Top

തേനീച്ചകളെയും സിനിമയെയും ഒറ്റയ്ക്ക് ചുമലിലേറ്റുന്ന സോളമൻ, ഇത് ജോജുവിന്റെ മാജിക്: ശൈലന്റെ റിവ്യൂ

വിദ്യാസാഗർ ഒൻപത് കൊല്ലങ്ങൾക്ക് ശേഷമാണ് ലാൽജോസ് സിനിമയിൽ പാട്ടുകളുമായി എത്തുന്നത്.

19 Aug 2022 11:03 AM GMT
ശൈലന്‍

തേനീച്ചകളെയും സിനിമയെയും ഒറ്റയ്ക്ക് ചുമലിലേറ്റുന്ന സോളമൻ, ഇത് ജോജുവിന്റെ മാജിക്: ശൈലന്റെ റിവ്യൂ
X

സോളമന്റെ തേനീച്ചകൾ എന്ന പുതിയ ലാൽ ജോസ് സിനിമ കണ്ടിറങ്ങുമ്പോൾ വെറുതെ ഒരു നിമിഷം ഓർത്തുനോക്കി, ഈ സിനിമയിൽ ഇന്റർവലിന് തൊട്ടുമുന്നേ വരുന്ന, ടൈറ്റിൽ റോളിൽ കാണപ്പെടുന്ന സോളമൻ എന്ന ആ സർക്കിൾ ഇൻസ്‌പെക്ടർ ക്യാരക്റ്ററിൽ ജോജു ജോർജിന് പകരം മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ എന്താവുമായിരുന്നു ആ സിനിമയുടെ ആ അവസ്ഥ എന്ന്. ചിന്തിക്കാൻ പോലുമാവില്ല അത്. ഒരുപക്ഷെ ഇടവേള കഴിഞ്ഞ് അധികം വൈകും മുൻപേ ഞാൻ ഇറങ്ങിപ്പോരാൻ വരെ സാധ്യത ഉണ്ടായിരുന്നു.

തിയേറ്ററിൽ നിന്ന് പോരുമ്പോൾ അത്രയ്ക്ക് കുറ്റം പറയാനില്ലാത്ത, ഭേദപ്പെട്ട ഒരു ത്രില്ലർ എന്ന അനുഭവം ടോട്ടാലിറ്റിയിൽ സമ്മാനിക്കുന്ന സോളമന്റെ തേനീച്ചകളിൽ ഇടവേള വരെയുള്ള ഭാഗം അത്രയ്ക്ക് അസഹ്യമായ ഒന്നാണ്. കുട്ടിക്കളി എന്നുപോലും പറയാൻ പറ്റാത്ത വിധത്തിൽ ആണ് കാര്യങ്ങൾ പോവുന്നത്. ഈ സംവിധായകനോ എഴുത്തുകാരനോ നടന്മാരോ ഇതുവരെ ഒരു പൊലീസ് സ്റ്റേഷൻ പോലും ജീവിതത്തിൽ കണ്ടിട്ടില്ലേ എന്ന് തോന്നും വിധത്തിലുള്ള സ്‌കൂൾ നാടകം. പൊലീസ് സ്റ്റേഷനിലെ ദൈനംദിന സംഭവങ്ങളും തിരക്കുപിടിച്ച സാഹചര്യങ്ങളും മാത്രം ഫോക്കസ് ചെയ്തുകൊണ്ട് മലയാളത്തിലും തമിഴിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇറങ്ങി സ്‌കോർ ചെയ്തിട്ടുണ്ട്. അതും ഇവരൊന്നും കണ്ടിട്ടില്ല എന്നതുറപ്പ്.

രണ്ടാം പകുതിയിൽ പക്ഷെ സ്ക്രിപ്റ്റിലായാലും മൊത്തത്തിലായാലും കാര്യങ്ങൾ ലിഫ്റ്റ് ചെയ്യപ്പെടുന്നു. കുട്ടിക്കളി വിട്ട് സോളമനും തേനീച്ചകളും പതിയെ ടേക്ക് ഓഫ് ചെയ്യുന്നു. പക്ഷെ, അപ്പോഴും സ്‌ക്രിപ്റ്റ് (പി ജി പ്രഗീഷ് ) എത്ര അപ്പ് ലിഫ്റ്റ് ചെയ്താലും സോളമന്റെ ക്യാരക്റ്ററിലേക്ക് ആഡിസ് ആന്റണിയെ പോലെയോ ശംഭുമേനോനെയോ പോലെ ഒരു പുതുമുഖത്തെ ആണ് ലാൽ ജോസ് കാസ്റ്റ് ചെയ്തിരിക്കുന്നത് എന്നുകരുതുക. അരോചകമായി തുടർന്നേനെ സിനിമ. അവിടെയാണ് നടൻ എന്ന വാക്കിന്റെ തിളക്കം. കാസ്റ്റിംഗിന്റെ പ്രസക്തിയും.

