Top

വുമന്‍ വിത്ത് എ മൂവി ക്യാമറ റിവ്യൂ: അനുഭവങ്ങളുടെ പെണ്‍കാഴ്ച്ച, ട്രൂത്ത് ഫുള്‍ സിനിമയുടെ മൂര്‍ച്ച

ഒരു വ്യക്തിയ്ക്ക് നേരെയുണ്ടാകുന്ന ചൂഷണം അയാളെ എത്രത്തോളം ബാധിക്കുമെന്നും അതിന്റെ ആഘാതം എത്രകാലം നീണ്ടു നിൽക്കുമെന്നും പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തുകയാണ് ചിത്രം.

8 April 2022 6:16 AM GMT
ജോയേല്‍ സ്റ്റാലിന്‍

വുമന്‍ വിത്ത് എ മൂവി ക്യാമറ റിവ്യൂ: അനുഭവങ്ങളുടെ പെണ്‍കാഴ്ച്ച, ട്രൂത്ത് ഫുള്‍ സിനിമയുടെ മൂര്‍ച്ച
X

അടൽ കൃഷ്ണൻ എന്ന നവാഗത സംവിധായകനും സുഹൃത്തുക്കളും അയ്യായിരം രൂപ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് 'വുമൻ വിത്ത് എ മൂവി ക്യാമറ'. സിനിമയ്ക്ക് ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ അയ്യായിരം രൂപയ്ക്ക് ഒരു സിനിമ ഒരുങ്ങി എന്നതിനേക്കാൾ ഉപരി കാലിക പ്രസക്തമായ ഒരു വിഷയത്തെക്കുറിച്ചുള്ള ശക്തമായ തുറന്നു പറച്ചിലാണ് സിനിമയുടെ പ്രത്യേകത.

ഒരു കോളേജ് പ്രോജക്റ്റിന്റെ ഭാഗമായി മഹിത എന്ന വിദ്യാർത്ഥിനി തന്റെ സുഹൃത്തായ ആതിരയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാൻ ഒരുങ്ങുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു ദിവസമാണ് മഹിത പകർത്താൻ ഉദ്ദേശിക്കുന്നത്. ആതിര തന്റെ വീട്ടിൽ പെരുമാറുന്നതും അമ്മയുമായുള്ള സംഭാഷണങ്ങളുമെല്ലാമായി സിനിമ മുന്നോട്ടു പോകുന്നു. ഇടയിൽ ആർത്തവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുമുണ്ട്. അവസാന ഭാഗങ്ങളിലേക്ക് അടുക്കുമ്പോൾ ആതിരയുടെയും മഹിതയുടെയും രണ്ട് സുഹൃത്തുക്കൾ കൂടെ കടന്നു വരുന്നു. തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് ആതിര തുറന്നു പറയുന്നതോടെ കഥ അതിന്റെ തീവ്രമായ അവസ്ഥയിലേക്ക് എത്തുന്നു. പിന്നാലെ മറ്റുള്ളവരും തങ്ങൾക്ക് നേരെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും പറയുന്നു. അവരുടെ വെളിപ്പെടുത്തലുകളോടെ തീർത്തും പ്രേക്ഷകനെ പിടിച്ചുലയ്ക്കുന്ന രീതിയിൽ സിനിമ അവസാനിക്കുന്നു.


സ്ഥിരം ശൈലികളിൽ നിന്നും വ്യത്യസ്തമായി ഡോക്യുമെന്ററി ശൈലിയിലാണ് സംവിധായകൻ സിനിമയെ സമീപിച്ചിരിക്കുന്നത്. ട്രൂത്ത്ഫുൾ സിനിമ എന്ന വിഭാഗത്തിൽപെടുത്താവുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം അവരവരുടെ യഥാർത്ഥ പേരുകൾ തന്നെയാണ് നൽകിയിരിക്കുന്നതും. ഒരു സ്ത്രീയ്ക്ക് ചുറ്റുമുള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്കുറിച്ച് സിനിമ വ്യക്തമായി സംസാരിക്കുന്നുണ്ട്.

