Top

ദുല്‍ഖറിന് പാന്‍ ഇന്ത്യന്‍ ബംമ്പര്‍, ഭാഷാതീതം കാലാതീതം അത്യുജ്ജ്വലം സീതാരാമം; റിവ്യൂ

''മണിക്കൂറുകള്‍ അല്ല ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞാലും അതിന്റെ ഹാങ് ഓവര്‍ ഒരു നൊമ്പരാലസ്യമായി മനസ്സില്‍ നീറിപ്പുകഞ്ഞ് കിടക്കുമെന്ന് ഉറപ്പ്.''

7 Aug 2022 8:32 AM GMT
ശൈലന്‍

ദുല്‍ഖറിന് പാന്‍ ഇന്ത്യന്‍ ബംമ്പര്‍, ഭാഷാതീതം കാലാതീതം അത്യുജ്ജ്വലം സീതാരാമം;  റിവ്യൂ
X

കാലങ്ങളോളം മനസില്‍ ഒരു സുഖാനുഭൂതിയായി തങ്ങി നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു ഗംഭീരന്‍ പ്രണയകഥ ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുറത്ത് വന്നിരിക്കുന്ന സീതാരാമം എന്ന തെലുങ്ക് സിനിമ. ഗംഭീരം എന്നുപറഞ്ഞാലൊന്നും പോര അതിഗംഭീരം എന്നുതന്നെ പറയാവുന്ന ഒരു ഗ്രേറ്റ് ഫീല്‍ തിയേറ്ററില്‍ നിന്ന് പോന്നാലും അത് ഉള്ളില്‍ ബാക്കി വെക്കുന്നു. മണിക്കൂറുകള്‍ അല്ല ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞാലും അതിന്റെ ഹാങ് ഓവര്‍ ഒരു നൊമ്പരാലസ്യമായി മനസ്സില്‍ നീറിപ്പുകഞ്ഞ് കിടക്കുമെന്ന് ഉറപ്പ്.

ജീവിതത്തില്‍ എന്നെങ്കിലുമൊക്കെ പ്രണയിച്ചവര്‍ക്കും ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും പ്രണയം ഉള്ളിലൊളിപ്പിച്ച് പുറത്തെടുക്കാതെ കാത്തുവെക്കുന്നവര്‍ക്കും എല്ലാം തന്നെ ഈയൊരു ഹാങ്ങോവറില്‍ നിന്നും പുറത്തുകടക്കുക ഇത്തിരിപാടായിരിക്കും. തരളഹൃദയനായതുകൊണ്ടുള്ള പേഴ്‌സണല്‍ വൈകാരികത ആവുമെന്ന് സമാധാനിച്ച്, സിനിമ തീര്‍ന്ന് പുറത്തിറങ്ങാനായി എണീറ്റപ്പോള്‍ അതിന് പോലുമാവാതെ തിയേറ്ററില്‍ തരിച്ചിരിക്കുന്ന നല്ലൊരു ശതമാനം പ്രേക്ഷകരെ കണ്ട് അവിടെ തന്നെ കുറച്ചുനേരം ഇരുന്നുപോയി ഞാന്‍.

സത്യത്തില്‍, ഒരു സാധാരണ തെലുങ്ക് മൊഴിമാറ്റ സിനിമ എന്ന മുന്‍വിധി വച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനൊന്നും മെനക്കെടാതെ, സിനിമ തുടങ്ങാന്‍ 20 മിനിട്ടുള്ളപ്പോഴാണ് ഞാന്‍ തിയേറ്ററില്‍ എത്തിയത്. അങ്ങനെയാണ് പതിവും. പക്ഷെ ഇത്തവണ സ്‌ക്രീനിന്റെ മുന്നില്‍ നിന്നും രണ്ടാമത്തെ റോയില്‍ ലഭിച്ച സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അപ്പോഴേ, അങ്ങനെ തെറ്റിദ്ധരിക്കാവുന്ന ഒരു ഐറ്റമല്ല ഈ സിനിമ എന്നതിന്റെ ആദ്യ സൂചന കിട്ടി. ഷോ തുടങ്ങുന്നത് വരെ മാത്രമേ മുന്നിലെ സീറ്റ് ഒരു പ്രശ്‌നമായി തോന്നിയുള്ളൂ. പിന്നീട്, അതൊന്നും അറിഞ്ഞതേയില്ല. അത്രമാത്രം എന്‍ഗേജിങ് ആണ് രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ.

സീതാരാമം എന്ന പേരും ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടാഗ് ലൈനൊക്കെ ഒക്കെ കാണുമ്പോള്‍ മനസില്‍ തോന്നുന്ന ക്ലീഷേ നിര്‍ഭരമായ ഒരു ക്രിഞ്ച്ഫീല്‍ ഉണ്ട്. പശ്ചാത്തലത്തില്‍ വിതറിയിട്ടുള്ള പട്ടാളം, കാശ്മീര്‍, അതിര്‍ത്തി, പാകിസ്ഥാന്‍ എന്നീ അനുബന്ധചേരുവകള്‍ ആ ഫീലിനെ ഇരട്ടിപ്പിക്കാന്‍ പര്യാപ്തമാണ്. പക്ഷേ, അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഹനു രാഘവ്പുടി എന്ന സംവിധായകന്‍ തന്റെ സിനിമയെ ഒരു ക്ലാസ് എക്‌സ്പീരിയന്‍സ് ആയി മാറ്റിയിരിക്കുന്നത്.

