നമ്മുടെ സിസ്റ്റത്തോട് പൊരുതുന്ന സാധാരണക്കാരന്റെ ജീവിതമാണ് 'തേര്'; റിവ്യൂ
സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ചൊരു ത്രില്ലര്‍ അനുഭവമാണ് 'തേര്'.
6 Jan 2023 4:17 PM GMT
അജയ് ബെന്നി

സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അസാധാരണമായ ചില കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അവന്‍ ആ സിസ്റ്റത്തോട് എങ്ങനെ പ്രതികരിക്കും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ചൊരു ത്രില്ലര്‍ അനുഭവമാണ് 'തേര്'.
പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. വളരെ പ്ലസന്റായി തുടങ്ങുകയും അധികം വൈകും മുമ്പുതന്നെ നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തുകയും ചെയ്യുന്ന കഥാഗതി ആദ്യ അരമണിക്കൂര്‍ കഴിയുന്നതോടെ ചിത്രം ത്രില്ലർ ഗണത്തിലേക്ക് പോകുന്നു. ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്കയോടെ പ്രേക്ഷകനെയും ഒപ്പം കൂട്ടുന്ന കഥപറച്ചില്‍.
'ജിബൂട്ടി' എന്ന ചിത്രത്തിന് ശേഷം എസ് ജെ സിനു സംവിധാനം ചെയ്ത ചിത്രമാണ് തേര്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളുടെ മനോഹരമായ ചിത്രീകരണമാണ് തേരിന്റെ ആദ്യഘട്ടത്തിലെ ആകര്‍ഷണഘടകമെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ പ്രേമികള്‍ക്ക് ആഘോഷിക്കാനുള്ള വകയാണ് തുടര്‍ന്നൊരുക്കിയിരിക്കുന്നത്.
ചിത്രം കാണുമ്പോള്‍, ഈ കഥ പ്രേക്ഷകരോട് ഏറ്റവും അടുത്തുനില്‍ക്കുന്നതായി തോന്നും. സമകാലികമായ ചില സംഭവങ്ങളില്‍ നിന്നാണ് തേരിന്റെ പ്രമേയം. കൊവിഡ് കാലത്ത് പൊലീസ് പ്രായമായവരെ ഏത്തം ഇടിപ്പിച്ച വീഡിയോ വൈറലായിരുന്നു അതെല്ലാം ചേർത്താണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഷാജോണിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി ഈ സിനിമ പരിഗണിക്കപ്പെട്ടേക്കാം. ഒരേസമയം വില്ലനും അതേസമയം തന്നെ മാനുഷികതയുടെ ഭാവങ്ങള്‍ പ്രകടിക്കുകയും ചെയ്യേണ്ടിവരുന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ചെയ്തിരിക്കുന്നത്. എടുത്തുപറയേണ്ട മറ്റൊരു പ്രകടനം ബാബുരാജിന്റേതാണ്. അദ്യ പകുതി വരെ ഉള്ളുവെങ്കിലും ഞെട്ടിച്ചു. ഒരു നെഗറ്റീവ് കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന പതിവ് വിരോധത്തെ മാറ്റിത്തീര്‍ത്ത് ആ കഥാപാത്രത്തോട് അനുകമ്പ തോന്നിപ്പിക്കും വിധം മറ്റൊരു തലത്തിലേക്ക് ബാബുരാജിന്റെ കഥാപാത്രം വളര്‍ന്നിട്ടുണ്ട്. വിജയരാഘവനും തന്റെ കഥാപാത്രത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാത്സല്യം തോന്നുന്ന ഒരു അച്ഛൻ കഥാപാത്രമായി പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.
'വാരിക്കുഴിയിലെ കൊലപാതകം', 'യുവം', 'ജിബൂട്ടി' എന്നീ സിനിമകള്‍ക്ക് ശേഷം അമിത് ചക്കാലക്കല്‍ നായകനാകുന്ന സിനിമയാണ് തേര്. ഒരു നടന്‍ എന്ന നിലയില്‍ അമിത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്. കോമഡിയിലും വൈകാരിക രംഗങ്ങളിലും ആക്ഷന്‍ സീക്വന്‍സുകളിലും ഒരുപോലെ തിളങ്ങാന്‍ അമിത്തിന് കഴിഞ്ഞിട്ടുണ്ട്. ത്രില്ലര്‍ ഴോണറില്‍ ഒരുചിയിരിക്കുന്ന ഈ ചിത്രത്തിന് കുടുംബസമേതം ടിക്കറ്റെടുക്കാനുള്ള എല്ലാ വകയും ഈ ചിത്രത്തിലുണ്ട്.
story highlights: theru movie starring amith chakkalakal review