അഭ്യൂഹങ്ങള്‍ക്ക് വിട; 'ലൂസിഫര്‍' റീമേക്കില്‍ ചിരഞ്ജീവിയുടെ വലം കൈയ്യാവാന് സല്മാന് ഖാന്
24 Aug 2021 8:20 AM GMT
ഫിൽമി റിപ്പോർട്ടർ

ലൂസിഫര്‍ തെലുങ്കു റീമേക്കായ ഗോഡ്ഫാദറില് സല്മാന് ഖാന് പ്രധാന വേഷമാകുന്നു എന്ന നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് സല്മാന് റോള്‍ നിരസിച്ചുവെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ സല്മാന് ചിത്രത്തിന്റെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ലെറ്റ്സ് ഒടിടി ഗ്ലോബലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലൂസിഫറില്‍ പൃഥ്വിരാജ് ചെയ്ത വേഷമാണ് സല്മാന് ഖാന് ഗോഡ്ഫാദറില് ചെയ്യുന്നത്. സയിദ് മസൂദ് എന്നായിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വലം കൈയ്യായ കഥാപാത്രമായിരുന്നു പൃഥ്വിരാജിന്റേത്. സല്മാന് പുറമെ ബിജു മേനോന് ചിത്രത്തിന്റെ ഭാഗമാണെന്ന വാര്‍ത്തകളും വന്നിരുന്നു. ബിജു മേനോന് തന്നെയാണ് വിവേക് ഒബ്രോയ് ചെയ്ത കഥാപാത്രം തെലുങ്കില്‍ താന്‍ അവതരിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
ചിരഞ്ജീവി നായകനാവുന്ന ചിത്രം മോഹന്‍രാജയാണ് സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ സ്റ്റീഫന്റെ പ്രണയിനിയാവുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യറിന് പകരമായിരിക്കും നയന്‍താര. അതേസമയം ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമെയ്ക്ക് എന്ന് വിളിക്കാനാകില്ലെന്ന് നേരത്തെ സംവിധായകന് മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' മലയാളത്തിലും തമിഴിലുമാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, പൃഥ്വിരാജ്, വിവേക് ഒബ്രോയ്, മഞ്ജു വാര്യര്‍, സാനിയ ഈയപ്പന്, ഇന്ദ്രജിത്, സായിക്കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.
Next Story