Top

പൊട്ടിച്ചിരിയുടെ പുത്തന്‍ രസക്കൂട്ടുമായി 'ഗുണ്ട ജയന്‍'

25 Feb 2022 2:57 PM GMT
വി.എസ് ഹൈദരലി

പൊട്ടിച്ചിരിയുടെ പുത്തന്‍ രസക്കൂട്ടുമായി ഗുണ്ട ജയന്‍
X

ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിയ നടന്‍ ആണ് സൈജു കുറുപ്പ്. നായകനായും വില്ലനായും ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചു കയ്യടി നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ നൂറാം ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഉപചാരപൂര്‍വം ഗുണ്ട ജയന്‍. രാജേഷ് വര്‍മ്മ തിരക്കഥ ഒരുക്കി പ്രശസ്ത സംവിധായകനായ അരുണ്‍ വൈഗ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മലയാളികളുടെ ഇഷ്ട താരങ്ങളായ ശബരീഷ് വര്‍മ്മ, സിജു വില്‍സണ്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ഇടയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടാക്കാന്‍ ഇതിലെ ഗാനങ്ങള്‍ക്കും രസകരമായ ട്രെയിലറിനും സാധിച്ചിരുന്നു.

ആദ്യവസാനം ചേര്‍ത്തല ഭാഗത്തുള്ള ഒരു വീട്ടില്‍ നടക്കുന്ന കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പണ്ടത്തെ ഗുണ്ട ആയ ജയന്‍ ഇപ്പോള്‍ ഭാര്യയും മക്കളുമായി ഒതുങ്ങി ജീവിക്കുകയാണ്. പലചരക്കു കട നടത്തി ഉപജീവനം കഴിക്കുന്ന അയാള്‍ ആണ് അയാളുടെ പെങ്ങന്മാരുടെ മുതല്‍ അവരുടെ മക്കളുടെ വരെ കാര്യങ്ങള്‍ നോക്കി അവരെ ഒരു കരക്ക് അടുപ്പിച്ചത്. അതുകൊണ്ട് തന്നെ അനന്തരവളുടെ കല്യാണ ചുമതല മുഴുവന്‍ ജയന് ആണ്. എന്നാല്‍ എ ആക്റ്റിക്ക് മറ്റൊരാളെ ഇഷ്ടമായത് കൊണ്ട് തന്നെ കല്യാണത്തിന് മനസ്സില്ല. പക്ഷെ ഈ കല്യാണം ഏതു വിധേനയും നന്നായി നടത്തണം എന്ന വാശിയില്‍ ആണ് ജയന്‍. അതിനെ തുടര്‍ന്ന് ആ കല്യാണ വീട്ടില്‍, കല്യാണത്തിന് തലേ ദിവസവും അതുപോലെ കല്യാണ ദിവസവും സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചിരിക്കുന്നത്.

വളരെയധികം രസകരമായ ഒരു ചിത്രം ഒരുക്കിക്കൊണ്ടാണ് സംവിധായകന്‍ അരുണ്‍ വൈഗ ഇത്തവണ നമ്മുക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന ഈ ചിത്രം വളരെ ലളിതമായ ഒരു കഥയാണ് പറയുന്നത് എങ്കിലും അതിലെ കഥാ സന്ദര്‍ഭങ്ങളില്‍ രസകരമായ ഏറെ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളിക്കാന്‍ രചയിതാവ് രാജേഷ് വര്‍മ്മക്കു സാധിച്ചിട്ടുണ്ട് . രാജേഷ് വര്‍മ്മ എന്ന തിരക്കഥാകൃത്തു വളരെ രസകരമായി ഒരുക്കിയ ഈ തിരക്കഥയില്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആ തിരക്കഥക്കു മികച്ച ഒരു ദൃശ്യ ഭാഷ അരുണ്‍ വൈഗയ്ക്ക് ഒരുക്കാന്‍ കൂടി കഴിഞ്ഞപ്പോള്‍ ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകന് വളരെ രസകരമായും അത് പോലെ കുറച്ചു ത്രില്ലോടു കൂടിയും കാണാന്‍ കഴിയുന്ന ഒരു കമ്പ്‌ലീറ്റ് എന്റര്‍ടൈനറായി മാറി. രസകരവും വ്യക്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളും വിശ്വസനീയമായ കഥ സന്ദര്‍ഭങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രധാന പ്രേത്യേകതകളില്‍ ഒന്ന്. രാജേഷ് വര്‍മ്മ എഴുതിയ സംഭാഷണങ്ങളും പ്രേക്ഷകനെ രസിപ്പിക്കുന്നതായിരുന്നു എന്ന് പറയാം . വളരെ കയ്യടക്കത്തോട് കൂടിയാണ് അരുണ്‍ വൈഗ എന്ന സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരിക്കലും രസ ചരട് മുറിഞ്ഞു പോകാതെ കഥ പറയാന്‍ അദ്ദേഹത്തിനായി എന്നതിനൊപ്പം പ്രേക്ഷകരെ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിപ്പിക്കാന്‍ കഴിഞ്ഞു എന്നതും ചിത്രത്തെ സഹായിച്ചു. പൊട്ടിച്ചിരിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും ചില കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മാട്ടിന്‍പുറത്തെ ഒരു കല്യാണ വീട്ടില്‍ നമ്മുക്ക് കാണാന്‍ കിട്ടുന്ന എല്ലാത്തരം രസകരമായ കഥാപാത്രങ്ങളുടേയും ഒരു സമ്മേളനമാണ് ഈ ചിത്രം.

