Top

കോബ്ര റിവ്യൂ: വിക്രമിന്റെ സ്ഥിരം ഗെറ്റപ്പ് ചെയ്ഞ്ച്, ചിയാൻ സ്റ്റൈൽ കണ്ടിരിക്കാം

'അന്യൻ' പോലെയൊരു വിക്രം ചിത്രം പ്രതീക്ഷിച്ചു പോയാൽ അത് നിരാശയുണ്ടാക്കും.

31 Aug 2022 11:04 AM GMT
ജോയേല്‍ സ്റ്റാലിന്‍

കോബ്ര റിവ്യൂ: വിക്രമിന്റെ സ്ഥിരം ഗെറ്റപ്പ് ചെയ്ഞ്ച്, ചിയാൻ സ്റ്റൈൽ കണ്ടിരിക്കാം
X

ഒരു കഥാപാത്രം ആവശ്യപ്പെടും വിധം രൂപവും ശബ്ദവും പെരുമാറ്റവും വരെ സൂക്ഷമമായി രൂപകല്പന ചെയ്യാൻ പ്രാപ്തിയുള്ള നടനാണ് വിക്രം. പിതാമഹനിലും അന്യനിലും വിക്രം ഒരു അത്ഭുതമാകുന്നതും അതുകൊണ്ടാണ്. എന്നാൽ തിയേറ്റർ വിജയങ്ങളിൽ ഈയിടെ പിന്നിലാണ് നടൻ. ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ഐ'യും ചിയാൻ ഇരട്ട വേഷത്തിലെത്തിയ 'ഇരുമുഖനും' വിജയമായിരുന്നുവെങ്കിലും പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയതുമില്ല. ഏറെ പ്രതീക്ഷ നൽകി 'ഇമൈക്ക നൊടികൾ' സംവിധായകനൊപ്പം വിക്രം ഒന്നിച്ച 'കോബ്ര' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

മദിയഴകൻ ഗണിതശാസ്ത്രത്തിൽ അതിസമർത്ഥനായ അധ്യാപകനാണ്, അതേസമയം ഒരു വാടക കൊലയാളിയും. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ കൊലകൾ നടത്തുന്നതിൽ മിടുക്കനാണയാൾ. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ ഗണിതശാസ്ത്രത്തിലെ മികവ് താൻ നടത്തുന്ന കൊലകൾക്കായും അയാൾ പ്രയോജനപ്പെടുത്തുന്നു എന്നതാണ്. ബ്രിട്ടീഷ് രാജകുമാരനെ കൊല്ലുന്നതോടെ ഇന്റർപോൾ ഉദ്യോഗസ്ഥനായ അസ്‌ലാൻ ഇയാൾക്കായുള്ള അന്വേഷണം ആരംഭിക്കുന്നു. ഈ കൊലയ്ക്കും പ്രത്യക്ഷത്തിൽ യാതൊരു സാമ്യതയുമില്ലാത്ത രീതിയിൽ ഇയാൾ നടത്തിയ ഒഡിഷ മുഖ്യമന്ത്രിയുടെ കൊലപാതകത്തിനുമിടയിലെ സാമ്യത ക്രിമിനോളജി വിദ്യാർത്ഥിയായ ഒരു പെൺകുട്ടി കണ്ടെത്തുന്നു. ആ കോമൺ ലിങ്കിലൂടെ ഇവർ ആ വാടക കൊലയാളിയെ തേടിയുള്ള യാത്ര തുടങ്ങുന്നു. പിന്നീടുള്ള സംഭവങ്ങളാണ് സിനിമയുടെ കഥ.

വിക്രമാണ് മദിയഴകനാകുന്നത്. പോസ്റ്റർ, ടീസറുകളിൽ കണ്ടത് പോലെ നിരവധി ഗെറ്റപ്പുകളിലാണ് വിക്രം സിനിമയിലെത്തുന്നത്. ചൈനീസ്, യൂറോപ്യൻ വേഷപ്പകർച്ചകളിലും വൃദ്ധനായുമൊക്കെയുള്ള ഗെറ്റപ്പുകൾ ഉണ്ട് നടന് ചിത്രത്തിൽ. എന്നാൽ തീരെ ദൈർഘ്യം കുറഞ്ഞ ഈ ഗെറ്റപ്പുകൾ കഥയ്ക്ക് ആവശ്യമായിരുന്നോ എന്ന ചോദ്യം തന്നെ ബാക്കിയാണ്. മദിയഴകനായി നല്ല പ്രകടനം കാഴ്ചവെക്കാൻ വിക്രമിന് കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയിലെ ഇന്റരോഗേഷൻ രംഗം. ഏതാനം നിമിഷങ്ങൾ കൊണ്ട് തന്നെ നിരവധി ഭാവങ്ങളാണ് ആ സീനിൽ നടൻ കാഴ്ചവെക്കുന്നത്. ആ രംഗത്തെ 'അന്യനി'ലെ അവസാന ഭാഗത്തെ ഓർമിപ്പിക്കുന്ന പ്രകടനം എന്ന് തന്നെ പറയാം. എന്നാൽ കഥ പൂർണ്ണമായി വിക്രമിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്നത് പ്രേക്ഷകനെ അലോസരപ്പെടുത്തിയേക്കും.

