Top

‘ലാലേട്ടന്‍ സ്ഥിരമായി ആ പാട്ട് കേള്‍ക്കുമായിരുന്നു’; കൈലാസ് മേനോന്‍ അഭിമുഖം

ചിത്രത്തിലെ ആദ്യ ഗാനമായ ‘അലരേ നീ എന്നിലെ..’ അഞ്ചു ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറുകയാണ്.

8 March 2021 4:52 AM GMT
Joel Stalin

‘ലാലേട്ടന്‍ സ്ഥിരമായി ആ പാട്ട് കേള്‍ക്കുമായിരുന്നു’; കൈലാസ് മേനോന്‍ അഭിമുഖം
X

തീവണ്ടി എന്ന സിനിമയിലെ ‘ജീവാംശമായി..’ എന്ന ഗാനത്തിലൂടെ മലയാള ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഫിലിംഫെയർ പുരസ്കാരവും സ്വന്തമാക്കി. തുടർന്ന് മോഹൻലാൽ ചിത്രം ഇട്ടിമാണിയിലെ ഒരു ഗാനമൊരുക്കി.

ആ യാത്ര ഇന്നിപ്പോൾ അർജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രം മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്ന സിനിമയിൽ എത്തി നിൽക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനമായ ‘അലരേ നീ എന്നിലെ..’ അഞ്ചു ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. കൈലാസ് മേനോൻ പുതിയ ഗാനത്തിന്റെ സന്തോഷവും തന്റെ സിനിമ വിശേഷങ്ങളും റിപ്പോർട്ടർ ലൈവുമായി പങ്കുവെക്കുന്നു.

‘അലരേ നീ എന്നിലെ’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുമ്പോൾ എന്ത് തോന്നുന്നു ?

വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്. ഇടക്കാട് ബറ്റാലിയന് കഴിഞ്ഞു ഒരു ഒന്നര വർശങ്ങൾക്ക് ശേഷമാണ് നമ്മുടെ ഒരു ഗാനം റിലീസ് ചെയ്യുന്നത്. അപ്പോൾ ആ ഗാനം പ്രേക്ഷകർ ഏറ്റെടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്.

ശബരീഷ് വർമ്മയാണല്ലോ ചിത്രത്തിന്റെ ഗാനരചയിതാവ്. അദ്ദേഹവുമായുള്ള അനുഭവം

ശബരീഷ് വർമ്മ എന്റെ വളരെ കാലമായുള്ള ഒരു സുഹൃത്താണ്. അദ്ദേഹവുമായി ഒന്നിക്കാൻ സാധിക്കുന്നു എന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്. ഞങ്ങൾക്കിടയിൽ വളരെയധികം ഫ്രീഡം ഉണ്ട്. അദ്ദേഹവുമായുള്ള സൗഹൃദമാണ് ഈ ഗാനത്തിലും പ്രതിഫലിക്കുന്നത്. അദ്ദേഹവും വളരെ എക്‌സൈറ്റഡാണ്.

മെമ്പർ രമേശൻ ഒമ്പതാം വാർഡിലെ മറ്റു ഗാനങ്ങൾ

ചിത്രത്തിൽ നാല് ഗാനങ്ങൾ ഉണ്ട്. അതിലെ ആദ്യ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബാക്കി മൂന്ന് ഗാനങ്ങളും ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായാണ്. ഒരെണ്ണം ഒരു ഫ്രണ്ട്ഷിപ് സോങ്ങാണ്. മറ്റൊന്ന് ഒരു ഇലക്ഷൻ സോങ്ങാണ്. ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഗാനം. അൽപം ആക്ഷേപഹാസ്യം നിറഞ്ഞ ഗാനമാണ് മറ്റൊന്ന്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ എപ്പോൾ റിലീസ് ചെയ്യുമെന്ന് ഇപ്പോൾ പറയാനാകില്ല. സിനിമയുടെ പ്രൊമോഷൻ എന്ന രീതിയിലാണ് ആദ്യ ഗാനം റിലീസ് ചെയ്തത്.

‘ജീവാംശമായി…’, ‘നീ ഹിമ മഴയായി…’, ഇപ്പോൾ ‘അലരേ നീ എന്നിലെ.. മെലഡികളോടുള്ള താൽപര്യം

മെലഡീസ് ആണ് എന്റെ ഫേവറിറ്റ്. അതുപോലെ തന്നെ എനിക്ക് ഏറ്റവും ധൈര്യവും മെലഡി സോങ്‌സ് ചെയ്യുവാനാണ്. പൊതുവെ മലയാളികൾക്ക് മെലഡികളോട് ഒരു താൽപര്യകൂടുതലുണ്ട്. അവർ അത് വീണ്ടും വീണ്ടും കേൾക്കും. ഫാസ്റ്റ് നമ്പേഴ്‌സ് അങ്ങനെയല്ല.

