Top

'പത്തൊമ്പതാം നൂറ്റാണ്ട്' റിവ്യൂ; പറയപ്പെടാത്ത ചരിത്രം, അതിഗംഭീരന്‍ മേക്കിംഗ്, ഹാറ്റ്‌സ് ഓഫ്

സംവിധായകന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്നുള്ള നിലയിലും വിനയനെ അടയാളപ്പെടുത്തുന്ന സിനിമയായി മാറുന്നു പത്തൊന്‍പതാം നൂറ്റാണ്ട്

9 Sep 2022 7:10 AM GMT
ശൈലന്‍

പത്തൊമ്പതാം നൂറ്റാണ്ട് റിവ്യൂ; പറയപ്പെടാത്ത ചരിത്രം, അതിഗംഭീരന്‍ മേക്കിംഗ്,  ഹാറ്റ്‌സ് ഓഫ്
X

കേരള ചരിത്രത്തെയും തിരുവിതാംകൂര്‍ ചരിത്രത്തെയും കുറിച്ച് പറയുന്നിടത്തെല്ലാം പൊതുവെ ഇരുട്ട് കൊണ്ട് ഓട്ടയടച്ചു പോരുന്ന ചില താളുകളുടെ സുവ്യക്തമായ ചിത്രീകരണമാണ് വിനയന്റെ 'പത്തൊന്‍പതാം നൂറ്റാണ്ട്'. സവര്‍ണതയുടെ കെട്ടുകാഴ്ചകളില്‍ അഭിരമിക്കുന്നതും മെഴുക്കുപുരട്ടി ട്രീറ്റ്‌മെന്റുകളില്‍ വന്നുപോയിട്ടുള്ളതുമായ മലയാളത്തിലെ പിരീഡ് ഫിലിമുകളില്‍ നിന്നും എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമായ ഉദ്യമം എന്ന് സിനിമയെ വിശേഷിപ്പിക്കാം.

അവര്‍ണരുടെ പക്ഷത്തുനിന്നും അവരുടെ വീക്ഷണകോണില്‍ നിന്നുമുള്ള ചരിത്രമെഴുത്ത് എന്നത് തന്നെയാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സാമൂഹിക പ്രസക്തി. എഡി 1825 മുതല്‍ എഡി 1874 വരെ ആലപ്പുഴ ജില്ലയില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ അഥവാ കല്ലിശ്ശേരി വേലായുധ ചേകവര്‍ എന്ന നവോത്ഥാന നായകന്റെ ധീരോജ്വലമായ ജീവിതവും അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടങ്ങളും ആണ് സിനിമയുടെ പ്രമേയം.

ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതം വരച്ചുകാണിക്കുന്നതോടൊപ്പം ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിന്റെ സാമൂഹികമായ പിന്നോക്കാവസ്ഥയും രാജസില്‍ബന്ധികളുടെ കൊള്ളരുതായ്മകളും ധീരമായി വെളിച്ചത്തെത്തിക്കുവാനും സിനിമ ആര്‍ജവം കാണിക്കുന്നു. അവര്‍ണ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവദമില്ലാത്ത മുലക്കരവും മീശക്കരവും പിരിക്കുന്ന ഒരു ഭരണവും ചരിത്രവും ഈ കേരളത്തിന് സ്വന്തമായുണ്ടായിരുന്നു എന്നത് കേള്‍ക്കാനും കാണാനും അത്ര സുഖമുള്ള ഒന്നല്ല. പലപ്പോഴും അത് മൂടിവെക്കപ്പെടുന്നതുമാണ്.

അതുകൊണ്ട് തന്നെ സംവിധായകന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്നുള്ള നിലയിലും വിനയനെ അടയാളപ്പെടുത്തുന്ന സിനിമയായി മാറുന്നു പത്തൊന്‍പതാം നൂറ്റാണ്ട് . ബിഗ് ബഡ്ജറ്റിന്റെയും നൂറുകോടി നിര്‍മ്മാണച്ചെലവിന്റെയും തള്ളലുകള്‍ ഒന്നും അധികം കേട്ടില്ലെങ്കിലും മേ്ക്കിംഗ് വൈസ് നോക്കിയാലും പ്രമേയത്തോടുള്ള ഗൗരവപൂര്‍ണമായ സമീപനം വച്ച് നോക്കിയാലും ഈ അടുത്തകാലത്ത് മലയാളത്തില്‍ വന്ന ബ്രഹ്മാണ്ഡ സിനിമകളായ മരക്കാറിനും മാമാങ്കത്തിനുമെല്ലാം ബഹുദൂരം മുന്നില്‍ ആണ് പത്തൊന്‍പതാം നൂറ്റാണ്ട്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ഏറ്റവും വിഷ്വല്‍ റിച്ച്‌നെസ് ഉള്ള സിനിമകള്‍ എടുത്താലും ഈ വിനയന്‍ സിനിമ അതില്‍ മുന്‍പന്തിയില്‍ ഉണ്ടാവും.

