Top

'നിഷേധിക്കപ്പെടുന്ന നീതി അവര്‍ നേരിട്ട അനീതിയേക്കാള്‍ ഭീകരമായിരിക്കും..'

അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചുവന്ന കൊടിയേന്തിയ നായകന്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒപ്പം നടക്കുന്ന, അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ചുവന്ന ഷാള്‍ ധരിച്ചവര്‍.

2 Nov 2021 6:13 AM GMT
എന്‍ പി അനൂപ്

നിഷേധിക്കപ്പെടുന്ന നീതി അവര്‍ നേരിട്ട അനീതിയേക്കാള്‍ ഭീകരമായിരിക്കും..
X

തമിഴ്സിനിമ മറയില്ലാതെ വിളിച്ച് പറയുന്ന പച്ചയായ ജീവിത കാഴ്ചകള്‍. വിസാരണൈ, പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ പറഞ്ഞു വച്ച അടിച്ചമര്‍ത്തലിന്റേയും അനീതിയുടെയും രാഷ്ട്രീയത്തിന്റെ തുടര്‍ച്ച വരച്ചുകാട്ടുകയാണ് ജയ് ഭീം. ജയ് ഭീം കണ്ട് തീര്‍ക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ തെളിയുക അടുത്തിടെ നമ്മള്‍ വായിച്ച നിരവധി വാര്‍ത്തകള്‍ കൂടിയാണ്.

മോഷണക്കുറ്റം ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പൊതുജന മധ്യത്തില്‍ വിചാരണ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥ. അധികാരി വര്‍ഗം എങ്ങനെ ഒരു വിഷയത്തെ സമീപിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ഈ വാര്‍ത്ത. പൊലീസിന്റെ മനോവീര്യത്തിന്റെ പേര് പറഞ്ഞ് ഇത്തരം കേസുകളില്‍ കുറ്റാരോപിതര്‍ക്ക് സംരക്ഷണം തീര്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനം. ഇന്നും മാറ്റമില്ലാത്ത ഇത്തരം പ്രവണതകളെ തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ജാതി എങ്ങനെ പ്രവര്‍ത്തിച്ചിരുന്നു എന്ന് പറയാന്‍ ശ്രമിക്കുകയാണ് ജയ് ഭീമിലുടെ സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍. കയ്യടക്കത്തോടെ സൂര്യ സ്‌ക്രീനില്‍ നിറയുമ്പോള്‍ നെഞ്ചുപിടയ്ക്കാതെ ജയ് ഭീം കണ്ടു തീര്‍ക്കാനാവില്ല.

നഗ്നമായ ജാതി വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയുമാണ് ജയ് ഭീം പറഞ്ഞുവയ്ക്കുന്നത്. തെളിയാത്ത കേസുകളിലേക്ക് ജാതി തിരിച്ച് പ്രതികളെ സംഭാവന ചെയ്യുന്ന പൊലീസ് നടപടിയിലാണ് ചിത്രം തുടങ്ങുന്നത്. പിന്നീട്, ആദിവാസി യുവാവായ രാജാകണ്ണിന്റെ (മണികണ്ഠന്‍) തിരോത്ഥാനവും അയാളെ തേടിയുള്ള ഗര്‍ഭിണിയായ ഭാര്യ സെംഗിണി( ലിജോ മോള്‍ ജോസ്) യുടെയും ജീവിതത്തിലൂടെയും അവര്‍ക്ക് വേണ്ടി ഇടപെടുന്ന അഭിഭാഷകനായ ചന്ദ്രു (സൂര്യ) വിലൂടെയുമാണ് പുരോഗമിക്കുന്നത്.


മോഷണകുറ്റം ആരോപിച്ച് പൊലീസ് പിടികൂടുന്ന രാജാകണ്ണ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാവുന്നു, എന്നാല്‍ ഇയാളെ പിന്നീട് കാണാതാവുന്നു. രാജാക്കണ്ണിനെ തേടിയുള്ള സെംഗിണിയുടെ യാത്ര മലയാളികള്‍ക്ക് കൂടുതല്‍ വേദന സൃഷ്ടിക്കും. കാരണം അടിയന്തരാവസ്ഥക്കാലത്ത് കാണാതായ മകനെ തേടി നിരന്തരം നിയമ പോരാട്ടങ്ങള്‍ നടത്തിയ ഈച്ചരവാര്യര്‍ എന്ന ഒരു അച്ഛന്റെ കഥയും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച അലയൊലികളും മലയാളികള്‍ക്ക് മുന്നിലേക്ക് എത്തും എന്നത് തന്നെയാണ് കാരണം. 'രാജന്‍ കേസ്' അതി പ്രാധാന്യത്തോടെ തന്നെ കഥയിലെ വഴിത്തിരിവായി പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട് ജയ് ഭീം. കോര്‍ട്ട് റൂം ഡ്രാമ എന്ന ഗണത്തില്‍ പെടുന്ന സിനിമ മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടെങ്കിലും അത് കണ്ടു തീര്‍ക്കാതെ പ്രേക്ഷകന് മടങ്ങാനാവില്ല.