ടൊവീനോയ്ക്കൊപ്പം തുടരെ തുടരെയുള്ള ഹിറ്റ് ഗാനങ്ങൾ. അദ്ദേഹവുമായുള്ള സൗഹൃദം

ടൊവീനോയുമായും വളരെ കാലമായുള്ള സൗഹൃദമുണ്ട്. ഞങ്ങൾ ഫ്രണ്ട്സിന്റെ ഒരു ഗ്യാങ്ങായിരുന്നു. ആ ഫ്രണ്ട്ഷിപ്പാണ് ഞങ്ങളുടെ സിനിമ.

ഇട്ടിമാണിയിലെ ‘വെണ്ണിലാവ് പെയ്തലിഞ്ഞ..’ എന്ന ഗാനം വളരെ ശ്രദ്ധേയമായിരുന്നല്ലോ. മോഹൻലാൽ ചിത്രത്തിലെ ഓർമ്മകൾ

ഇട്ടിമാണിയിലെ ഗാനം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. തീവണ്ടിക്ക് ശേഷം എനിക്ക് ആദ്യം വരുന്ന കോൾ ഇട്ടിമാണിയിലേതാണ്. ഒരു പാട്ട് മാത്രമേ ഉള്ളുവെങ്കിലും അത് വളരെ പ്രധാനപ്പെട്ട ഒരു പാട്ടാണെന്ന് സംവിധായകർ പറഞ്ഞിരുന്നു. ലാലേട്ടനും ആ പാട്ട് വളരെ ഇഷ്ട്ടമായി എന്നാണ് സംവിധായകർ പറഞ്ഞറിഞ്ഞത്. അദ്ദേഹത്തിന് ആ പാട്ട് ഇഷ്ട്ടമായിട്ട് ആ പാട്ട് വേണമെന്ന് ആവശ്യപ്പെട്ട് സംവിധായകർക്ക് മെസ്സേജ് അയച്ചു. ലാലേട്ടൻ കാറിൽ സ്ഥിരമായി ആ പാട്ട് കേൾക്കുമായിരുന്നു എന്ന് മറ്റുചിലർ പറഞ്ഞിട്ടുണ്ട്. നമ്മൾ ഇത്രയേറെ ഇഷ്ടപെടുന്ന ഒരു വ്യക്തി നമ്മുടെ പാട്ട് കേൾക്കുന്നു എന്നത് നമുക്ക് വളരെ അഭിമാനം നൽകുന്ന കാര്യമാണ്.

തീവണ്ടി തെലുങ്കിലേക്ക് എത്തുമ്പോൾ സംഗീതത്തിൽ വരുന്ന മാറ്റങ്ങൾ

തീവണ്ടി തെലുങ്ക് റീമേക്ക് കഴിഞ്ഞ വർഷം ചെയ്യേണ്ടതായിരുന്നു. എന്നാൽ കൊവിഡ് മൂലം ചിത്രം നീളുകയായിരുന്നു. ഈ വർഷം ചെയ്യാനാണ് പദ്ധതി. തീവണ്ടിയിലെ ഗാനങ്ങൾ അവർക്ക് വളരെ ഇഷ്ടമായെന്നും ആ ഗാനങ്ങൾ അതേപോലെ വേണമെന്നും അവർ പറഞ്ഞിട്ടുണ്ട്. അതിനുപുറമെ മറ്റൊരു ഗാനം കൂടെ ചിത്രത്തിലുണ്ടാകും. പൊതുവെ മലയാളം സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ അതിലെ ഗാനങ്ങൾക്ക് തെലുങ്കിന്റേതായ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നവർക്ക് മലയാളത്തിലെ പാട്ടുകൾ വളരെ ഇഷ്ടമാവുകയും അങ്ങനെ ആ പാട്ടുകൾ അതേപോലെ തന്നെ തെലുങ്കിലേക്ക് ഉപയോഗിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനൊപ്പം ഒരു പാട്ട് മാത്രം പുതിയതായി ചെയ്യണം.