ഒരുകാലത്ത് മലയാളത്തില്‍ ഭേദപ്പെട്ട കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്ത് ബോക്‌സ് ഓഫീസില്‍ വിജയങ്ങള്‍ കൊയ്തിരുന്ന വിനയന്‍ എന്ന സംവിധായകന്‍, പിന്നീട് തന്റെ ചില നിലപാടുകള്‍ കാരണം വര്‍ഷങ്ങളോളം വിലക്കുകളിലും തമസ്‌കരണങ്ങളിലും അകപ്പെട്ടു പോവുകയായിരുന്നു. അക്കാലത്ത് ചെയ്ത ഒരുകൂട്ടം ബി ഗ്രേഡ് സിനിമകള്‍ അദ്ദേഹത്തിന്റെ ഉള്ള പേര് കളഞ്ഞുകുളിക്കുകയും ചെയ്തു. പക്ഷേ, പുലി പതുങ്ങിയത് കുതിക്കാന്‍ തന്നെ ആയിരുന്നു എന്ന് വിനയന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിസ്സംശയം തെളിയിക്കുകയാണ്. നിലവിലുള്ള സൂപ്പര്‍ താരങ്ങളെയോ ബിസിനസ് മൂല്യമുള്ള യുവതാരങ്ങളെയോ ഒന്നും ആശ്രയിക്കാതെ സിജു വില്‍സനെ പോലൊരാളെ കാസ്റ്റ് ചെയ്ത് തനിക്കാവശ്യമുള്ള ചരിത്ര നായകനിലേക്ക് മോള്‍ഡ് ചെയ്‌തെടുക്കുകയായിരുന്നു അദ്ദേഹം എന്നതും ശ്രദ്ധേയം.

വിനയന്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന പെര്‍ഫോമന്‍സ് ആണ് സിജു വില്‍സന്റേത്. അഭിനയത്തില്‍ മാത്രമല്ല, കായികപ്രകടനങ്ങള്‍ കൊണ്ടും സിജു വില്‍സന്‍, ആറാട്ടുപുഴ വേലായുധപണിക്കരായി നിറഞ്ഞാടി. സിജുവിന്റെ കരിയര്‍ഗ്രാഫ് ഒറ്റയടിക്ക് കുതിച്ചുയര്‍ത്തുന്ന പ്രകടനം. സുദേവ് നായര്‍, ദീപ്തി സതി, ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍ തുടങ്ങി ഒരു നീണ്ടനിര അഭിനേതാക്കള്‍ സിനിമയില്‍ ഉണ്ടെങ്കിലും നങ്ങേലി എന്ന ഉജ്ജ്വല ചരിത്രമുള്ള ധീരവനിതയെ അവതരിപ്പിക്കാന്‍ ഏറക്കുറെ പുതുമുഖമായ കയാദു ലോഹര്‍ എന്ന ഇരുപത്തിരണ്ടുകാരിയെ ആണ് വിനയന്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും പ്രസ്താവ്യമാണ്. അവര്‍ ശരിക്കും ജ്വലിച്ചു.

ബിഗ് ബഡ്ജറ്റ് സിനിമകളുടെ ക്യാമറാമാന്‍ ഷാജികുമാര്‍ ആണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ സിനിമാട്ടോഗ്രാഫര്‍. സിനിമയെ ഒരു സംഭവമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. സന്തോഷ് നാരായണന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറിംഗും ഹെവി. വേലായുധപണിക്കരുടെ അന്ത്യം ക്ലൈമാക്‌സ് ആയിവരുന്ന മട്ടില്‍ സിനിമ കട്ട് ചെയ്തിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ പഞ്ച് കൂടിയേനെ എന്ന് പേഴ്‌സണലി എനിക്ക് അഭിപ്രായമുണ്ട്. പക്ഷേ, കറുത്ത ചരിത്രത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തും മട്ടില്‍ അതിന്റെ ആഘാതത്തിന് ഫോക്കസ് കൊടുക്കും മട്ടില്‍ സിനിമ നിര്‍ത്തിയത് വിനയന്റെ നീതിബോധം. അതിനാല്‍ എന്റെ അഭിപ്രായത്തെ ചുരുട്ടിമടക്കി എറിയുന്നു.

ഇങ്ങനെയൊരു സിനിമയ്ക്കായി നിര്‍ലോഭം ബഡ്ജറ്റ് ഇറക്കിയ നിര്‍മ്മാതാവ് ഗോകുലം ഗോപാലന് കൂടി ഒരു അഭിനന്ദനം പറയാതെ പോവുന്നത് മര്യാദയാവില്ല. ഹാറ്റ്‌സ് ഓഫ് യൂ, ഗോകുലം പ്രൊഡക്ഷന്‍സ്, വിനയന്‍ ആന്‍ഡ് സിജു വില്‍സന്‍. നിങ്ങള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം

Story Highlights; Pathonpatham Noottandu movie review by shylan

Next Story