Top

രാമനാണ് വില്ലൻ, വിജയ്‌ ബാബു വിടൻ, പൃഥ്വിരാജ് 'തീർപ്പ്' കല്പിക്കുന്നു: ശൈലന്റെ റിവ്യൂ

ഇമേജ് ഭയക്കാത്ത ഒരു നായകനടന്, അല്ലെങ്കിൽ താരത്തിന് മാത്രം സ്വീകരിക്കാൻ സാധിക്കുന്ന ഒന്നാണ് തീർപ്പ്.

25 Aug 2022 11:58 AM GMT
ശൈലന്‍

രാമനാണ് വില്ലൻ, വിജയ്‌ ബാബു വിടൻ, പൃഥ്വിരാജ് തീർപ്പ് കല്പിക്കുന്നു: ശൈലന്റെ റിവ്യൂ
X

നായർ, പോറ്റി, പിള്ള, മേനോൻ എന്നൊക്കെ പറഞ്ഞ് ക്യാരക്റ്റർ അവതരണം നടത്തിക്കൊണ്ടുള്ള 'തീർപ്പി'ന്റെ പോസ്റ്ററുകൾ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ ഷെയർ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ വെടി പൊട്ടി തുടങ്ങിയിരുന്നു, ചില കോണുകളിൽ നിന്നും. ഇതെന്താ കരയോഗം മീറ്റിംഗാണോ പൃഥ്വിരാജ് നായരേ എന്നൊക്കെയുള്ള ചോദ്യത്തോട് കൂടി. മലയാള സിനിമയിൽ സവർണ മേധാവിത്വമാണ് എന്നും ന്യൂനപക്ഷവിരുദ്ധത ഒളിച്ചുകടത്തുന്ന പരിപാടി ആണ് നിരന്തരം നടക്കുന്നത് എന്നുമൊക്കെ പണ്ടേയുള്ള ആരോപണമാണ്. അതിൽ കാമ്പുണ്ട് എന്ന് ചിലപ്പോഴൊക്കെ തോന്നാറുമുണ്ട്. ഈ വർഷം ഇറങ്ങിയ മേപ്പാടിയാൻ സിനിമയിൽ തന്നെ നമ്മൾ കണ്ടതാണ് നല്ലവനായ ഉണ്ണി മുകുന്ദനെ പ്രാക്ടിസിങ് മുസ്ലിം ആയ ഇന്ദ്രൻസിന്റെ ഹാജ്യാരും അജുവർഗീസിന്റെ ബ്രോക്കറും ഒക്കെ ചേർന്ന് നൈസിന് കുളിപ്പിച്ച് കിടത്തുന്നതും ഉയിർത്തെഴുന്നേറ്റ ഉണ്ണി തിരിച്ച് പണി കൊടുക്കുന്നതുമായ സേവാഭാരതി അജണ്ട. തീർപ്പ് ഇറങ്ങാൻ പോലും കാത്തുനിൽക്കാതെ ഉള്ള പ്രതിരോധം നടത്തുന്നവരെ കുറ്റം പറയാൻ പറ്റില്ല.

എന്നാൽ , പ്രതിരോധം നടത്തിയ സാമൂഹ്യ പരിഷ്കർത്താക്കളുടേത് വെടി ആയിരുന്നില്ല, തോക്കിൽ കയറിയിരുന്നുള്ള ഉണ്ടായില്ലാ വെടി ആയിരുന്നു എന്നാണ് തീർപ്പ് ഇറങ്ങുമ്പോൾ മനസ്സിലാവുന്നത്. ഇത്രയും കാലം ഒളിച്ച് കടത്തിയ അജണ്ടകളെയും അതിന്റെ ഫോർമുലകളെയും ഉൾട്ടാ പുൾട്ടാ പിടിച്ച് പരസ്യമായി ജാതികളെ തേക്കുന്ന ഒരു ബ്ലാക്ക് ഹ്യൂമർ ആണ് തീർപ്പിൽ കാണുന്നത്. തങ്ങളുടെ നേരെക്കൂടി വരുന്ന പരസ്യമായ ജാതി ആരോപണങ്ങളിൽ നിന്നും രക്ഷ നേടാൻ മുരളി ഗോപിയും നടത്തുന്ന പഴുതടച്ച ഒരു വെടിയായും ഇതിനെ വായിക്കാം.

