Top

ബുദ്ധിശൂന്യരായ പുരോഹിതന്മാരും വിശ്വാസികളും നടത്തുന്നത് 'നാണംകെട്ട കൂട്ടിച്ചേർക്കൽ'; ഈശോ വിവാദത്തിൽ സക്കറിയ

ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്റെ ആവശ്യവുമാണ്.

13 Aug 2021 11:18 AM GMT
ഫിൽമി റിപ്പോർട്ടർ

ബുദ്ധിശൂന്യരായ പുരോഹിതന്മാരും വിശ്വാസികളും നടത്തുന്നത്  നാണംകെട്ട  കൂട്ടിച്ചേർക്കൽ; ഈശോ വിവാദത്തിൽ സക്കറിയ
X


നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ പേരിൽ വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരനായ സക്കറിയ. കേരളത്തിലെ ക്രിസ്തീയ സഭകളുടെ ചരിത്രത്തിലെ നാണംകെട്ട സംഭവവികാസങ്ങളുടെ പട്ടികയിലേക്ക് ചേർത്ത മറ്റൊരു അധ്യായമാണ് ഈശോ വിവാദം എന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം ഈ സംസ്കാര ശൂന്യതയെ പിന്തുണയ്ക്കുന്നില്ല. ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ് എന്നും സക്കറിയ പറയുന്നു. 'ഈശോ: ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
സക്കറിയയുടെ വാക്കുകൾ:
"ഈശോ": ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം . കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും "വിശ്വാസി"കളും ചേർന്ന് "ഈശോ" എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്.
ഭാഗ്യവശാൽ അവരുടെ സംസ്കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളിക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീസംസ്കാരത്തിൽ ഇണങ്ങിച്ചേർന്നു ജീവിക്കുന്നു - അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.
മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്. അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാർദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂർവം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.
യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബൻ. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്റെ ആവശ്യവുമാണ്.


Next Story