Top

ആകാംക്ഷയ്ക്കൊപ്പം വൈകാരികതയും ചേർന്ന 'പത്താം വളവ്'; റിവ്യൂ

കേരളം ഏറെ ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട ചിത്രം

13 May 2022 9:36 AM GMT
ഫിൽമി റിപ്പോർട്ടർ

ആകാംക്ഷയ്ക്കൊപ്പം വൈകാരികതയും ചേർന്ന പത്താം വളവ്; റിവ്യൂ
X

നീതിയും നിയമവും എല്ലാവർക്കും ഒരുപോലെ പാലിക്കാനും പാലിക്കപ്പെടാനും ഉള്ളതാണ്. അവിടെ വേർതിരിവ് ഒന്നും തന്നെ ഇല്ല. എന്നാൽ എന്തുകൊണ്ടാണ് ചിലർക്ക് മാത്രം ആ നീതി ലഭിക്കാതെ പോകുന്നത് എന്ന് ചോദിക്കുന്നിടത്താണ് പത്താം വളവിന്റെ കഥ തുടങ്ങുന്നത്.

ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ. സാധാരണ ത്രില്ലർ ചിത്രങ്ങളിൽ നിന്ന് നിറയെ വ്യത്യസ്‌തകൾ തീർത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു വിഭാഗം കാഴ്ചക്കാരെ മാത്രം കേന്ദ്രീകരിക്കാതെ എല്ലാ തരം പ്രേക്ഷകർ പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രം എന്ന രീതിയിലാണ് പത്താം വളവിനെ ഒരുക്കിയിരിക്കുന്നത്.

കേരളം ഏറെ ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട ചിത്രം, അതിന്റെ കഥയും പകർത്തിയ ഓരോ ഫ്രെയിമും എടുത്തു പറയേണ്ടതാണ്. ഹൈറേഞ്ചിലെ ഭംഗി കൃത്യമായി ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ പറയാം. പല ലോങ്ങ് ഷോട്ടുകളും അതിനുദാഹരണമാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ തേടിയുള്ള പൊലീസ് ഉദ്യോഗസ്ഥൻ സേതുവിന്റെ യാത്രയും അവരുടെ ജീവിതവും വൈകാരികതയും ഒപ്പം തന്നെ ആകാംക്ഷയും നിറഞ്ഞതാണ്.

സോളമനായി എത്തിയ സുരാജിന്റെ ഓരോ സീനുകളും പ്രേക്ഷക മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതാണ്. അതെ പോലെ ഇന്ദ്രജിത്തിന്റെ സേതു എന്ന കഥാപാത്രവും. 'ജോസഫ്' എന്ന സിനിമയ്ക്ക് ശേഷം ഒരു പൊലീസുദ്യോഗസ്ഥന്റെ ജീവിതം മറ്റൊരു രീതിയിൽ ഈ കഥയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. നീതിക്കുവേണ്ടി കോടതിമുറിയിൽ കയറിയിറങ്ങുന്നവർക്ക് ഈ സിനിമയിലൂടെ പലതും ഓർത്തെടുക്കാൻ കഴിയും. എം പദ്മകുമാറിന്റെ മറ്റൊരു മികച്ച സംവിധാനവും അഭിലാഷ് പിള്ളയുടേ തിരക്കഥയും ഹൈ റേഞ്ചിന്റെ മനോഹാരിത പകർത്തടിയ രതീഷ് റാമിന്റെ ഛായാഗ്രഹണവും പത്താം വളവിന്റെ ഭംഗി കൂട്ടുന്നു.

പണവും സ്വാധീനവും മസിൽ പവറും രാഷ്ട്രീയവും ഉണ്ടെങ്കിൽ ഏതു കേസും എങ്ങനെ വേണമെങ്കിലും ആകാമെന്ന് ഈ സിനിമ പറഞ്ഞുവയ്ക്കുന്നു. ഒപ്പം ജാതിയും മതവും അല്ല മറിച്ച് ഒരു മനുഷ്യർ തമ്മിലുള്ള സ്നേഹമാണ് എന്തിലും വലുത് എന്നതും വ്യക്തമായി ആവിഷ്കരിച്ചിരിക്കുന്നു. ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അതിഥി രവി അവതരിപ്പിച്ചത്. ഒപ്പം രഞ്ജിൻ രാജിന്റെ സംഗീതം കൂടി ചേരുമ്പോൾ ഹൃദയത്തോട് ചേരുന്ന ഒരു സിനിമയായി 'പത്താം വളവ്' മാറുകയാണ്.

സ്വാസിക, അജ്മൽ അമീർ, ബാലതാരമായി എത്തിയ കിയാര (കണ്മണി) എന്നിവർ സിനിയമയുടെ ചിത്രത്തിലെ നിർണയാക കഥാപാത്രത്തെയാണ് അതരിപ്പിക്കുന്നത്. സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ, അനീഷ് ജി മേനോൻ, രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ എന്നിവരുടെയും അഭിനയം എടുത്ത് പറയേണ്ടതാണ്.

ഒരു ത്രില്ലർ സിനിമ എന്ന്‌ കേൾക്കുമ്പോൾ തിയേറ്ററിൽ പോയി കാണാൻ മടിക്കുന്ന കുടുംബപ്രേക്ഷകർക്ക് എന്തുകൊണ്ടും ധൈര്യത്തോടെ 'പത്താം വളവ്' കാണാം. കാരണം ഒരു പൊലീസ്-കുറ്റവാളി കഥ എന്നതിനപ്പുറത്തേക്ക് ആഴത്തിലുള്ള പല ബന്ധങ്ങളും ഈ സിനിമയിലൂടെ കാണാൻ സാധിക്കും.

Story highlights; Pathaam Valavu, which combines emotion with curiosity; Review

Next Story

Popular Stories