മുംബൈ വിജയഗാഥക്ക് അവസാനം; ജംഷദ്പൂരിനോട് സമനില

ഐഎസ്എല്ലില്‍ മുംബൈ സിറ്റി-ജംഷദ്പൂര്‍ എഫ്സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരൊ ഗോള്‍ വീതം നേടി. മുംബൈക്കായി സൂപ്പര്‍ താരം ബര്‍ത്തലോമിയൊ ഒഗ്ബച്ചേയും, ജംഷദ്പൂരിനായി നെരിയുസ് വാല്‍സ്‌കിസുമാണ് ലക്ഷ്യം കണ്ടത്. സമനില വഴങ്ങിയെങ്കിലും മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

തുടക്കം മുതല്‍ ആക്രമണ ഫുട്ബോളാണ് ഇരു ടീമുകളും കാഴ്ചവച്ചത്. ആദ്യ നിമിഷങ്ങളില്‍ തന്നെ മുംബൈക്ക് സുവര്‍ണാവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ മുന്നിലെത്തിയത് ജംദ്പൂരായിരുന്നു. മുംബൈയുടെ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. നെരിയുസ് വാല്‍സ്‌കിസാണ് ജംഷദ്പൂരിന് ലീഡ് നേടിക്കൊടുത്തത്.

ജംഷദ്പൂരിന്റെ ആഘോഷങ്ങള്‍ക്ക് അധികം ആയുസ് ഉണ്ടായില്ല. അഞ്ച് മിനുറ്റിനുള്ളില്‍ തന്നെ മുംബൈ ഒപ്പമെത്തി. ബിബിന്‍ സിംഗാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിനകത്ത് നിന്ന് ഒഗ്ബച്ചെ തൊടുത്ത ഷോട്ട് അനായാസം ടിപി രഹനേഷിനെ മറികടന്നു.

രണ്ടാം പകുതിയിലും മുംബൈയുടെ ആധിപത്യം തന്നെ ആയിരുന്നു ജിഎംസി സ്റ്റേഡിയത്തില്‍. ബോക്‌സിനുള്ളില്‍ നിരവധി തവണ ജംഷദ്പൂരിന് ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്കായി. എന്നാല്‍ ഗോളുകള്‍ മാത്രം വീണില്ല. 79-ാം മിനുറ്റില്‍ വാല്‍സ്‌കിസ് വീണ്ടും സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

Latest News