാണെന്നാണ് എനിക്ക് തോന്നുന്നത്.

എന്നിട്ടും എന്തുകൊണ്ട് മലയാളി പ്രേക്ഷകര്‍ ഇപ്പോഴും പഴയ കാല ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.

എല്ലാ കാലത്തും ഏത് ജനറേഷനെ എടുത്ത് നോക്കിയാലും അവര്‍ തങ്ങള്‍ക്ക് മുന്നെയുള്ളവരെയാണ് നോക്കുന്നത്. 90കളിലുള്ളവര്‍ 70കളിലെ സംഗീതത്തെ ഇഷ്ടപെടുന്നു 2000ത്തില്‍ ഉള്ളവര്‍ 90കളിലെ സംഗീതം നോക്കുന്നു. ഒരു 20 വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നത്തെ സംഗീതം നൊസ്റ്റാള്‍ജിയയാകും. ഇത് ഒരു ആപേക്ഷികമായ കാര്യമാണ്. ഇത് സംഗീത സംവിധായകരുടെ കുഴപ്പമല്ല. എല്ലാ പാട്ടുകളോ സംഗീതമോ എന്ത് തന്നെയായാലും നമ്മള്‍ അത് നമ്മുടെ ജീവിതവുമായി കണക്ട് ചെയ്യും. നമ്മുടെ നൊസ്റ്റാള്‍ജിയ അത് നമ്മുടെ ഓര്‍മ്മകളില്‍ ഉള്ള സംഭവങ്ങളാണ്. അല്ലാതെ അത് നമ്മുടെ പാട്ടുകളുടെ പോരായ്മയല്ല.

ചില സിനിമകളില്‍ സംഗീതം ചെയ്യുമ്പോള്‍ അത് പഴയ സിനിമാഗാനത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ആരോപണം ഉണ്ടാകാറുണ്ട്. അത്തരം ആരോപണങ്ങളെ കുറിച്ചുള്ള പ്രതികരണം

ഒരിക്കലും അതിനെ ജനറലൈസ് ചെയ്യാന്‍ പറ്റില്ല. നമ്മള്‍ ഒരു സംഗീതം ചെയ്യുമ്പോള്‍ പണ്ട് ചെയ്ത സംഗീതവുമായി സാമ്യത തോന്നാം. നമുക്ക് പൂജ്യത്തില്‍ നിന്ന് ഒന്നും തുടങ്ങാന്‍ സാധിക്കില്ലല്ലോ. നമുക്ക് മുന്നേ നിരവധി മഹാന്മാര്‍ ഒരുക്കിയത് കണ്ട് മനസിലാക്കിയത് തന്നെയാണ് മറ്റൊരു രൂപത്തില്‍ നമ്മളില്‍ നിന്ന് വരുക. അങ്ങനെ സിമിലാരിറ്റി ഇല്ലാത്ത പാട്ടുകള്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പല സംവിധായകരും എനിക്ക് ഈ സംഗീതം വേണമെന്ന് പറഞ്ഞാല്‍ നമ്മള്‍ അതിനെ കുറിച്ച് ചിന്തിക്കേണ്ടി വരും. അവരും കഥ എഴുതുമ്പോള്‍ അവരുടെ ഉള്ളില്‍ വരുന്ന പാട്ടുകളുണ്ട്. ആ സംഗീതത്തോട് അടുത്ത നില്‍ക്കുന്ന മറ്റൊരു സംഗീതം ഒരുക്കുക എന്നതാണ് നമ്മള്‍ ശ്രമിക്കുന്നത്. അപ്പോള്‍ പലപ്പോഴും ചില പാട്ടുകളോട് സാമ്യത വരും. ചിലപ്പോള്‍ നമ്മള്‍ പഴയ ട്രഡീഷണല്‍ പാട്ടിന്റെ രണ്ടുവരി ചേര്‍ത്താല്‍ അത് കൂടുതല്‍ സുന്ദരമാകും. അതിനെ ഒരു കോപ്പിയടി എന്ന് ഞാന്‍ പറയില്ല. ഇപ്പോള്‍ ഞാന്‍ സുപ്രഭാതം എന്ന ട്യൂണ്‍ എടുത്ത് ചെയ്‌തെന്ന് കരുതുക. അത് ലോകത്തിലുള്ള എല്ലാവര്‍ക്കും അറിയാം അത് സുപ്രഭാതം ട്യൂണ്‍ ആണെന്ന്. അതിനെ മറ്റൊരു തരത്തിലെ അവതരിപ്പിക്കുക എന്നെ ഞാന്‍ പറയുകയുള്ളു.

മലയാളത്തിലെ സംഗീത മേഖല പുരസ്‌കാരങ്ങളുടെ കാര്യത്തില്‍ പിന്നിലാണെന്ന് തോന്നിയിട്ടുണ്ടോ

അവാര്‍ഡുകള്‍ എന്ന് പറയുന്നത് പലപ്പോഴും ജൂറികള്‍ക്ക് അടിസ്ഥാനയമാണ്. നമ്മള്‍ അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന സിനിമകള്‍ക്ക് പലപ്പോഴും കിട്ടണമെന്നില്ല. ചിലപ്പോള്‍ നേരെ തിരിച്ചും. ‘ഋതു’എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ഒരിക്കലും സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ കിട്ടാതിരിക്കുകയും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ കിട്ടുകയും ചെയ്യുന്ന പ്രഹേളികയാണ് അവാര്‍ഡുകള്‍.

ദി സൗണ്ട് സ്റ്റോറി എന്ന് ചിത്രത്തിനായി റസൂല്‍ പൂക്കുട്ടിക്കൊപ്പം വര്‍ക്ക് ചെയ്യതിരുന്നല്ലോ. റസൂല്‍ പൂക്കുട്ടിക്കൊപ്പമുളള ഓര്‍മകള്‍

റസൂല്‍ പൂക്കുട്ടിക്ക വളരെ നല്ല മനുഷ്യനാണ്. ഞാന്‍ സ്‌പെയിനിലെക്ക് പഠിക്കാനായി പോയപ്പോള്‍ അദ്ദേഹം റെക്കമെന്‍ഡേഷന്‍ ലെറ്റര്‍ വരെ നല്‍കിയിരുന്നു. ഒരു കലാകാരന് വേണ്ടുന്ന പരിഗണന എന്നും കൊടുക്കുന്ന വ്യക്തിയാണ്. ഇപ്പോഴും ആ സ്‌നേഹം അങ്ങനെ തന്നെയുണ്ട്. എന്നും ആ സ്‌നേഹം ഉണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Next Story