ഹനു രാഘവ്പുടി, അങ്ങനെയൊരു സംവിധായകന്റെ പേര് തന്നെ ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. പക്ഷെ, തല്ലിച്ചതച്ച് പതം വരുത്തിയെടുത്ത അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റിംഗ്. മനസിലേക്ക് ആഴത്തില്‍ പതിപ്പിച്ചെടുക്കുന്ന അതുല്യമായ മേക്കിംഗ് സ്‌റ്റൈല്‍. അസാമാന്യമായ ഇന്റര്‍വെല്‍ പഞ്ച്. പ്രേക്ഷകനെ വൈകാരികമായി പിടിച്ചുലയ്ക്കാനും വരിഞ്ഞു മുറുക്കാനും പോന്ന രണ്ടാം പകുതിയിലെ കഥാഗതി. മറ്റാരായാലും ക്ലീഷേ ആക്കുമായിരുന്ന എന്‍ഡിന് കൊടുത്ത അസാധ്യമായൊരു ഫിനിഷിംഗ്. ഓവറോള്‍ ക്രാഫ്റ്റ്. വാക്കുകള്‍ മതിയാവില്ല ഹനു രാഘവ്പുടിയുടെ സ്‌കില്ലുകളെ വിശേഷിപ്പിക്കാന്‍.

ലെഫ്റ്റനന്റ് റാം എന്ന ഹീറോ ക്യാരക്റ്ററിനെ വിലയിരുത്തുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ ഒരു അതിഭാഗ്യവാന്‍ എന്ന് വിളിക്കാന്‍ ആണ് എനിക്ക് തോന്നുന്നത്. കാരണം അയാളുടെ പേഴ്‌സണല്‍ ചാമിനപ്പുറം, പ്രായത്തിന് അനുയോജ്യനായ ഏത് നടന്‍ ചെയ്താലും ക്ലാസ് ആയി മാറുമായിരുന്ന മികച്ച ക്യാരക്റ്ററാണ് റാമിന്റേത്. അത് കറക്റ്റ് ആയി ദുല്‍ഖറിന് തന്നെ കിട്ടി. ഇങ്ങേര് പട്ടാളവും പൊലീസുമൊക്കെ ചെയ്താല്‍ മെനയാകുമോ എന്നുള്ള എല്ലാ സംശയങ്ങളെയും കത്തിച്ചുകളയാന്‍ കെല്‍പ്പുള്ള പാത്രബലത്തെ, ഡിക്യൂ തന്റെ സ്വീറ്റ്‌ബോയ് ചാം വച്ച് ബ്ലെന്‍ഡ് ചെയ്യിക്കുമ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്റര്‍ ആണ് എന്‍ഡ് റിസള്‍ട്ട്. തെലുങ്ക് മാധ്യമങ്ങളിലും യൂടൂബ് ചാനലുകളിലെ പബ്ലിക് റിവ്യൂസിലും എല്ലാം ഡിക്യുവിനെ നിര്‍ലോഭം വാഴ്ത്തുന്നത് കാണുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനം തോന്നും.

മൃണാള്‍ താക്കൂര്‍ എന്ന നടിയുടെ പെര്‍ഫോമന്‍സ് ആണ് യഥാര്‍ത്ഥത്തില്‍ സീതാരാമത്തെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം എടുത്ത് പറയേണ്ടത്.. അത് ദുല്‍ഖറിനെയും സിനിമ മൊത്തത്തില്‍ തന്നെയും മറികടന്നു മുന്നില്‍ പോവുന്ന ഒന്നാണ്. ആ ക്യാരക്റ്ററിന്റെ പ്രൗഢിയും ലെഗസിയും ഒരിഞ്ചുപോലും താഴെപ്പോവാതെ.. Ohhh.. ഒരു തീജ്വാല പോലെയുള്ള ക്‌ളൈമാക്‌സില്‍ ഒക്കെ..!!! അവര്‍ ഇനി ഒരു സിനിമയില്‍ പോലും അഭിനയിച്ചില്ലെങ്കില്‍ പോലും എന്ത് അള്‍ട്ടിമേറ്റ് തന്നെയിത്.

കൂടുതല്‍ എന്തെങ്കിലും ആ ക്യാരക്റ്ററിനെ കുറിച്ചോ സിനിമയെ കുറിച്ചോ പറഞ്ഞാല്‍ കാണാത്തവര്‍ക്ക് സ്‌പോയിലര്‍ ആവുമെന്നതിനാല്‍, സീതാരാമത്തിന്റെ മാധുര്യമേറ്റിയ സിനിമാട്ടോഗ്രാഫര്‍ പി എസ് വിനോദിനെയും മ്യൂസിക് കമ്പോസര്‍ വിനോദ് ചന്ദ്രശേഖറിനെയും കുറിച്ച് കൂടി ഓര്‍ത്തുകൊണ്ടു തല്‍ക്കാലം നിര്‍ത്തുന്നു. തെലുങ്ക് സിനിമ എന്നൊക്കെ സാങ്കേതികാര്‍ത്ഥത്തില്‍ പറയാമെന്നെ ഉള്ളൂ.. ഏത് ഭാഷയിലുള്ളവര്‍ക്കും കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന യൂണിവേഴ്‌സല്‍ ഭാഷ ആണ് സീതാരാമത്തിന്റേത്. ദുല്‍ഖര്‍ തന്നെ ഇവിടെയും ഡബ്ബ് ചെയ്തതോടെ അത് മുക്കാല്‍ ഭാഗവും ഒരു മലയാള സിനിമ തന്നെയായി മാറുന്നു.. കാലാതീതം.. ഭാഷാതീതം.. അത്യുജ്ജ്വലം..

Story Highlights: Sita ramam review

Next Story