Top

വിക്രം റിവ്യൂ: ഹൈപ്പിനൊത്ത കമല്‍ മാസ്, കാസ്റ്റിനോട് നീതി പുലര്‍ത്തിയ 'ലോകി' സ്റ്റൈല്‍

'വിക്രം' അവസാനമല്ല മറിച്ച് ഒരു 'ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സി'ന്റെ തുടക്കമാണ്.

3 Jun 2022 7:57 AM GMT
ജോയേല്‍ സ്റ്റാലിന്‍

വിക്രം റിവ്യൂ: ഹൈപ്പിനൊത്ത കമല്‍ മാസ്, കാസ്റ്റിനോട് നീതി പുലര്‍ത്തിയ ലോകി സ്റ്റൈല്‍
X

ലോകേഷ് കനകരാജ് എന്ന സംവിധായകൻ തന്റെ പ്രിയ നടനൊപ്പം ചെയ്യുന്ന സിനിമ എന്നത് തന്നെയായിരുന്നു 'വിക്രമി'ന് ലഭിച്ച ഏറ്റവും വലിയ ഹൈപ്പ്. ഒപ്പം തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരായ ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിക്കുകയും കൂടി ചെയ്താൽ പിന്നെ പറയേണ്ടതില്ലല്ലോ. ആ പ്രതീക്ഷകൾക്ക് പൂ‍‍ർണ്ണ സംതൃപ്തി നൽകാൻ ലോകേഷ് കനകരാജിന് സാധിച്ചുവെന്ന് തന്നെ പറയാം. 'വിക്രമി'നെ 'ഒരു ലോകേഷ് കനകരാജ് സംഭവം' എന്ന് തന്നെ വിളിക്കാം.

കോടികൾ വില വരുന്ന കൊക്കെയ്ൻ നിറച്ച ഒരു കണ്ടെയ്നർ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട് കർണ്ണൻ എന്ന വ്യക്തിയുടെ അടക്കം ചില കൊലപാതകങ്ങൾ സംഭവിക്കുന്നു. ആ കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം കണ്ടുപിടിക്കാൻ അമർ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു അണ്ടർകവർ സംഘം നിയോഗിക്കപ്പെടുന്നു. അമറിന്റെ അന്വേഷണം സന്താനം എന്ന മയക്കുമരുന്ന് കച്ചവടക്കാരനിലേക്ക് നീളുന്നു. തുടർന്നുളള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.


മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തെ വളരെ രസകരമായി തന്നെയാണ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്നത്. സിനിമയിലേക്ക് വന്നാൽ കഥാഗതി പലപ്പോഴും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും എന്നത് ഒരു പോരായ്മ തന്നെയാണ്. എന്നാൽ പോലും രോമാഞ്ചം ഉണ്ടാക്കുന്ന സീനുകളിലൂടെ ലോകേഷ് അതിനെ മറികടക്കുന്നുണ്ട്.

കമൽ ഹാസന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ആദ്യമേ പറഞ്ഞത് പോലെ ഒരു പക്കാ ഫാൻ ബോയ് സമ്മാനം തന്നെയാണ് കമലിനായി ലോകേഷ് കരുതിവെച്ചിരുന്നത്. ആക്ഷൻ രംഗങ്ങളിലും ഡയലോഗ് ഡെലിവെറിയിലും വൈകാരിക നിമിഷങ്ങളിലും എല്ലാം തന്നെ കമലിന് തകർക്കാനുള്ള അവസരമുണ്ട്. പ്രായം അദ്ദേഹത്തെ തെല്ലൊന്ന് തളർത്തുന്നുണ്ട് എങ്കിലും അദ്ദേഹം ആ അവസരങ്ങളെ പ്രയോജനപ്പടുത്തുന്നുമുണ്ട്.


ഫഹദിലേക്ക് വന്നാൽ അമർ എന്ന കഥാപാത്രമായി നടൻ കസറിയിട്ടുണ്ട്. സിനിമയുടെ ആദ്യപകുതിയിലെ നായകൻ എന്ന് വേണമെങ്കിൽ കഥാപാത്രത്തെ വിശേഷിപ്പിക്കാം. അത്രയേറെ മികച്ച രീതിയിലാണ് കഥാപാത്രത്തെ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം പകുതിയിൽ റോൾ കുറവായിരുന്നു എങ്കിലും ഫഹദിന് തകർക്കാനുള്ളത് അവിടെയും ബാക്കിവെച്ചിരുന്നു.


