ലൈഫില്‍ മുല്ലപ്പള്ളിയുടെ മലക്കംമറിച്ചില്‍; ‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിരിച്ചുവിടില്ല’, ഹസ്സനെ തള്ളി കെപിസിസി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പരാമര്‍ശം തള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ലെന്ന വ്യക്തമാക്കിയിരിക്കുകയാണ് മുല്ലപ്പള്ളി. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘ലൈഫ് മിഷനെക്കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ട്. ലൈഫ് മിഷന്‍ ഒരിക്കലും പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയും വീടില്ലാത്ത ഒരാളും സംസ്ഥാനത്തില്ല എന്ന സ്ഥിതിയിലേയ്ക്ക് എത്തിക്കുകയും ചെയ്യും’, മുല്ലപ്പള്ളി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനിടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് എംഎം ഹസ്സന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഭവനപദ്ധതിക്കെതിരെയുള്ള നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന അഭിപ്രായം യുഡിഎഫിന് ഉള്ളില്‍നിന്നുതന്നെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ലൈഫ് തുടരുമെന്ന പരാമര്‍ശവുമായി മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.

Latest News