അഡ്വ എബിനും അഡ്വ മാധവിയും പൊരിഞ്ഞ പോരാട്ടം; 'വാശി' റിവ്യു
17 Jun 2022 11:03 AM GMT
വി.എസ് ഹൈദരലി

വ്യക്തിജീവിതത്തിലായാലും പ്രൊഫഷണൽ കാര്യത്തിലായാലും തന്റെതായ പിടിവാശികളുള്ളവരായിരിക്കും മിക്കവരും. ജയിക്കണമെന്ന് നിർബന്ധമുള്ളതിനാലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതിനാലും. പക്ഷെ ചില സാഹചര്യങ്ങളിൽ താഴ്ന്ന് കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും അന്നേരം അതിന് സാധിച്ചെന്ന് വരില്ല. അത്തരമൊരു സാഹചര്യത്തിലാണ് അഡ്വ. എബിനും അഡ്വ. മാധവിയും പെട്ട് നിൽക്കുന്നത്. അപ്രതീക്ഷിതമായി വന്നെത്തിയ കേസ് വാദിക്കാതിരിക്കുകയെന്നത് അവർക്ക് രണ്ടുപേർക്കും സാധ്യമല്ല. വാദിക്കുകയെന്നത് അതിനേക്കാൾ കഷ്ടവും. വാശി ആരംഭിക്കുന്നത് അവിടെ നിന്നാണ്.
ആദ്യപകുതി പിന്നിടുമ്പോൾ ആരായിരിക്കും ജയിക്കുക എന്നറിയാൻ ആകാംക്ഷ തോന്നും. പക്ഷെ ഒരു സൂപനപോലും കിട്ടില്ല. രണ്ടാം പകുതി കഴിഞ്ഞ് ക്ലൈമാക്സിലേക്കടുക്കുമ്പോൾ പെട്ടെന്നൊരു തീരുമാനം വന്നിരുന്നെങ്കിലെന്ന് തോന്നും. അപ്പോഴും ജയിക്കാൻ പോവുന്നത് ആരാണെന്ന് ഊഹിക്കാനാവില്ല. ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന് അതാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, പ്രതീക്ഷ ഒരു ശതമാനം പോലും നൽകാതെ, പ്രെഡിക്റ്റ് ചെയ്യാൻ അനുവദിക്കാതെ, പ്രേക്ഷകർക്ക് പൂർണ്ണമായും ചിത്രം ആസ്വദിക്കാനാവും. ശരിയും തെറ്റുമൊക്കെ ഡിപ്പെൻസാണ് എന്നതിനാൽ പ്രതിയുടെ ഭാഗത്താണോ അതോ ഇനി വാദിയുടെ ഭാഗത്താണോ നിൽക്കേണ്ടതെന്ന് പ്രേക്ഷകർക്കും സംശയം തോന്നും. അക്കാരണത്താൽ തന്നെ വിധി പ്രഖ്യാപനത്തിനായി അഡ്വ. എബിനേക്കാളും അഡ്വ. മാധവിയേക്കാളും ആകാംക്ഷ പ്രേക്ഷകർക്കായിരിക്കും.
ഒരു വ്യക്തി നിർബന്ധമായും പരിഗണിക്കേണ്ട ഘടകങ്ങളിലൊന്നാണ് കമ്മ്യൂണിക്കേഷൻ. പറയുക എന്നതുപോലെ പ്രധാനപ്പെട്ടതാണ് കേൾക്കുക എന്നതും. മിക്കവരും പറയാൻ ഇഷ്ടപ്പെടുന്നവരാണ്, കേൾക്കാൻ മനസ് കാണിക്കാറില്ല. മറ്റു ചിലരോ, പറയുന്നതിനപ്പുറം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പറയുകയും കേൾക്കുകയും ചെയ്യുന്നിടത്താണ് ശരിയായ ആശയവിനിമയം നടക്കുന്നത്. ഒരു റിലേഷൻഷിപ്പിൽ പ്രോപ്പർ കമ്മ്യൂണിക്കേഷൻ ഇല്ലാതിരുന്നാൽ അത് പലതരം പ്രശ്നങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വഴിവെച്ചേക്കും. അനുഷയും ഗൗതമും ഒരു 5 മിനിറ്റെങ്കിലും സമാധാനത്തോടെ ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്നെങ്കില് എബിനും മാധവിക്കും അവർക്കിടയിലേക്ക് കടന്നുവരേണ്ടി വരുമായിരുന്നില്ല.
കോടതി മുറിക്കുള്ളിലെ അഡ്വ. എബിന്റെയും അഡ്വ. മാധവിയുടെയും ഇഞ്ചോടിഞ്ച് പോരാട്ടം പോലെ അഭിനയത്തിന്റെ കാര്യത്തിലും മികച്ച പ്രകടനമാണ് ടൊവിനോയും കീർത്തി സുരേഷും കാഴ്ചവെച്ചത്. തങ്ങളുടെ കഥാപാത്രങ്ങൾ പൂർണ്ണതയോടെ മനോഹരമായി അവർ അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങളും സാഹചര്യത്തിനനുയോജ്യമായിരുന്നു. സംഘർഷഭരിതമായ നിമിഷങ്ങളിൽ പ്രേക്ഷകരെ പിരിമുറുക്കത്തിലാക്കാൻ പശ്ചാത്തല സംഗീതത്തോടൊപ്പം ഗാനങ്ങൾക്കും സാധിച്ചിട്ടുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്. സിതാര കൃഷ്ണകുമാർ, അഭിജിത്ത് അനിൽകുമാർ, ഗ്രീഷ്മ തറവത്ത്, കേശവ് വിനോദ്, ശ്രുതി ശിവദാസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ നായികാനായകന്മാരാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'വാശി'. ജാനിസ് ചാക്കോ സൈമൺന്റെ കഥക്ക് സംവിധായകൻ വിഷ്ണുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമാതാക്കൾ. അച്ഛൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യമായാണ് കീർത്തി അഭിനയിക്കുന്നത്. കീർത്തിയും ടൊവിനോയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.