Top

തല്ലുമാല റിവ്യൂ: ആകെ മൊത്തം എന്റര്‍ടെയ്ന്‍മെന്റ് കളര്‍ മോഡ്

ആഘോഷക്കാഴ്ചകളുടെ പൂരപ്പറമ്പ് അതാണ് തല്ലുമാല

12 Aug 2022 1:09 PM GMT
ശൈലന്‍

തല്ലുമാല റിവ്യൂ: ആകെ മൊത്തം എന്റര്‍ടെയ്ന്‍മെന്റ് കളര്‍ മോഡ്
X

പേരിനോട് നൂറ് ശതമാനം നീതി പുലർത്തുന്നു ടൊവിനോ നായകനായി എത്തിയ ഖാലിദ് റഹ്മാന്റെ 'തല്ലുമാല'. അടി എന്നുപറഞ്ഞാൽ ഹെജ്‌ജാതി തീ പാറുന്ന അടി. എണ്ണിനോക്കിയാൽ എട്ടോ പത്തോ തന്നെ കാണും. അടിക്കിടയാക്കിയ സാഹചര്യങ്ങൾ അടിക്ക് ശേഷം വരും. അതിനിടയിൽ പിന്നെയും അടി വരും. പാട്ടുകളും അത്രത്തോളമോ അതിലധികമോ. അങ്ങനെ ആകെ മൊത്തം എന്റർടെയ്ൻമെന്റ് കളർ മോഡിലാണ് സിനിമ.


തിയേറ്റർ ആമ്പിയൻസിന് പാകത്തിൽ റിച്ച് ആയ മേക്കിങ് ആണ് സിനിമയുടെ ഹൈലൈറ്റ്. പ്രീ റിലീസ് പ്രൊമോഷൻ പരിപാടിക്കായി പിന്നണിപ്രവർത്തകർ എത്തുമെന്ന് കേട്ട് കോഴിക്കോട് ഹൈലൈറ്റ് മാളിലും പരിസരത്തും തടിച്ചുകൂടിയ ആൾക്കൂട്ടം കാരണം പരിപാടി തന്നെ ക്യാൻസൽ ചെയ്യേണ്ട അവസ്ഥ കഴിഞ്ഞ ആഴ്ച തല്ലുമാല ടീമിന് ഉണ്ടായി എന്ന വാർത്ത കണ്ടിരുന്നു. നിയന്ത്രണാതീതമായി തള്ളിക്കയറുന്ന കാണികൾ ഗ്യാലറി നിറഞ്ഞ് മൈതാനവും നിറഞ്ഞ് കവിഞ്ഞ് മത്സരം മുടങ്ങുന്ന അവസ്ഥ മലപ്പുറത്തെ സെവൻസ് ടൂർണമെന്റുകളിൽ സ്ഥിരം ഉണ്ടാവാറുണ്ട്. അതിന് സമാനമായ ഈ സംഭവം സിനിമ റിലീസിന് മുൻപ് സൃഷ്ടിച്ച ഹൈപ്പ് എത്രത്തോളമെന്ന് കാണിക്കുന്നതാണ്.

ആ തള്ളിക്കയറൽ ടൈപ്പ് ജനക്കൂട്ടത്തിന് ചേർന്ന സിനിമ എന്നത് തന്നെയാണ് തല്ലുമാലയ്ക്ക് ഏറ്റവും കറക്റ്റ് ആയ വിശേഷണവും നിർവചനവും. വസീം എന്ന ടൊവിനോ തന്നെയാണ് സിനിമയിലെ നായകൻ. വ്ലോഗർ ബീപാത്തു എന്ന കല്യാണി നായികയും. പക്ഷെ, വസീമിന്റെയും ബീപാത്തുവിന്റെയും പ്രണയത്തിന്റെ കഥ എന്നൊന്നും സിനിമയെ വിശേഷിപ്പിക്കാൻ പറ്റില്ല. വസീമിന്റെയും കൂട്ടുകാരുടെയും കാര്യത്തിനും അല്ലാതെയുമുള്ള അടികളുടെയും അതിനിടയാക്കിയ സഹചര്യങ്ങളുടെയും ഡീറ്റൈലിങ്ങ് എന്നാണ് പറയേണ്ടത്.

അതിനപ്പുറം കഥയൊന്നും മുങ്ങിത്തപ്പിയാലും കിട്ടില്ല. പക്ഷെ അതിൽ നിന്നും ഉണ്ടാക്കിയെടുത്ത സ്ക്രിപ്റ്റിന്റെ നോൺലീനിയർ മികവ് അസാധ്യം. മേക്കിങിന്റെ കാര്യവും അങ്ങനെ തന്നെ. അടിയുടെയും സംഭവങ്ങളുടെയും ലിങ്കുകൾ മുഴുവനായും കണക്റ്റായി വരാൻ ഏറക്കുറെ സിനിമ തീരുന്നവരെ കാത്തിരിക്കേണ്ടി വരും. മുഹ്‌സിൻ പരാരിയും അഷ്റഫ് ഹംസയും ആണ് രചയിതാക്കൾ. സൗഹൃദത്തിന്റെ വൈബും സംഭാഷണങ്ങളുടെ ഫ്രഷ്നസും പ്ലസ് പോയിൻറ്‌സ്. ലെങ്ത് കുറച്ച് ക്രോപ്പ് ചെയ്താൽ ഇടയ്ക്ക് വന്ന വലിച്ചിൽ ഒഴിവാക്കാമായിരുന്നു..


