'ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല';നാദിർഷയ്ക്ക് പിന്തുണ അറിയിച്ച് ടിനി ടോം
ഒരു ക്രിസ്ത്യാനി ആയത് സ്വന്തം തെരഞ്ഞെടുപ്പ് അല്ല അതൊരു നിയോഗമാണ്. എന്നാൽ അന്യമതസ്ഥരെ ശത്രുക്കളായല്ല സഹോദരങ്ങൾ ആയാണ് കാണുന്നത് എന്നും ടിനി ടോം പറഞ്ഞു.
9 Aug 2021 4:47 AM GMT
ഫിൽമി റിപ്പോർട്ടർ

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം ഈശോയുടെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ സംവിധായകൻ നാദിർഷയ്ക്ക് പിന്തുണയുമായി നടൻ ടിനി ടോം. ക്രിസ്തു സ്നേഹിക്കാൻ മാത്രമാണ് പഠിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത് പറയുന്നു. താൻ ഒരു ക്രിസ്ത്യാനി ആയത് സ്വന്തം തെരഞ്ഞെടുപ്പ് അല്ല അതൊരു നിയോഗമാണ്. എന്നാൽ അന്യമതസ്ഥരെ ശത്രുക്കളായല്ല സഹോദരങ്ങൾ ആയാണ് കാണുന്നത് എന്നും ടിനി ടോം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ടിനി ടോമിന്റെ വാക്കുകൾ:
ജീസസ് ഈസ് മൈ സൂപ്പർ സ്റ്റാർ. ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത് ,ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ഞാൻ ക്രിസ്ത്യാനി ആയത് എൻറെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നത് ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എസിഎസ് എസ്എൻഡിപി സ്കൂളിലാണ് അന്ന് സ്വർണ്ണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു. എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,"ഒരു ജാതി ഒരു മതം ഒരു ദൈവം".
നാദിര്‍ഷയുടെ സിനിമ വിവാദമായതിന് പിന്നാലെ നേരത്തെ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞദിവസമാണ് നാദിര്‍ഷയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ചന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ മുന്നിട്ട് രംഗത്തിറങ്ങുമെന്നും പിസി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍, ഈശോ സിനിമാവിവാദത്തില്‍ പിസി ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകന് നാദിര്‍ഷ. പിസി ജോര്‍ജിന്റെ തല വെട്ടല്‍ പരാമര്ശത്തോടൊന്നും മറുപടി പറയുന്നില്ലെന്നും സിനിമ കണ്ട് കഴിയുമ്പോള്‍ ഇത്രയും മുറവിളി വേണ്ടായിരുന്നെന്ന് അദ്ദേഹത്തിന് തോന്നുമെന്നും നാദിര്‍ഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. താന്‍ സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വൃണപ്പെടുത്താന്‍ ഉദേശിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു. ''ഞാന്‍ മതം നോക്കിയല്ല സിനിമ ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല. ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. സിനിമയുടേത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ഞാനല്ല സിനിമയ്ക്ക് പേരിട്ടത്. നിര്‍മാതാക്കളായ ബിനു സെബാസ്റ്റിയന്, അരുണ്‍ നാരായണന്, നായകന് ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണിത്.'' ഫെഫ്ക പറഞ്ഞാല്‍ താന്‍ പേര് മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി.
- TAGS:
- Tini Tom
- Nadirshah
- Eesho Movie
Next Story