‘രാവണന്റെ ഭാഷ്യം ഹിന്ദുമതത്തെ തകര്‍ക്കാന്‍’; സെയ്ഫ് അലി ഖാന്റെ ആദിപുരുഷിനെതിരെ പൊട്ടിത്തെറിച്ച് മുകേഷ് ഖന്ന, ‘പിന്നെ ബ്രിട്ടീഷുകാരന്റെ സോറിയുമായി വരരുത്’

ആദിപുരുഷില്‍ രാവണന്റെ ഭാഷ്യവുമുണ്ടാകുമെന്ന സെയിഫ് അലി ഖാന്റെ പരാമര്‍ശത്തിനെതിരെ മുകേഷ് ഖന്ന. ഇത്തരം പരാമർശങ്ങൾ ഉന്നയിച്ചു കഴിഞ്ഞു മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യമെന്നും ചലച്ചിത്ര പ്രവർത്തകർ ഹിന്ദുമതത്തെ തകര്‍ക്കാനായി സിനിമയെ ഉപയോഗിക്കുന്നുവെന്നും മുകേഷ് ഖന്ന പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.

ലക്ഷ്മി ബോംബ് പൊട്ടിത്തെറിച്ചില്ല, മറ്റൊരു ആക്രമണം നടത്തി. സെയ്ഫ് അലി ഖാന്‍ ഒരു അഭിമുഖത്തില്‍ ആക്ഷേപകരമായ പ്രസ്താവന നടത്തി. ‘ആദി പുരുഷ്’ എന്ന സിനിമയില്‍ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ രസകരമായിട്ടാണെന്നു സെയ്ഫ് അലി ഖാന്‍ പറഞ്ഞു. അതില്‍ രാവണന്റെ തിന്മയല്ല, മനുഷ്യത്വവും വിനോദവുമാണ് കാണിക്കുന്നത്.അതില്‍ സീതാഹരണം നീതീകരിക്കപ്പെടും. എന്തുകൊണ്ടാണ് ഇത് വളരെ എളുപ്പമാണെന്ന് സെയ്ഫിന് തോന്നുന്നതെന്ന് അറിയില്ല. ‘ലങ്കേഷ്’ നിങ്ങളുടെ ബാറ്റിനൊപ്പം കറങ്ങാന്‍ ആഗ്രഹിക്കുന്ന പന്ത് അല്ല. ഞാന്‍ അതിനെ വിഡ്ഢിത്തം എന്ന് വിളിക്കണോ! അല്ലെങ്കില്‍ സ്വയം ബുദ്ധിജീവിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സംവിധായകന്റെ ധീരതയെന്ന് വിളിക്കണോ?

മുകേഷ് ഖന്ന

‘തന്റെ പ്രസ്താവനയ്ക്ക് സെയ്ഫ് രേഖാമൂലം ക്ഷമാപണം എഴുതി എന്നതാണ് ഇപ്പോൾ ബ്രേക്കിംഗ് ന്യൂസ്. വൗ ! എന്താണ് കാര്യം !! ബ്രിട്ടീഷുകാർ “സോറി” എന്ന് മനോഹരമായ ഒരു വാക്ക് ഉണ്ടാക്കി. അമ്പെയ്യുക, ബോംബ് എറിയുക, പഞ്ച് ചെയ്യുക, തുടർന്ന് “ക്ഷമിക്കണം” എന്ന് പറയുക. എന്നാൽ ഞങ്ങൾ അംഗീകരിക്കില്ല. സംസാരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് ചിന്തിച്ചിട്ടില്ല !!!! ഈ രാവണ പ്രീതിയോടുള്ള എന്റെ പ്രതികരണത്തിന്റെ ഒരു ചെറിയ വീഡിയോ ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു’, മുകേഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞദിവസം വിഷയത്തിൽ സെയിഫ് അലി ഖാൻ ക്ഷമാപണം നടത്തിയിരുന്നു. ‘ഒരു അഭിമുഖത്തിനിടെ ഞാൻ നടത്തിയ ഒരു പ്രസ്താവന ഒരു വിവാദത്തിന് ഇടയാക്കുകയും ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ഞാൻ മനസ്സിലാക്കി. ഇത് ഒരിക്കലും മനപൂർവമായിരുന്നില്ല. എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയും എന്റെ പ്രസ്താവന പിൻവലിക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ് രാമൻ. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതിനാണ് ആദിപുരുഷ്, ഇതിഹാസം യാതൊരു വിധ വളച്ചൊടിക്കലും കൂടാതെ അവതരിപ്പിക്കാൻ മുഴുവൻ ടീമും ഒരുമിച്ച് പ്രവർത്തിക്കുന്നു’, സെയ്ഫ് അലി ഖാൻ പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ അധിക്ഷേപങ്ങളാണ് നടക്കുന്നത്. ട്വിറ്ററിൽ അധിക്ഷേപങ്ങള്‍ക്കു പുറമെ ബോയ്‌കോട്ട് ഭീഷണിയും ഉയരുന്നുണ്ട്.

ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. ബോളിവുഡ് താരം കൃതി സനോനാണ് സീതയുടെ വേഷം ചെയ്യുന്നതെന്ന് റിപ്പോട്ടുകള്‍ വന്നിരുന്നു. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍. രാവണനെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഓം റാവത്താണ് ആദിപുരുഷിന്റെ സംവിധായകന്‍. ഫലാനി കാര്‍ത്തിക് ഛായഗ്രണം നിര്‍വ്വഹിക്കും. ആഷിഷ് മഹത്രേ, അപൂര്‍വ്വ മോതിവാലെ എന്നിവരാണ് എഡിറ്റിങ് ചെയ്യുന്നത്. ഭൂഷന്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലിക്ക് ശേഷം ആരാധകര്‍ റിലീസ് കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’.

Latest News