Top

ബീസ്റ്റ് റിവ്യു: വിജയ് ഫാന്‍സിന് ആക്ഷന്‍ ഫീസ്റ്റ്

വിജയ് എന്ന സൂപ്പർതാരത്തിന്റെ തോളിലാണ് സംവിധായകൻ സിനിമയെ ഏൽപ്പിച്ചത്.

13 April 2022 8:53 AM GMT
ജോയേല്‍ സ്റ്റാലിന്‍

ബീസ്റ്റ് റിവ്യു: വിജയ് ഫാന്‍സിന് ആക്ഷന്‍ ഫീസ്റ്റ്
X

'കോലമാവ്‌ കോകില', 'ഡോക്ടർ' എന്നീ സിനിമകൾ ഒരുക്കിയ സംവിധായകൻ നെൽസൺ ദിലീപ്കുമാർ വിജയ്‌ക്കൊപ്പം സിനിമ ചെയ്യുന്നു എന്നത് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. ആ പ്രതീക്ഷകളുടെ ഹൈപ്പുമായാണ് സിനിമ റിലീസ് ചെയ്തത്. ഒറ്റവാക്കിൽ സിനിമയെ ഒരു 'ബ്രെയ്ൻലെസ്സ് എന്റർടെയ്നർ' എന്ന് വിളിക്കാം. ആരാധകരെ ത്രസിപ്പിക്കുന്ന വിജയ് എന്ന താരത്തിന്റെ തനതായ ചില മാനറിസങ്ങളുണ്ട്. അത്തരം പ്രകടനങ്ങൾ സിനിമയിൽ ഉടനീളം കാണാം. അതിനാൽ തന്നെ വിജയ്‌യുടെ ഒരു 'വൺ മാൻ ഷോ' ആണ് സിനിമ.

ചെന്നൈ നഗരത്തിലെ ഒരു മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള സാധാരണ ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. ആ സമയം ആ മാളിൽ റോ ഏജന്റായ നായകനുമുണ്ട്. തുടർന്ന് തീവ്രവാദികളിൽ നിന്നും ബന്ദികളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

സ്ഥിരം കഥാസന്ദർഭങ്ങളിൽ നിന്നും പുതുമകൾ സിനിമയ്ക്ക് അവകാശപ്പെടാനില്ല. എന്നാൽ പോലും കഥ പറയുന്ന രീതിയിലൂടെ അവയെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. വിജയ് എന്ന താരത്തിന്റെ സ്റ്റൈലിഷായുള്ള പ്രകടനങ്ങളിലാണ് സംവിധായകൻ സിനിമയെ പൂർണ്ണമായി ഏൽപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് ജീവൻ നൽകുന്നതും അത് തന്നെ.

ഡയലോഗുകളെക്കാൾ കൂടുതൽ ആക്ഷന് പ്രാധന്യം നൽകുന്ന കഥാപാത്രമാണ് വിജയ്‌യുടെ വീര രാഘവൻ. സൗമ്യതയും അത്രത്തോളം തന്നെ ചടുലതയും പ്രകടമാക്കുന്നുണ്ട് വീര രാഘവൻ. അതിനാൽ തന്നെ ഒരു മാസ് ഹീറോയെ തന്നെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. ആദ്യരംഗങ്ങൾ മുതൽ ഭയമില്ലാതെ ഏതൊരു മിഷനിലും ഒറ്റയ്ക്ക് നേരിടുന്നയാളാണ് നായകൻ. എന്നാൽ അത്തരം ശക്തനായ നായകനെ എതിർത്ത് നിൽക്കാൻ കെൽപുള്ള എതിരാളികളുടെ പോരായ്മ സിനിമയിലുണ്ട്.

തന്റെ മുൻകാല സിനിമകൾ പോലെ തന്നെ വളരെ സീരിയസ് ആയി പോകുന്ന കഥയ്ക്കുള്ളിൽ രസകരങ്ങളായ നിമിഷങ്ങൾ നെൽസൺ ഒരുക്കുന്നുണ്ട്. വി ടി വി ഗണേഷും യോഗി ബാബുവും ഒന്നിക്കുന്ന തമാശകളിൽ ചിലത് വർക്ക്ഔട്ട് ആകുമ്പോൾ ചിലത് ഏശുന്നില്ല. പൂജ ഹെഗ്‌ഡെ നായികയായ സിനിമയിൽ അപർണ ദാസ്, ഷൈൻ ടോം ചാക്കോ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഒരു ആക്ഷൻ ത്രില്ലർ ആയതിനാൽ തന്നെ സിനിമ ആരംഭിക്കുന്നത് മുതൽ നിരവധി സംഘട്ടന രംഗങ്ങൾ സിനിമയിൽ ഉടനീളമുണ്ട്. വിജയ് എന്ന നടന്റെ മികവ് പ്രകടമാക്കാൻ സ്റ്റണ്ട് സീക്വൻസുകൾക്ക് സാധിച്ചു. പുതുമയാർന്ന രീതിയിൽ വളരെ ചടുലമായാണ് ആക്ഷൻ സീനുകൾ തയ്യാറാക്കിയിരിക്കുന്നത്.

പശ്ചാത്തല സംഗീതത്തിലേക്ക് വന്നാൽ അനിരുദ്ധ് ഒരുക്കിയ സംഗീതം സിനിമയെ പിടിച്ചുനിർത്താൻ സഹായിക്കുന്നുണ്ട്. സിനിമയിലെ ഗാനങ്ങൾ എല്ലാം റിലീസിന് മുന്നേ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിവയായിരുന്നു. 'അറബികുത്ത്' എന്ന ഗാനം തിയേറ്ററിലും ഓളം സൃഷ്ടിച്ചു. ഗാനത്തിനൊപ്പമുള്ള വിജയ്‌യുടെയും പൂജയുടെയും നൃത്തവും രസകരമായി തന്നെ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. മറ്റൊരു പ്രത്യേകത എന്തെന്നാൽ മറ്റ് വിജയ് സിനിമകൾ പോലെ ഇൻട്രോ ഗാനം സിനിമയിലില്ല.

ആകെ മൊത്തം വിജയ് എന്ന താരത്തിന്റെ ആക്ഷൻ രംഗങ്ങളും ഡാൻസും പ്രതീക്ഷിക്കുന്ന ആരാധകർക്ക് ഒരു തവണ കണ്ടു മറക്കാൻ സാധിക്കുന്ന ചിത്രമാണ് ബീസ്റ്റ്. വിജയ് എന്ന സൂപ്പർതാരത്തിന്റെ തോളിലാണ് സംവിധായകൻ സിനിമയെ ഏൽപ്പിച്ചത്. ആ സമയം കുറച്ചുകൂടെ തിരക്കഥയിൽ ശ്രദ്ധിക്കാമായിരുന്നു. നാളെ കെജിഎഫ് രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോൾ റോക്കി ഭായിയോട് ഏറ്റുമുട്ടി നിൽക്കാൻ ബീസ്റ്റിന് കഴിയുമോ എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

story highlights: vijay movie beast review

Next Story