ഇവിടെ നായരും പോറ്റിയും മേനോനും ഒക്കെ മുഖ്യ കഥാപാത്രങ്ങൾ തന്നെയാണ്. പക്ഷെ അവർ തന്നെയാണ് ചതിയും വഞ്ചനയും ക്രൂരതയും ഒക്കെ യഥേഷ്ടം സ്റ്റോക്കുള്ള പ്രതിനായകന്മാരും. മുഖ്യ വില്ലൻ രാംകുമാർ നായർ, രാമാ എന്ന് വിളിക്കും. വിജയ്‌ബാബു ആണ് ആ ക്യാരക്റ്റർ ആയി വരുന്നത്. സംശയത്തിന്റെ ആനുകൂല്യം പോലും ഇടയില്ലാത്ത വിധം ആള് ദുഷ്ടനാണ്, ഒപ്പം വിടനും. എക്സ്ട്രീം വുമനൈസർ എന്നാണ് രാംകുമാറിന്റെ ഭാര്യാകഥാപാത്രം പറയുന്നത്. സ്ത്രീപീഡനക്കേസിൽ, കേസും കോടതിയുമായി നടക്കുന്ന വിജയ്ബാബുവിന് താൻ തന്നെ നിർമ്മിച്ച തീർപ്പിലെ രാംകുമാർ നായർ എന്ന കഥാപാത്രം അറം പറ്റിച്ചു എന്നു തോന്നുന്നു.

കൊവിഡ് കാലത്ത് പ്ലാൻ ചെയ്തു തുടങ്ങിയ പ്രോജക്റ്റാണ് തീർപ്പ്. അതിന്റെ ചെറുപ്പം സിനിമയ്ക്കുണ്ട്. സിനിമയിൽ കൊവിഡ് ഒരു പശ്ചാത്തലമായി വരുന്നുമുണ്ട്. നേരത്തെ പറഞ്ഞ ഒളിച്ചുകടത്തൽ അജണ്ടാ ഫോർമുലകളെ തിരിച്ചിട്ട് വെട്ടുന്നു എന്നത് ഒഴിച്ചു നിർത്തിയാൽ സിനിമയുടെ കഥാശരീരം തീർത്തും നേർത്തതാണ്, ചിരപുരാതനമായ ഒന്നുമാണ്.

വടകരയ്ക്ക് വടക്ക് എവിടെയോയുള്ള അക്കാഡിയോ-സാകേത് എന്ന റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥ. അവിടെ കണ്ടുമുട്ടുന്ന നാല് കുട്ടിക്കാല ചങ്ങാതിമാർ, അതിൽ രണ്ടു പേരുടെ ഒപ്പം ഭാര്യമാരുമുണ്ട്. ഒരുവൻ മാത്രം അവിടെ യാദൃശ്ചികമായി വന്നുകയറിയതാണ്. നാലുപേർക്കും ആ സ്ഥലവുമായി ബന്ധപ്പെട്ട കനപ്പെട്ട ഭൂതകാലസ്മരണകൾ ഉണ്ട്. ഇത്രയും കേൾക്കുമ്പോ ആഞ്ഞ ക്ളീഷേ എന്ന് തോന്നുന്നുണ്ടാവും. പക്ഷെ, മുരളി ഗോപിയുടെ സിഗ്നേച്ചർ ഉള്ള ചില സറ്റയർ നമ്പറുകളും വ്യത്യസ്ഥയുള്ള ഒരു പ്രതികാരവും ക്ലൈമാക്‌സും തീർപ്പിനെ വാച്ചബിൾ ആക്കി നിലനിർത്തുന്നുണ്ട്.

'ഡ്രൈവിങ് ലൈസൻസ്', 'അയ്യപ്പനും കോശിയും', 'ജന ഗണ മന', 'കടുവ' എന്നിങ്ങനെ അവസാനം തിയേറ്ററിൽ എത്തിയ നാല് സിനിമകളും വമ്പൻ വിജയങ്ങളാക്കി മാറ്റിയ പൃഥ്വിരാജ് ആ ടൈപ്പ് ഒരു തിയേറ്റർ മാസ് പ്രോഡക്റ്റ് അല്ല തീർപ്പിൽ പ്ലാൻ ചെയ്യുന്നത്. എക്സ്പെരിമെന്റിനാണ് പ്രമുഖ്യം. അദ്ദു എന്ന അബ്ദുള്ള മരക്കാർ ഇമേജ് ഭയക്കാത്ത ഒരു നായകനടന്, അല്ലെങ്കിൽ താരത്തിന്, മാത്രം സ്വീകരിക്കാൻ സാധിക്കുന്ന ഒന്നാണ്. തീർപ്പ് എന്ന സിനിമയും അപ്രകാരം തന്നെ.