ഗംഭീര പ്രകടനം നല്‍കിയ സൈജു കുറുപ്പാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നില്‍ക്കുന്നത്. ഗുണ്ട ജയന്‍ എന്ന കഥാപാത്രത്തിന്റെ ദേഷ്യവും ചില സമയത്തെ നിസ്സഹായതയും ടെന്‍ഷനും ഒക്കെ വളരെ രസകരമായാണ് സൈജു കുറുപ്പ് അവതരിപ്പിച്ചത്. നോട്ടത്തിലും ഭാവത്തിലും ശരീര ഭാഷയിലും ഒരാള്‍ കഥാപാത്രമായി മാറി സ്‌ക്രീനില്‍ ജീവിക്കുന്നത് തന്നെയാണ് പ്രേക്ഷകരെ ഏറ്റവും രസിപ്പിക്കുന്ന കാഴ്ച. അത് നല്കാന്‍ സൈജു കുറുപ്പിന് സാധിച്ചു. ഈ നടന്റെ റേഞ്ച് നമ്മുക്ക് ഒരിക്കല്‍ കൂടി വെളിവാക്കി തരുന്നുണ്ട് ഗുണ്ട ജയന്‍ എന്ന കഥാപാത്രം. മാത്രമല്ല ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുമായി പരസ്പരം കൊണ്ടും കൊടുത്തുമുള്ള സൈജുവിന്റെ പെര്‍ഫോമന്‍സ് അതീവ രസകരമായിരുന്നു. ശബരീഷ് വര്‍മ്മ, സിജു വില്‍സണ്‍ എന്നിവരും രസകരമായ പ്രകടനമാണ് നല്‍കിയത്. വളരെയധികം രസകരമായിരുന്നു ഈ നടന്മാരുടെ ഭാവപ്രകടനങ്ങളും സംഭാഷണ ശൈലിയും. ജോണി ആന്റണി, സാബുമോന്‍, ഹാരിഷ് കണാരന്‍, സുധീര്‍ കരമന, ബിജു സോപാനം എന്നിവര്‍ ഒരിക്കല്‍ കൂടി മികച്ച പ്രകടനം നല്‍കിയപ്പോള്‍ അതിഥിവേഷത്തില്‍ എത്തിയ ജാഫര്‍ ഇടുക്കിയും തന്റെ ഭാഗം ഭംഗിയാക്കി. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, ജൂഡ് ആന്റണി, മഹേഷ് എന്നിവരും ചിത്രത്തെ കൂടുതല്‍ രസകരമാക്കി.

ബിജിപാല്‍, ശബരീഷ് വര്‍മ്മ, രാജേഷ് വര്‍മ്മ, ജയദാസന്‍ എന്നിവര്‍ ഒരുക്കിയ ഗാനങ്ങള്‍ മികച്ചു നിന്നപ്പോള്‍, പശ്ചാത്തല സംഗീതവും ചിത്രത്തിന് മുതല്കൂട്ടായിട്ടുണ്ട്. ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയ എല്‍ദോ ഐസക് തന്റെ മികച്ച പ്രകടനം തന്നെ നല്‍കിയപ്പോള്‍ ചിത്രത്തിന്റെ കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു അന്തരീക്ഷമൊരുക്കാന്‍ ആ ദൃശ്യങ്ങള്‍ക്ക് കഴിഞ്ഞു .എഡിറ്ററുടെ മികവ് ആണ് ഈ ചിത്രത്തെ മികച്ച ഒഴുക്കോടെ മുന്നോട്ടു കൊണ്ട് പോകാന്‍ സഹായിച്ചത് എന്നും എടുത്തു പറയേണ്ട വസ്തുതയാണ്. കിരണ്‍ ദാസ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു കമ്പ്‌ലീറ്റ് എന്റെര്‍റ്റൈനെര്‍ ആണ്. ചിരിയും കുറച്ചു ട്വിസ്റ്റുകളും കോര്‍ത്തിണക്കി ഒരുക്കിയ ഒരു മികച്ച സിനിമാനുഭവമാണ് അരുണ്‍ വൈഗ എന്ന സംവിധായകനും രാജേഷ് വര്‍മ്മ എന്ന രചയിതാവും കൂടി ചേര്‍ന്ന് നമ്മുക്കായി സമ്മാനിച്ചിരിക്കുന്നതു. സൈജു കുറുപ്പ് ഉള്‍പ്പെടെയുള്ളവരുടെ ഗംഭീര പ്രകടനം കൂടിയായപ്പോള്‍ ഒരു കൊച്ചു ചിത്രം കൂടി വലിയ പൊട്ടിച്ചിരികള്‍ സമ്മാനിക്കുന്ന കാഴ്ച നമ്മുക്ക് കാണാന്‍ സാധിക്കുന്നു.

Story Highlights; Upacharapoorvam Gunda Jayan movie review

Next Story

Popular Stories