Domestic Violence

മുണ്ടക്കയത്തെ വൃദ്ധന്റെ മരണം; മകന്‍ റജി കുമാര്‍ കസ്റ്റഡിയില്‍

മുണ്ടക്കയത്ത് മാസങ്ങളളോളം മുറിയില്‍ പൂട്ടിയിട്ടതിനേത്തുടര്‍ന്ന് വൃദ്ധന്‍ മരിച്ച സംഭവത്തില്‍ മകനെ കസ്റ്റഡിയിലെടുത്തു. പൊടിയന്റെ മകന്‍ റജകുമാറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കും. പൊടിയന്‍ മരിച്ചത് പരിചരണക്കുറവുകൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കി.

ഭക്ഷണവും മരുന്നും ശരിയായി നല്‍കാത്തതാണ് മരണകാരണം.

പൊലീസ്

റജി കുമാറിന്റെ പിതാവിന്റെ ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയിലാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷണം ലഭിക്കാതെ പട്ടിണി മൂലമാണോ എണ്‍പതുകാരനായ പൊടിയന്‍ മരിച്ചതെന്ന് അറിയാന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊടിയന്റെ ആമാശയത്തിന്റെയും തൊണ്ടയുടെയും ഭാഗത്തുള്ള അവയവങ്ങള്‍ ചുരുങ്ങിയ നിലയിലാണ്. ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാനാണ് രാസപരിശോധന. പൊലീസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ഈ നടപടി. പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നത്. ഇതേ സംബന്ധിച്ച് അടിയന്തരമായി സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് കൈമാറാന്‍ സബ് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.

മുണ്ടക്കയം പഞ്ചായത്തിലെ അസംമ്പനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭര്‍ത്താവിന്റെ ദാരുണമായ സ്ഥിതി നോക്കി നിന്ന് ഭാര്യ 76 വയസ്സുള്ള അമ്മിണിക്ക് മാനസികനില തെറ്റി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്വന്തം മകന്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ മാസങ്ങളായി ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

സ്ഥിരം മദ്യപാനിയായ ഇളയമകന്‍ റെജി സമീപവാസികളും ബന്ധുക്കളോ ഭക്ഷണവും, വെള്ളവും നല്‍കാതിരിക്കാന്‍ വീട്ടില്‍ ഒരു പട്ടിയേയും കെട്ടിയിട്ടിരുന്നു. ഇതുമൂലം ബന്ധുക്കള്‍ക്കോ സമീപവാസികള്‍ക്കോ അടുത്തുപോലും വരാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു. കഴിഞ്ഞദിവസം ആശാവര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണ് ഇവരുടെ അവസ്ഥ മനസ്സിലാക്കുന്നത്.

Latest News