കൂട്ടത്തിൽ കുറച്ച് സ്ക്രീൻ സ്പേസ് കുറവായിരുന്നു എങ്കിലും വിജയ് സേതുപതി, സന്താനം എന്ന നെഗറ്റീവ് കഥാപാത്രത്തെ തകർത്താടിയിട്ടുണ്ട്. ലോകേഷിന്റെ തന്നെ മുൻകാല ചിത്രം 'മാസ്റ്ററി'ലും വിജയ് സേതുപതി ഭവാനി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ 'വിക്രമി'ലേക്ക് വരുമ്പോൾ ഭവാനിയിൽ നിന്നും തികച്ചും വ്യത്യസ്തനാണ് സന്താനം. മാനറിസം കൊണ്ടും രസകരമായ ഡയലോഗുകൾ കൊണ്ടും അദ്ദേഹം തകർത്തു. എന്നാൽ ഭവാനി കഥാപാത്രത്തിന്റെ ആഴം സന്താനത്തിനില്ല.


മൂന്ന് താരങ്ങളെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ അവരുടെ കഥാപാത്രങ്ങൾക്ക് തുല്യത നൽകുക എന്നത് ശ്രമകരമായ കാര്യമാണ്. ലോകേഷ് അതിൽ വിജയിച്ചിട്ടുണ്ട്. ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം തുടങ്ങിയ മലയാളി താരങ്ങളും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എടുത്തുപറയേണ്ട കാര്യമെന്തെന്നാൽ ഇവർക്ക് സിനിമയിൽ കൊടുത്ത കഥാപാത്രങ്ങളെ കുറിച്ചാണ്. ഈ അടുത്ത കാലത്ത് അന്യഭാഷാ ചിത്രങ്ങളിലേക്ക് മലയാളി താരങ്ങൾ പോകുമ്പോൾ അവിടെ അവർക്ക് ഒന്നും തന്നെ ചെയ്യാനുള്ള അവസരം ലഭിക്കാറില്ല. എന്നാൽ അതിന് ഒരു മറുപടി ആണ് വിക്രമിലെ മലയാളി താരങ്ങളുടെ പ്രകടനം. സൂര്യയും സിനിമയിൽ ഒരു കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ അതൊരു സ്‌പോയ്‌ലർ ആകുമെന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.

ഒരു ആക്ഷൻ ത്രില്ലർ ആയതിനാൽ തന്നെ നിരവധി സംഘട്ടന രംഗങ്ങൾ സിനിമയിൽ ഉടനീളമുണ്ട്. 'കൈതി'യിൽ കണ്ടത് പോലെ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ 'തോക്കുകൾക്ക്' ഇവിടെ പ്രാധാന്യവുമുണ്ട്. മറ്റൊരു കാര്യം കൈതിയിൽ കണ്ടത് പോലെ ചെറിയ കഥാപാത്രങ്ങൾക്ക് തിയേറ്ററിൽ കയ്യടി നേടാനുള്ള മാസ് രംഗങ്ങളും വിക്രമിലുണ്ട്.

തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സ് എന്ന് പേരെടുത്തവരാണ് അൻപറിവ്. വിക്രമിലും തങ്ങളുടെ പേര് ഒന്നുകൂടെ ഊട്ടിയുറപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണ മികവും എടുത്തുപറയേണ്ടതാണ്. ആക്ഷൻ രംഗങ്ങളെ ചടുലമായി തന്നെ അദ്ദേഹം പകർത്തിയിട്ടുണ്ട്. റോബോട്ടിക്ക് ക്യാമറയിലൂടെ പകർത്തിയ സംഘട്ടന രംഗമൊക്കെ തിയേറ്ററിൽ വലിയ ആവേശം തന്നെയാണ് സൃഷ്ടിച്ചത്. അനിരുദ്ധ് പതിവ് തെറ്റിക്കാതെ സിനിമയെ ചടുലമാകുന്ന തരത്തിൽ തന്നെ സംഗീതം ഒരുക്കിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളെയും വൈകാരിക നിമിഷങ്ങളെയും അനിരുദ്ധിന്റെ മ്യൂസിക്ക് കൂടുതൽ മികവേറ്റുന്നു.


ആകെ മൊത്തം ലോകേഷ് കനകരാജ് എന്ന ഫാൻ ബോയിക്ക് കമൽ ഹാസൻ എന്ന താരത്തിന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം തന്നെയാണ് 'വിക്രം'. ഒരു കാര്യം കൂടി ലോകേഷ് കഴിഞ്ഞ ദിവസം 'വിക്രം' കാണും മുന്നേ 'കൈതി' കാണാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. ആ വാക്കുകൾ ഒന്നൂടെ ആവർത്തിക്കുന്നു. തുടർ ഭാഗത്തിലേക്കുള്ള സാധ്യതകൾ ബാക്കിവെച്ച് 'വിക്രം' അവസാനിപ്പിക്കുകയല്ല മറിച്ച് ഒരു 'ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സി'ന് തുടക്കം കുറിക്കുകയാണ്.

story highlights: vikram movie straring kamal haasan fahad faasil and vijay sethupathi review

Next Story