സുജ, ഗ്ലൈന എന്നു പേരായ രണ്ടു വനിതാ പൊലീസുകാർ, ബിനു അലക്‌സ് എന്ന അവരുടെ സർക്കിൾ ഇൻസ്‌പെക്ടർ, സുജയുടെ കാമുകൻ ആയി വരുന്ന ശരത്ത്, ഇവർ നാലു പേർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങൾ. അതിനിടയിൽ നടക്കുന്ന ഒരു ക്രൈം, അതിന്റെ പിന്നിലുള്ള നിഗൂഢതകൾ, പുതുതായി വരുന്ന സി ഐ സോളമന്റെ ഇൻവെസ്റ്റിഗേഷൻ, ഇടയിൽ വരുന്ന വഴിത്തിരിവുകൾ എന്നിങ്ങനെയാണ് സിനിമയുടെ പുരോഗതി. ലൂപ്പ് ഹോളുകൾ ഏറെയുണ്ടെങ്കിലും പ്രേക്ഷകനെ ഇൻവോൾവ് ചെയ്യിപ്പിക്കുന്ന സെക്കന്റ് ഹാഫ്, വിശ്വസനീയമായ ട്വിസ്റ്റുകൾ,തൃപ്തികരമായ അന്ത്യം എന്നിവയ്ക്കൊപ്പം ജോജു ജോർജും ചേർന്ന് സിനിമയെ രക്ഷിച്ചെടുക്കുന്നു.

മഴവിൽ മനോരമ ചാനലിൽ വന്ന 'നായികാ നായകൻ' ടാലന്റ്ഹണ്ട് റിയാലിറ്റി ഷോയിൽ ടോപ്പ് പൊസിഷനിൽ എത്തിയവരെ ലീഡ് ക്യാരക്റ്ററുകളിലേക്ക് കാസ്റ്റ് ചെയ്ത് കൊണ്ട് ലാൽ ജോസ് 2018ൽ പ്രഖ്യാപിച്ച സിനിമയാണ് സോളമന്റെ തേനീച്ചകൾ. നിർമ്മാതാവും അദ്ദേഹം തന്നെ. വിജയികൾ ആയ ശംഭു മേനോൻ ദർശന എസ് നായർ റണ്ണേഴ്‌സ് അപ്പ് ആയ വിൻസി അലോഷ്യസ് , ആഡിസ് ആന്റണി എന്നിവരാണ് മുഖ്യറോളുകളിൽ . പക്ഷെ, ഇതിന് മുൻപുതന്നെ ഒരു നടിയെന്ന നിലയിൽ പ്രൂവ് ചെയ്തുകഴിഞ്ഞ വിൻസി ഒഴികെ മറ്റ് മൂന്നുപേരും സിനിമയിൽ മിസ്കാസ്റ്റിങ്ങും ബാധ്യതയുമായിട്ടാണ് തോന്നിയത്. റിയാലിറ്റി ഷോ വേറെ സിനിമ വേറെ.

ദർശന വേറൊരു റോളിൽ നല്ല നടി ആയേക്കാം, അതിനുള്ള ഗ്രെയ്‌സും അവർക്കുണ്ട്. പക്ഷെ ഒരു സെക്കന്റ് പോലും ഒരു പൊലീസുകാരിയുടെ ശരീര ഭാഷയോ ആർജവമോ ഈ സിനിമയിലെ സുജയ്ക്കില്ല. തമിഴ്-തെലുങ്ക് സിനിമകളിലെ പഴയകാല ലൂസ്‌പ്പൊണ്ണ് നിഷ്‌കു നായികമാരോട് ആണ് ആ കഥാപാത്രത്തിന് സാമ്യം. ശംഭുവും ആഡിസും പാത്രസൃഷ്ടിക്കാവശ്യമായ ഗൗരവത്തിലേക്കുയർന്നില്ല. ഇവർക്കൊപ്പം നിൽക്കുമ്പോൾ വിൻസി മാത്രമല്ല ശംഭുവിന്റെ കൂട്ടുകാരനായി വരുന്ന അഭിനവ് മണികണ്ഠൻ വരെ ആശ്വാസമാണ്. മറ്റു റോളുകളിൽ വരുന്ന ജോണി ആന്റണിയും ബിനു പപ്പുവും സുനിൽ സുഗതയും ഒക്കെ മുത്തുകളും.

വിദ്യാസാഗർ ഒൻപത് കൊല്ലങ്ങൾക്ക് ശേഷമാണ് ലാൽജോസ് സിനിമയിൽ പാട്ടുകളുമായി എത്തുന്നത്. "ആനന്ദമോ..." ഒക്കെ ഒറ്റക്കേൾവിയിൽ ഹിറ്റ് എന്നുപറയാവുന്നതും ഈ ടീമിന്റെ സുവർണകാലസ്മൃതികൾ ഉണർത്തുന്നതുമായ നമ്പർ ആണ്. വിഷ്വലൈസേഷൻ പക്ഷെ പഴയ ലാൽജോസ് വിദ്യാസാഗർ ഗാനങ്ങളുടെ നിഴൽ മാത്രമാണ്. സിനിമയുടെ മൊത്തത്തിലുള്ള കാര്യവും അപ്പടി താൻ. തട്ടുംപുറത്ത് അച്യുതൻ, നാൽപ്പത്തിഒന്ന്, വെളിപാടിന്റെ പുസ്തകം ഒക്കെ വച്ചുനോക്കുമ്പോൾ എത്രയോ മെച്ചം. ഇറങ്ങിപ്പോരുമ്പോൾ ചടപ്പ് ഇല്ല.. അത്രമാത്രം.

story highlights: solomonte theneechakal movie review by shylan

Next Story