Top

കലിപ്പന്മാരുടെ നാട്ടിലെ വരയൻപുലി; 'വരയൻ' റിവ്യു

കലിപ്പക്കര എന്ന നാടും നാട്ടുകാരും എബിച്ചനുമൊക്കെ വളരെ പെട്ടെന്ന് നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കും.

20 May 2022 4:59 PM GMT
വി.എസ് ഹൈദരലി

കലിപ്പന്മാരുടെ നാട്ടിലെ വരയൻപുലി; വരയൻ റിവ്യു
X

'വരയൻ' എന്ന പേര് കേട്ടപ്പോൾ എന്താണ് അർത്ഥമാക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ടീസറും ട്രെയ്‌ലറും കണ്ടപ്പോഴും കാര്യം പിടികിട്ടിയില്ല. പിന്നെ സിനിമ കണ്ട് തുടങ്ങിയപ്പോൾ തന്നെ സംഭവം മനസ്സിലായി, 'വരയൻ' ഒരു വരയൻപുലിയാണ്. 'ഫാദർ എബി കപ്പൂച്ചിൻ' എന്ന വരയൻപുലി. സിജു വിൽസനെ നായകനാക്കി ജിജോ ജോസ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് വരയൻ. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നൊരു മനോഹര ചിത്രം. 'കലിപ്പക്കര' എന്ന നാടും അവിടുത്തെ നാട്ടുകാരും പൊലീസും പൊലീസ് സ്റ്റേഷനും എബിച്ചനും കേപ്പയും ഡെയ്സിയും മിന്നുവും അടങ്ങുന്നതാണ് ചിത്രം. പുരോഹിതനായ ഫാദർ ഡാനി കപ്പൂച്ചിനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമ കണ്ടവരാരും മോശം പറയില്ല. കലിപ്പക്കര എന്ന നാടും നാട്ടുകാരും എബിച്ചനുമൊക്കെ വളരെ പെട്ടെന്ന് നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കും.

'കലിപ്പക്കര'യെ കുറിച്ച് ഒറ്റവാക്കിൽ പറയുവാണെങ്കിൽ കലിപ്പക്കര കലിപ്പന്മാരുടെ നാടാണ്. അവിടെയുള്ള പള്ളിയിലേക്ക് പുതിയതായി വരുന്ന പുരോഹിതനാണ് നായകൻ. ഫാദർ എബി കപ്പൂച്ചിൻ എന്ന എബിച്ചൻ. പിന്നെ ഡേയ്സിയാണ് നായിക. കലിപ്പിന്റെ കാര്യത്തിൽ ഡേയ്സിയും ഒട്ടും പിന്നോട്ടല്ല. ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളാണ് ഡെയ്സി. എബിച്ചനെ ഡെയ്‌സിക്ക് ഒരു നോട്ടവുമുണ്ട്. കലിപ്പക്കര കലിപ്പന്മാരുടെ നാടായതിനാൽ തന്നെ കലിപ്പക്കാർക്ക് അവരുടേതായ സ്വഭാവവും രീതികളൊക്കെയുണ്ട്. അവിടെ കാലു കുത്തുന്നവരുടെ തല വെട്ടുന്നതാണ് അവരുടെ രീതി. അങ്ങോട്ടാണ് എബിച്ചന്റെ വരവ്. പിന്നീടുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

സിനിമയിൽ മൊത്തം നാല് പാട്ടുകളും രണ്ട് ആക്ഷൻ രം​ഗങ്ങളുമുണ്ട്. ചിത്രത്തിന്റെ പ്രമേയവും വ്യത്യസ്ഥമാണ്. ഫാമിലി എന്റർടെയ്ൻമെന്റ് കൊമേഴ്ഷ്യൽ സിനിമയാണ്. പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ചേരുവകളെല്ലാം ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സത്യം ഓഡിയോസിന്റെ സിനിമ നിർമ്മാണ കമ്പനിയായ സത്യം സിനിമാസിന്റെ ബാനറിൽ എ ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. സിജു വിൽസൺ ആദ്യമായി പുരോഹിതന്റെ വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആക്ഷൻ രം​ഗങ്ങളോടൊപ്പം തന്റെ കഥാപാത്രത്തെ പൂർണ്ണതയോടെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

story highlights: varayan movie starring siju wilson review

Next Story