ആദിവാസി ജീവിത രീതിയും അവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയും വിശദമായി വരച്ച് കാട്ടാന്‍ അണിയറ പ്രവര്‍ത്തകര്‍ അത്മാര്‍ത്ഥമായി തന്നെ ശ്രമിച്ചിട്ടുണ്ട്. സിയാന്‍ റോള്‍ഡന്‍ എന്ന സംഗീത സംവിധായകന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ദൃശ്യങ്ങളോട് ഇഴുകി നില്‍ക്കുന്നു. മലയാളി താരം രജിഷ വിജന്‍ അവതരിപ്പിച്ച അധ്യാപിക, പ്രകാശ് രാജ് അവതരിപ്പിച്ച ഐജി പെരുമാള്‍ തുടങ്ങി എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

ജാതി തന്നെയാണ് ജയ് ഭീം പറഞ്ഞുവയ്ക്കുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ കേസുകളിലെ പ്രതികളെ വേര്‍തിരിച്ച് നിര്‍ത്തുന്നിടത്ത് തുടങ്ങുന്ന സിനിമ തമിഴ്നാട്ടിലെ പ്രബല ജാതി വിഭാഗങ്ങളുടെ പേരുകള്‍ വ്യക്തമായി പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. നീതി തേടുന്ന പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ഭയപ്പെടുത്തുന്ന ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരന്‍ 'നിങ്ങളുടെ വീടിന് തീയിടാന്‍ എത്ര സമയമെടുക്കുമെന്ന് നിങ്ങള്‍ കരുതുന്നു' എന്ന് പച്ചയ്ക്ക് ചോദിക്കുകയും, തോളത്ത് തൊടുന്ന ആദിവാസി യുവാവിനെ നോക്കുന്ന രൂക്ഷമായ നോട്ടവും വിവേചനങ്ങള്‍ ശക്തമായി തന്നെ വരച്ചിടുന്നുണ്ട്. ഒടിടി എന്ന സംവിധാനത്തിന് പുറത്ത് തീയ്യേറ്ററില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നെങ്കില്‍ എറെ ഇടങ്ങളില്‍ സെന്‍സര്‍ബോര്‍ഡിന്റെ കത്രിക വീണേക്കാവുന്ന ചിത്രം കൂടിയാണ് ജയ് ഭീം.

ചന്ദ്രു എന്ന ആക്ടിവിസ്റ്റ് അഭിഭാഷകന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയില്‍ സൂര്യ എന്ന സൂപ്പര്‍ സ്റ്റാറിനെ ഒരിടത്തും പ്രേക്ഷകന് കാണാനാവില്ല. തീക്ഷ്ണമായ കണ്ണുകളിലൂടെ വികാരങ്ങള്‍ പങ്കുവയ്ക്കുമ്പോളും കയ്യടക്കത്തോടെ കഥാപാത്രമാവുകയും ചെയ്യുന്നിടത്ത് സുര്യയുടെ കരിയറിലെ തന്നെ മികച്ച ഒരു സിനിമയായും ജയ് ഭീം മാറുന്നു. പേര് പോലെ തന്നെ ജയ് ഭീം പറയുന്ന രാഷ്ട്രീയവും വ്യക്തമാണ്. 'അംബേദ്കര്‍ എവിടെ... എന്തു കൊണ്ട് അദ്ദേഹത്തെ ഇവിടെ അടയാളപ്പെടുത്ത പെടുന്നില്ല' എന്ന് ആത്മഗതം പോലെ ചോദിക്കുന്നുണ്ട് സുര്യയുടെ കഥാപാത്രം.

ഇടത് രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കിയാണ് ജയ് ഭീം കഥ പറയാന്‍ ശ്രമിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചുവന്ന കൊടിയേന്തിയ നായകന്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒപ്പം നടക്കുന്ന, അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ചുവന്ന ഷാള്‍ ധരിച്ചവര്‍. അഭിഭാഷകന്‍ ചന്ദ്രുവിന്റെ ഓഫീസിലും വീട്ടിലും പശ്ചാത്തലത്തില്‍ കാണുന്ന ഫോട്ടോകളിലെ മാര്‍ക്സ്, പെരിയാര്‍, അംബേദ്കര്‍ ചിത്രങ്ങള്‍, മേശയിലെ ലെനിന്‍. ജയ് ഭീമിലെ രാഷ്ട്രീയം വ്യക്തമാണ്.. 'നിഷേധിക്കപ്പെടുന്ന നീതി അവര്‍ നേരിട്ട അനീതിയേക്കാള്‍ ഭീകരമായിരിക്കും..'.കോടതി മുറിയില്‍ അഭിഭാഷകനായ ചന്ദ്രു ഒരിക്കല്‍ പറയുന്നുണ്ട്...

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായികയായ കണ്ണകിയെയും സിനിമ ഒരു സംഭാഷണത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിരപരാധിയായ തന്റെ ഭര്‍ത്താവിനെ വധിച്ച പാണ്ഡ്യ രാജാവിനോടുള്ള പ്രതികാരാഗ്നിയില്‍ മധുര നഗരം ചുട്ടെരിക്കുയും ചെയ്ത കണ്ണകിയെ...

Next Story