പൃഥ്വിരാജിൽ ആരോപിക്കാറുള്ള എല്ലാ വിധ നാടകീയതകളും കൈമുതലായുള്ള ഒരു ക്യാരക്റ്റർ ആണ് അദ്ദുവും. അതിനെ സ്ഥിരം നാടകീയതയോട് കൂടി തന്നെ പൃഥ്വി ചെയ്തിരിക്കുന്നു. "നാടകം നാടകം" എന്ന് രോദിച്ച് കുരുപൊട്ടിക്കുന്നവർക്ക് ഇവിടെയും അതാവാം. ചുമ്മാ ഒരു മനസുഖം എന്നല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കാരണം, പൃഥ്വിരാജ് എന്ന നടനെ ഈ നാടകീയത കൂടി ഉൾപ്പെടുത്തി ആണ് ഇവിടുത്തെ പ്രേക്ഷകസാമാന്യം സ്വീകരിക്കുന്നത്. മേൽപ്പറഞ്ഞ നാല് വിജയസിനിമകളും ഇയാളുടെ ഈ പറഞ്ഞ നാടകത്തോട് കൂടി ഉള്ളതായിരുന്നു താനും.

'കമ്മാരസംഭവം' ചെയ്ത രതീഷ് അമ്പാട്ടിനോ ലൂസിഫർ എഴുതിയ മുരളി ഗോപിയ്ക്കോ തീർപ്പ് അവരവരുടെ പ്രതിഭയെ ഉരച്ച് നോക്കാനുള്ള ഉരകല്ല് അല്ല. ചുമ്മാ ഒരു കൗതുകം. രണ്ടുപേരും നിർമാണത്തിൽ പങ്കാളികൾ കൂടിയാണ്. മുരളി ഗോപി സ്ക്രിപ്റ്റിന് പുറമെ പാട്ടിന് വരികൾ എഴുതുകയും സംഗീതം ചിട്ടപ്പെടുത്തുകയും കൂടി ചെയ്തതായി ടൈറ്റിൽസിൽ കണ്ടു, മറ്റൊരു കൗതുകം.

പൃഥ്വിരാജിനെയും വിജയ്‌ ബാബുവിനെയും കൂടാതെ സൈജു കുറുപ്പ്, ഇന്ദ്രജിത്ത്, സിദ്ദിഖ്, ശ്രീകാന്ത് മുരളി, ഹന്നാ റെജി കോശി, ഇഷാ തൽവാർ എന്നിവരൊക്കെയാണ് അഭിനേതാക്കൾ. ആർക്കും തന്നെ കഴിവ്‌ തെളിയിക്കാനുള്ള വകുപ്പൊന്നും സിനിമ സമ്മാനിക്കുന്നില്ല. ഹന്നാ കോശിയുടെ ലുക്ക് പൊളി ആണ്. ലുക്മാന്റെ പേര് എൻഡ്ക്രെഡിറ്റിൽ ലുക്മാൻ അഗർവാൾ എന്നു കാണിക്കുന്നത് കണ്ടു, ചെയ്ത്തായിപ്പോയി.

മഹത്തായ സിനിമ എന്നൊന്നും പറയാൻ സാധിക്കില്ല, മാസിന്റെ സിനിമയുമല്ല. ഇടവേള കഴിഞ്ഞ് ലാഗടിക്കുന്നുണ്ട് പലപ്പോഴും, പക്ഷെ ഈ സിനിമയ്ക്ക് ഒരു ചരിത്രപരമായ പ്രസക്തിയുണ്ട് തീർച്ചയായും. ഒന്നും കാണാതെ മുരളിയും രതീഷും പൃഥ്വിയും തീർപ്പ് എടുക്കില്ല. ഇത് ചിലരെയെങ്കിലും നന്നായി പ്രകോപിപ്പിക്കും. ഒടിടി ഇറങ്ങുമ്പോൾ കുരു പൊട്ടൽ രൂക്ഷമാകും. ഉറപ്പ്. അതു തന്നെ അവരുടെ ഉദ്ദേശവും.

story highlights: prithviraj movie theerpu review by shylan

Next Story