ഖത്തറിലെത്തിയ ദമ്പതികള്‍ കുടുങ്ങിയത് വന്‍ ചതിയില്‍: 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച കേസ് പുനപരിശോധിക്കാന്‍ ഉത്തരവിട്ട് പരമോന്നത കോടതി

ഖത്തറില്‍ 10 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ട മുംബൈ ദമ്പതികള്‍ക്ക് ആശ്വാസ വാര്‍ത്ത. ലഹരി മരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ ഇരുവരുടെയും ഹരജി ഖത്തര്‍ പരമോന്നത കോടതി സ്വീകരിച്ചു. കേസ് പുനപരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തു. 4.1 കിലോ ഹാഷിഷുമായി ഖത്തറില്‍ പിടിയിലായ ഈ മുംബൈ ദമ്പതികളെ 2019 ലാണ് പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്.

മുഹമ്മദ് ഷരീഖ്, ഒനീബ ഖുറേഷി എന്നി രണ്ടു ദമ്പതികള്‍ ഇവരുടെ രണ്ടാം ഹണിമൂണ്‍ ആഘോഷത്തിനായായിരുന്നു ഖത്തറിലെത്തിയത്. ആഘോഷത്തിന് ഖത്തറിലേക്ക് പോവാന്‍ താല്‍പര്യമില്ലാതിരുന്നും ഇവരുടെ ആന്റിയുടെ നിര്‍ബന്ധപ്രകാരമാണ് ഇവര്‍ ഖത്തറിലെത്തിയത്. ഇരുവരുടെയും യാത്ര സ്‌പോണ്‍സര്‍ ചെയ്തതും ഈ ബന്ധുവായിരുന്നു. പോവാന്‍ നേരം ഈ ആന്റി ഇരുവരുടെയും പക്കല്‍ ഒരു പാക്കറ്റ് നല്‍കി. പാക്കറ്റില്‍ പുകയിലയാണെന്നും ഒരു ഖത്തറിലെ ഒരു സുഹൃത്തിന് നല്‍കണമെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ 4 കിലോയിലേറെ ഹാഷിഷ് ലഹരിമരുന്നായിരുന്നു പാക്കറ്റില്‍. ഇതറിയാതെയാണ് പാക്കറ്റുമായി ഇവര്‍ ഖത്തറിലേക്ക് തിരിച്ചത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വെച്ച് ഇരുവരെയും ഈ ബാഗുമായി ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. പത്തുവര്‍ഷം തടവും പിഴയുമായിരുന്നു കോടതി ഇവര്‍ക്ക് വിധിച്ച ശിക്ഷ. ഗര്‍ഭിണിയായിരുന്ന ഒനിബ ഖത്തര്‍ ജയിലില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു.

തടവ് ശിക്ഷയ്‌ക്കെതിരെ നേരത്തെ ഇവരുടെ കുടുംബം ഖത്തര്‍ അപ്പീല്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ വിധി ഇവര്‍ക്കെതിരായിരുന്നു. പിന്നീടാണ് ഇവര്‍ ഖത്തര്‍ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ദമ്പതികള്‍ക്ക് അറിഞ്ഞു കൊണ്ടാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് തെളിയിക്കുന്ന വാദം നേരത്തെ പുറപ്പെടുവിച്ച വിധിയിലില്ലെന്ന് പരമോന്നത കോടതി കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ വിധി പുനപരിശോധനയ്ക്ക് അര്‍ഹമാണെന്നും കോടതി പറഞ്ഞു. കേസ് മറ്റൊരു ബെഞ്ചിന് കീഴില്‍ പുനപരിശോധിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Latest News