യുഡിഎഫ് തരംഗമുണ്ടാക്കാന്‍ മുല്ലപ്പള്ളി കല്പ്പറ്റയിലേക്കോ? ; സി കെ ശശീന്ദ്രന് തന്നെ വീണ്ടുമിറങ്ങിയേക്കും, പോരാട്ടം കനക്കും
തൊഴിലാളി വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ സീറ്റ് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്കാണ് പോകുന്നത്
19 Feb 2021 6:07 AM GMT
അനുപമ ശ്രീദേവി

വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക മണ്ഡലങ്ങളിലൊന്നാണ് കല്‍പ്പറ്റ. മണ്ഡലചരിത്രത്തില്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ വലിയ സ്വാധീനം പ്രകടമായിട്ടുണ്ടെങ്കിലും നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് കല്‍പ്പറ്റ. 2016-ലെ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായിരുന്ന എം വി ശ്രേയംസ്കുമാറിനെ 13083 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സിപിഐഎം നേതാവ് സി കെ ശശീന്ദ്രന് മണ്ഡലം പിടിച്ചത്. എന്നാല്‍ ആ വിജയം 2021 -ല്‍ ഇടതുമുന്നണിക്ക് ആവര്‍ത്തിക്കാനാകുമോ എന്നതിനേക്കാള്‍ മണ്ഡലം ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്കാണ്. ഇടതുമുന്നണി ശക്തമായ വടക്കന്‍ മേഖല പിടിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെടുപ്പിനുമുന്പേ മണ്ഡലത്തെ പുതിയ ഗ്ലാമര്‍ പരിവേഷത്തിലേക്കെത്തിച്ചത്. എന്നാല്‍ മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മുന്നണിയില്‍ നിന്ന് തുടരെ തുടരെ എതിര്പ്പുകളുണ്ടാത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ കല്‍പ്പറ്റ നഗരസഭയും മുട്ടില്‍, മേപ്പാടി, വൈത്തിരി, കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് 1965, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ബി വെല്ലിംഗ്ടണായിരുന്നു വിജയിച്ചത്. 1970 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ച മണ്ഡലത്തില്‍ ആ വര്‍ഷം സിറിയക് ജോണും 77-ല്‍ കെ ജി അടിയോടിയും അടക്കമുള്ള പ്രമുഖര്‍ കോണ്‍ഗ്രസ് ബാനറില്‍ വിജയിച്ചു. പിന്നീട് ജനതാപാര്‍ട്ടിയുടെ രൂപീകരണത്തിന് ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ചുവടുറപ്പിച്ച മണ്ഡലത്തില്‍ 1980-ലെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി എം കമലം കല്‍പ്പറ്റയില്‍ നിന്ന് വിജയിച്ചു. 1982ലും കമലം വിജയമാവര്‍ത്തിച്ചു. 1987-ല്‍ ജനതാപാര്‍ട്ടി ബാനറില്‍ നിന്ന് എം പി വീരേന്ദ്രകുമാറാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
എന്നാല്‍ 1991 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്തു. ആ തവണ ജനതാദളിന്റെ കെ കെ ഹംസയെ 3792 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ കെ കെ രാമചന്ദ്രന് മാസ്റ്റര്‍ മണ്ഡലം പിടിച്ചു. പിന്നീട് 1996-ലും 2001-ലും രാമചന്ദ്രന് മാസ്റ്റര്‍ വിജയമാവര്‍ത്തിച്ചു. രണ്ട് ടേമിലും ജനതാദള്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഈ മുന്നേറ്റത്തെ അട്ടിമറിച്ചാണ് 2006 ല്‍ ഇടതുമുന്നണിക്കൊപ്പമായിരുന്ന ജനതാദള്‍ സെക്കുലറിന്റെ ബാനറില്‍ നിന്ന് എം വി ശ്രേയംസ്കുമാര്‍ മണ്ഡലം തിരിച്ചുപിടിക്കുന്നത്. മൂന്നു ടേം മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാമചന്ദ്രന് മാസ്റ്ററെ പരാജയപ്പെടുത്തിയായിരുന്നു ശ്രേയാംസ്കുമാറിന്റെ വിജയം. 