സിനിമയുടെ അവസാന ഭാഗത്തിൽ കഥാപാത്രങ്ങൾ നടത്തുന്ന തുറന്നു പറച്ചിലുകൾ അത് ആ അഭിനേതാക്കളുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചതാണ് എന്ന് അറിയുമ്പോൾ ഞെട്ടൽ ഉളവാക്കുന്നു. അത് തുറന്നു പറയുവാനുള്ള അവരുടെ ധൈര്യത്തിനും അത് മികച്ച രീതിയിൽ ആവിഷ്കരിച്ച സംവിധായകന്റെ മികവിനും അഭിനന്ദങ്ങൾ. ഇത്തരം തുറന്നു പറച്ചിലുകൾ നിരവധിപ്പേർക്ക് ധൈര്യം പകരുമെന്നതിൽ സംശയമില്ല.


പ്രധാന കഥാപാത്രമായ ആതിരയിലൂടെ ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും മേൽ വീട്ടുകാരും ചുറ്റുമുള്ളവരും പണിതുയർത്തുന്ന മതിലിനെക്കുറിച്ച് സംവിധായകൻ പറയുന്നു. ജെഎൻയു പഠിക്കണം എന്നുള്ള അവളുടെ ആഗ്രഹത്തിന് വീട്ടുകാരുടെ എതിർപ്പുണ്ടാകുന്നുണ്ട്. ഇടയ്ക്ക് കടന്നു വരുന്ന ബന്ധുവായ ചെറുപ്പക്കാരൻ അവളെ എത്രയും വേഗം വിവാഹം കഴിപ്പിച്ച് വിടാനും പറയുന്നു. വളരെ മനോഹരമായി തന്നെ കഥാപാത്രത്തെ സഹതിരക്കഥാകൃത്ത് കൂടെയായ ആതിര സന്തോഷ് അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയിലെ ഓരോ കഥാപാത്രവും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. എടുത്തു പറയേണ്ടത് അമ്മ വേഷം അവതരിപ്പിച്ച ശ്രീകല സന്തോഷിന്റെ പ്രകടനം. മധ്യവയസ്കയായ ഒരു സാധാരണ സ്ത്രീയുടെ ജീവിതം ഈ കഥാപാത്രത്തിലൂടെ വരച്ചു കാട്ടിയിട്ടുണ്ട്. അവസാന ഭാഗങ്ങളിൽ കഥാപാത്രം നടത്തുന്ന വെളിപ്പെടുത്തലിലൂടെ എല്ലാ കാലഘട്ടങ്ങളിലും സ്ത്രീകൾ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ വ്യക്തമാക്കുന്നുണ്ട്. മഹിത, മണികർണിക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് മഹിതയാണ്.


ഒരു സിനിമയുടെ സാങ്കേതിക വശത്തെക്കുറിച്ചും വമ്പൻ ബജറ്റിനെക്കുറിച്ചും സംസാരിക്കുന്ന ഇന്നത്തെ പ്രേക്ഷകരിലേക്കാണ് സംവിധായകൻ കാലിക പ്രസക്തമായ ഈ സിനിമ എത്തിച്ചിരിക്കുന്നത്. ഒരു വ്യക്തിയ്ക്ക് നേരെയുണ്ടാകുന്ന ചൂഷണം അയാളെ എത്രത്തോളം ബാധിക്കുമെന്നും അതിന്റെ ആഘാതം എത്രകാലം നീണ്ടു നിൽക്കുമെന്നും പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തുകയാണ് ചിത്രം. അതോടൊപ്പം സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും പ്രചോദനം നൽകുകയാണ് അടൽ കൃഷ്ണൻ എന്ന യുവ സംവിധായകൻ.

story highlights: woman with a movie camera movie review

Next Story