അസ്‌ലാൻ എന്ന ഇന്റർപോൾ ഓഫീസറായി എത്തിയത് ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ്. ഒരു തുടക്കക്കാരന്റെ പതർച്ചയില്ലാതെ തന്നെ പത്താൻ തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്. സിനിമയിലെ പ്രധാന വില്ലൻ വേഷത്തിലെത്തുന്നത് മലയാളി നടൻ റോഷൻ മാത്യു ആണ്. വിക്രമിനെ പോലൊരു നടനെ എതിർത്ത് നിൽക്കുന്നുണ്ട് റോഷനെങ്കിലും സ്ഥിരം തമിഴ് 'റിച്ച്' വില്ലന്മാരിൽ നിന്നും വലിയ പുതുമയൊന്നും കഥാപാത്രത്തിനില്ല. ശ്രീനിധി ഷെട്ടിയാണ് സിനിമയിലെ നായിക കഥാപാത്രമാകുന്നത്. നായകനെ പ്രണയിക്കുന്ന നായിക എന്ന് വിളിക്കാം കഥാപാത്രത്തെ. മിയ, മാമുക്കോയ എന്നീ മലയാളി അഭിനേതാക്കളും സിനിമയിലുണ്ട്. തന്റെ തനത് ശൈലിയിൽ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച മാമുക്കോയയ്ക്ക് ഒരു ഡയലോഗ് പോലുമില്ലായിരുന്നു എന്നത് നിരാശാജനകമാണ്. മൃണാളിനി, കെ എസ് രവികുമാർ, തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.

കുറച്ച് ലാഗ് ഉണ്ടെങ്കിലും ആദ്യപകുതിയിൽ മേക്കിങ്ങിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ജ്ഞാനമുത്തു ശ്രമിക്കുന്നുണ്ട്. ഒരു ട്വിസ്റ്റിലൂടെയാണ് രണ്ടാം പകുതിയിലേക്ക് കഥ പോകുന്നത്. എന്നാൽ രണ്ടാം പകുതിയിൽ സിനിമയുടെ താളം തെറ്റുന്നു. ഫ്ലാഷ്ബാക്കും അമിത ദൈർഘ്യവും അനാവശ്യ പ്രണയ രംഗങ്ങളും മടുപ്പ് ഉണ്ടാക്കുന്നുണ്ട്. വിക്രമിനെ തന്നെയാണ് രണ്ടാം പകുതിയെ രക്ഷിച്ചെടുക്കാൻ സംവിധായകൻ ആശ്രയിക്കുന്നത്. സിനിമയിൽ പലയിടങ്ങളിലും പ്രഡിക്റ്റബിളിറ്റി ഒരു പ്രശ്നം തന്നെയാണ്. അതേപോലെ രണ്ടാം പകുതിയിലെ കണ്ടന്റിന്റെ അതിപ്രസരവും. തിരക്കഥയിൽ പല പാളിച്ചകൾ ഉണ്ടെന്ന് പറയാതെ വയ്യ. കഥയിലും മറ്റു കഥാപാത്രങ്ങളിലും തിരക്കഥാകൃത്തും സംവിധായകനും കുറച്ചുകൂടി ശ്രദ്ധ പുലർത്താമായിരുന്നു. 'ഇമൈക്ക നൊടികളെ' അപേക്ഷിച്ച് ചിത്രം ശരാശരിയിൽ ഒതുങ്ങുന്നു.

എ ആർ റഹ്മാന്റെ സംഗീതം, അത് ഗാനങ്ങളായാലും പശ്ചാത്തലമായാലും മികവുറ്റതാണ്. എവിടെയും നിശ്ശബ്ദമാക്കാതെയാണ് റഹ്മാൻ പശ്ചാത്തല സംഗീതം മുന്നോട്ടു പോകുന്നത്. എടുത്തു പറയേണ്ടതാണ് സിനിമയിലെ സംഘട്ടന രംഗങ്ങൾ. 'അന്യനി'ലെ കരാട്ടെ ഫൈറ്റ്, 'ഐ'യിലെ ഷൂ ലെയ്സ് ഫൈറ്റ് പോലെ ഗംഭീരമായ ഒരു സംഘട്ടന രംഗം ഇവിടെയുമുണ്ട്. വിക്രം വളരെ ചടുലമായി തന്നെ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ഭുവൻ ശ്രീനിവാസന്റെയും ഹരീഷ് കണ്ണന്റെയും ഛായാഗ്രഹണം ചിത്രത്തെ മികച്ചതായിരുന്നു.

മൂന്ന് മണിക്കൂറിൽ അധികം ദൈർഘ്യമുള്ള സിനിമ കുറച്ച് ട്രിം ചെയ്തിരുന്നുവെങ്കിൽ കൂടുതൽ രസകരമാകുമായിരുന്നു. 'അന്യൻ' പോലെയൊരു വിക്രം ചിത്രം പ്രതീക്ഷിച്ചു പോയാൽ അത് നിരാശയുണ്ടാക്കും. ചിയാന്റെ വിവിധ ഗെറ്റപ്പുകളും പ്രകടനവും ആസ്വദിക്കാൻ തയ്യാറെങ്കിൽ തിയേറ്ററിൽ തരക്കേടില്ലാത്ത അനുഭവം തന്നെ കോബ്ര നൽകും.

story highlights: vikram new movie cobra review

Next Story