‘യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടും, കെ സുരേന്ദ്രന്‍ സ്വപ്‌നലോകത്തില്‍’; സജ്ജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്, റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ തെളിഞ്ഞുവന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

30-40 സീറ്റ് വരെ നേടിയാല്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തില്‍ സ്വപ്‌നലോകത്തിരുന്നുകൊണ്ട് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ‘അതിന് അത്ര പ്രധാന്യം മാത്രമെ നല്‍കുന്നുള്ളൂ. പക്ഷെ അതില്‍ ഒരു അപകടം ഉണ്ട്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. അഞ്ച് സീറ്റില്‍ ജയിച്ചുവന്ന് നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബിജെപി ശ്രമം. അതിനായി കേരളത്തിലെ സിപിഐഎം നേതാക്കന്മാരും അഖിലേന്ത്യാ ബിജെപി നേതാക്കളും തമ്മില്‍ കരാര്‍ ഉണ്ടായിക്കിയിട്ടുള്ളത്.’ എന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.

അനായാസേന ജയിക്കാമെന്ന മോഹമൊന്നും ബിജെപിക്ക് വേണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് തന്നെയാണ് പദ്ധതി. അത് തന്നെയാണ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതിയാണ് ഇന്ന് വൈകീട്ട് 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുക.
കേരളത്തില്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് വൈകിയേക്കും എന്ന ധാരണയിലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നേരത്തെ തെരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും അവിടെ അങ്ങനെ നടക്കാനാണ് സാധ്യത.

Latest News