ഫ്ലാഷ്ബാക്കും വർത്തമാനകാലവും പിന്നെയും ഫ്‌ളാഷ്ബാക്കും അതിനുള്ളിൽ ഫ്‌ളാഷ്ബാക്കും ഒക്കെയായി കട്ടോട് കട്ട് ആണ്. എഡിറ്ററെ ഒക്കെ സമ്മതിച്ചു കൊടുക്കണം. നിഷാദ് യൂസുഫ് ആണ് ആ കഠിനാദ്ധ്വാനം ചെയ്തിരിക്കുന്നത്. കളർഫുൾ അല്ലാത്ത ഒറ്റ ഫ്രെയിം പോലും സിനിമയിൽ ഇല്ല. പാട്ടു സീനുകളുടെ വിഷ്വൽ റിച്ച്നെസ് ആണ് മൊത്തം. ഇൻസ്റ്റാ റീലുകളുടെ ഫിൽറ്റർ സ്വഭാവം എന്നും പറയാം. സംഗീത പരിചരണത്തിന്റെയും പാട്ടുകളുടെയും കാര്യവും അങ്ങനെ തന്നെ. സിനിമ ലക്ഷ്യം വെക്കുന്ന ഓഡിയൻസിന് തീർത്തും സ്യൂട്ടായ സമീപനം. (സിനിമാട്ടോഗ്രാഫർ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്).

ടൊവിനോയെ സംബന്ധിച്ച് മിന്നൽ മുരളിക്ക് ഒരു തുടർച്ച ആണ് തല്ലുമാല. സൂപ്പർഹീറോ സ്വഭാവമാണെങ്കിലും മണ്ണിൽ ചവിട്ടി നിൽക്കുന്ന ക്യാരക്റ്റർ ആയിരുന്നു മുരളി എങ്കിൽ മണവാളൻ വസീമിന് അങ്ങനെയുള്ള ബാധ്യതകൾ ഒന്നുമില്ല. ആട്ടത്തിലും പാട്ടിലും അടിയിലും കലിപ്പിലുമൊക്കെ ചുള്ളൻ ഒരേ പൊളി. ബീപാത്തുവും കല്യാണിയും ഒപ്പമെത്തുന്നില്ല. സ്‌ക്രീൻ സ്‌പെയ്‌സും കുറവാണ്. പക്ഷെ കല്യാണി അല്ലാതെ ഇതിന് മറ്റാര് എന്നത് ചോദ്യമാണ്.


പെർഫോമൻസിൽ ഇവരെ രണ്ടുപേരെയും വെല്ലുന്ന തിളക്കം ലുക്ക്മാൻ അവറാന്‍റെ ജംഷിക്കും ഷൈൻ ടോം ചാക്കോയുടെ റെജിയ്ക്കും ഉണ്ട്. ബിനു പപ്പുവിനെയും ഗോകുലനെയും പറയാതെ വിടാൻ പറ്റില്ല.

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിങ്ങനെയുള്ള സിനിമകൾ ചെയ്ത സംവിധായകൻ ഖാലിദ് റഹ്മാന്റെ സിനിമ. കെ എൽ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ , വൈറസ് പോലുള്ള സിനിമകൾ എഴുതിയ മുഹ്‌സിൻ പരാരിയും തമാശ എഴുതി സംവിധാനം ചെയ്ത അഷ്റഫ് ഹംസയും ചേർന്നെഴുതിയ തിരക്കഥ. ഇങ്ങനെയുള്ള പ്രതീക്ഷകൾ വച്ച് അവരുടെ മുൻ സിനിമകളിലെ റിയലിസ്റ്റിക് സ്വഭാവം പ്രതീക്ഷിച്ച് തല്ലുമാലയ്ക്ക് കേറുന്നവർ പൂർണമായും നിരാശപ്പെടേണ്ടി വരും. ഇവിടെ ഇല്ലാത്തത് അതു മാത്രമാണ്.


തിയേറ്ററിൽ തൊട്ടു ബാക്കിലെ സീറ്റിൽ ഇരുന്ന പയ്യൻസ് ഇടയ്ക്ക് "ലവ് ആക്ഷൻ ഡ്രാമ" പോലുണ്ടല്ലേ എന്ന് ഒപ്പമുള്ളവനോട് നൊസ്റ്റാൾജിയപ്പെടുന്നത് കേട്ടു. ഇറങ്ങുമ്പോൾ ഞാൻ മനസ്സിൽ അത് തിരുത്തി "ലവ് ആക്ഷൻ ഡ്രാമ"യിൽ അജഗജാന്തരം ബ്ലെൻഡ് ചെയ്ത പോലെ ഉണ്ട്. പോലെ അല്ല അങ്ങനെ തന്നെ ആണ്. പേര് കൊണ്ട് ഒട്ടും കബളിപ്പിക്കുന്നില്ല. ആണഹന്തകളുടെ അടി. ആഘോഷക്കാഴ്ചകളുടെ പൂരപ്പറമ്പ്. അതാണ് തല്ലുമാല.

Story Highlights; Thallumaala is an entertainment movie, review by shylan

Next Story