2011-ല്‍ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ബാനറിലേക്ക് മാറിയ ശ്രേയംസ്കുമാര്‍ യുഡിഎഫിന്റെ ഭാഗമായി നിന്ന് വീണ്ടും വിജയിച്ചു. എന്നാല്‍ 2016-ലെ തെരഞ്ഞെടുപ്പില്‍ ശ്രേയാംസ്കുമാര്‍ മണ്ഡലത്തില്‍ പരാജയമറിഞ്ഞു. 13083 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സിപിഐഎം സ്ഥാനാര്‍ഥിയായ സി കെ ശശീന്ദ്രനാണ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ 2021 തെരഞ്ഞെടുപ്പെത്തുമ്പോള്‍ ശ്രേയാസ്കുമാറിന്റെ എല്‍ജെഡി ഇടതുമുന്നണിയിലാണ്. ഈ സാഹചര്യത്തില്‍ എല്‍ജെഡി ആവശ്യപ്പെടാനിരിക്കുന്ന ഏഴ് സീറ്റുകളിലൊന്നാണ് കല്‍പ്പറ്റ. എന്നാല്‍ മണ്ഡലത്തില്‍ ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ സി കെ ശശീന്ദ്രന് എംഎല്‍എ തന്നെ ഇത്തവണയും കളത്തിലിറങ്ങാനാണ് സാധ്യത. മണ്ഡലത്തിലേക്ക് മറ്റ് സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളില്ലെന്നിരിക്കെ വിജയ സാധ്യതയും കണക്കിലെടുത്ത് ശശീന്ദ്രനെ തന്നെ ഇടതുമുന്നണി മണ്ഡലം നിലനിര്‍ത്താന്‍ നിയോഗിച്ചേക്കുമെന്നാണ് സൂചന.
മറുവശത്ത് വടക്കന്‍ കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാക്കാമെന്ന പ്രതീക്ഷയോടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കളത്തിലിറക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെ തുടക്കത്തിലെ എതിര്‍പ്പുകളെയാണ് നേരിടേണ്ടിവരുന്നത്. മുല്ലപ്പള്ളി മത്സരസന്നദ്ധത അറിയിക്കുകയും കല്‍പ്പറ്റ മണ്ഡലത്തില്‍ താത്പര്യമറിയിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങളുടെ ആരംഭം. മുല്ലപ്പള്ളിയുടെ താല്പര്യത്തെ ഹൈക്കമാന്റും അനുകൂലിച്ചതോടെ കല്‍പ്പറ്റയില്‍ കെപിസിസി അധ്യക്ഷന്‍ നേരിട്ട് മത്സരത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുയര്‍ന്നു, പിന്നാലെ നീക്കത്തെ എതിര്‍ത്ത മുസ്ലിം ലീഗ് കഴിഞ്ഞ തവണ ജെഡിഎസിന്റെ സീറ്റായിരുന്ന മണ്ഡലത്തില്‍ വിജയസാധ്യതയുള്ള ലീഗ് സ്ഥാനാര്‍ഥികളുള്ള സാഹചര്യത്തില്‍ മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്ന നിലപാടെടുത്തു. എന്നാല്‍ പിന്നീട് ഈ നിലപാടില്‍ നിന്ന് ലീഗ് പിന്മാറി.
എന്നാല്‍ തൊഴിലാളി വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ സീറ്റ് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്കാണ് പോകുന്നത്. യൂത്ത് കോണ്‍ഗ്രസിനും മഹിളാ കോണ്‍ഗ്രസിനും നല്കുന്ന പരിഗണനപോലും ഐഎന്‍ടിയുസിക്ക് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ഐഎന്‍ടിയുസി ഇത്തവണ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥി വേണ്ടെന്നും അത്തരത്തില്‍ തൊഴിലാളികളെയും തേയിലതോട്ടങ്ങളെയും അറിയാത്തവര്‍ മണ്ഡലത്തിലെത്തിയാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിടേണ്ടി വന്ന തിരിച്ചടി ആവര്ത്തിക്കപ്പെടുമെന്നുമാണ് ഐഎന്‍ടിയുസിയുടെ മുന്നറിയിപ്പ്. മുല്ലപ്പള്ളിക്ക് പുറമെ സാധ്യതാ പട്ടികയിലുള്ള കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ദിഖും മണ്ഡലത്തിനു പുറത്തുനിന്നാണെന്നിരിക്കെയാണ് ഐഎന്‍ടിയുസി നിലപാട് വ്യക്തമാക്കിയത്.