ഔസേപ്പച്ചനൊപ്പമായിരുന്നല്ലോ സിനിമയിലേക്കുള്ള തുടക്കം. ഒരു സംഗീത സംവിധായകൻ എന്ന നിലയ്ക്ക് അദ്ദേഹത്തിൽ നിന്നുണ്ടായ സ്വാധീനം

കുറച്ച് നാൾ അദ്ദേഹത്തിനൊപ്പം സഹകരിക്കാൻ എനിക്ക് സാധിച്ചു. അതേ സമയത്ത് തന്നെ ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിലും ഞാൻ വർക്ക് ചെയ്തിരുന്നു. അവരിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാൻ പറ്റി. ഔസേപ്പച്ചൻ സാർ ഒരു പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ ഭാവത്തിന് വളരെയേറെ പ്രാധാന്യം നൽകും. അതിനുവേണ്ടി ഒന്നോ രണ്ടോ ദിവസം റെക്കോർഡിങ് നീണ്ടുപോകും. ശരിയായില്ലെങ്കിൽ വീണ്ടും പാടാൻ ആവശ്യപ്പെടും. ഓരോ വാക്കിനും വളരെയേറെ പ്രാധാന്യം കൊടുക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ സാർ. രവീന്ദ്രൻ മാസ്റ്റർ ആണെങ്കിൽ കർണാട്ടിക്ക് രാഗങ്ങൾക്കും ടെക്‌നിക്കാലിറ്റിക്കും പ്രാധാന്യം നൽകും. ജോൺസൻ മാസ്റ്റർ ഫോക്കൽ എലമെന്റ്സിന് പ്രാധാന്യം കൊടുക്കും. അതേപോലെയാണ് ഔസേപ്പച്ചൻ സാർ ഭാവത്തിന് നൽകുന്ന പ്രാധാന്യം. ഭാവത്തിന് പ്രാധാന്യം നൽകുന്ന സംഗീത സംവിധായകർ വളരെ കുറവാണ്. എനിക്കും അത്തരം അപ്പ്രോച്ചാണ് ഇഷ്ടം. അതെനിക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ സാധിച്ചതാണ്.

ചലച്ചിത്ര ഗാനങ്ങൾക്ക് കവർ സോങ് ഉണ്ടാക്കുന്നത് ഇപ്പോൾ വളരെ പോപ്പുലർ ആണല്ലോ. ആ രീതിയോടുള്ള പ്രതികരണം

എന്റെ അഭിപ്രായത്തിൽ പാട്ടുകളുടെ കവർ സോങ് ചെയ്യുന്നതിൽ അത്ര തെറ്റൊന്നുമില്ല. നമുക്ക് വളരെ ഇഷ്ടമായത് കൊണ്ടാണല്ലോ നമ്മൾ ആ പാട്ടിന് കവർ സോങ് ചെയ്യുന്നത്. അത് ആ പാട്ടിനോട് കാണിക്കുന്ന ആദരവ് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സംഗീതം എന്നത് പ്രേക്ഷകർക്ക് ആസ്വദിക്കാനും ഏറ്റുപാടാനുമുള്ളതാണല്ലോ. എന്റെയൊക്കെ പാട്ടുകൾ ആരെങ്കിലും കവർ സോങ്‌സ് ചെയ്യുമ്പോൾ എനിക്ക് വളരെ സന്തോഷം തരുന്ന സംഗതിയാണ്. നമ്മളും ആഗ്രഹിക്കുന്നത് അത് തന്നെയാണല്ലോ നമ്മുടെ പാട്ടുകൾ ആളുകൾ ഏറ്റുപാടാൻ. എന്നാൽ ആ പാട്ടിനെ മോശമാക്കാതിരിക്കാനും ശ്രമിക്കുക. ആ വരികളോട് നീതിപുലർത്തുക. പല പ്രമുഖ ഗായകർ പോലും വരികൾ തെറ്റിച്ച് പാടുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ആ രചയിതാവിനോട് ചെയ്യുന്ന തെറ്റാണ്. ഒരു ഗാനത്തിന്റെ വരികൾ തെറ്റുമ്പോൾ അത് ആ പാട്ടിനോടും അത് എഴുതിയ ആളോടും ചെയ്യുന്ന തെറ്റാണ്.

പുതിയ പ്രൊജക്ടുകൾ

തീവണ്ടി തെലുങ്ക് പതിപ്പിന് പുറമേ സിബി മലയിൽ സാർ ആസിഫ് അലിയെ നായകനാക്കി ചെയ്യുന്ന ചിത്രമുണ്ട്. സിബി മലയിലിനോടൊപ്പം വർക്ക് ചെയ്യാൻ പോകുന്നു എന്നതിന്റെ ഒരു ത്രില്ല് ഉണ്ട്. അദ്ദേഹം സിനിമകളിൽ സംഗീതത്തിന് വളരെ പ്രാധാന്യം നൽകുന്ന സംവിധായകനാണ്. ടൊവീനോയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളാകുന്ന വാശി, പിന്നെയും കുറച്ചധികം പ്രൊജക്ട്സ് ഉണ്ട്.

Next Story

Popular Stories