Top

പാല് തരും പക്കാ പ്രകൃതി ജാൻവർ, ഇന്ദ്രൻസിന്റെ അഴിഞ്ഞാട്ടം: ശൈലന്റെ റിവ്യൂ

ഒറ്റവാക്കിൽ കൂൾ എന്ന് വിശേഷിപ്പിക്കാം സിനിമയെ.

2 Sep 2022 10:40 AM GMT
ശൈലന്‍

പാല് തരും പക്കാ പ്രകൃതി ജാൻവർ, ഇന്ദ്രൻസിന്റെ അഴിഞ്ഞാട്ടം: ശൈലന്റെ റിവ്യൂ
X

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മാണം. ജാൻ എ മനിനു ശേഷം ബേസിൽ ജോസഫ് നായകൻ. തുടക്കക്കാരനായ സംഗീത് പി രാജൻ സംവിധാനം. ഇങ്ങനെയാണ് ഒറ്റനോട്ടത്തിൽ പാൽതു ജാൻവർ എന്ന സിനിമയുടെ ലൈനപ്പ്.

നിർമ്മാതാക്കളുടെ സ്ഥാനത്തുള്ള ആ മൂവരുടെ പേര് തന്നെയാവും പാൽതു ജാൻവറിലേക്കുള്ള ഏവരുടെയും ആകർഷണം. തിയേറ്ററിൽ കേറിയാലും നിർമ്മാതാക്കളുടെ ഴോനറിലുള്ള ആ ഒരു പ്രകൃതി സെറ്റപ്പ് ഉടനീളം നിലനിർത്താൻ സിനിമയ്ക്കും സംവിധായകനും സാധിച്ചിരിക്കുന്നു. ഒറ്റവാക്കിൽ കൂൾ എന്ന് വിശേഷിപ്പിക്കാം സിനിമയെ.

ആനിമേഷൻ പാഷനായിട്ടുള്ള പ്രസൂൺ ആ മേഖലയിൽ പൊളിഞ്ഞു പാളീസായി നിൽക്കുമ്പോൾ, അച്ഛൻ സർവീസിലിരിക്കുമ്പോൾ മരിച്ച വകയിൽ ലഭിക്കുന്ന ആശ്രിതനിയമനത്തിന്റെ ഓർഡർ അയാളെ തേടിയെത്തുകയാണ്. കണ്ണൂർ ജില്ലയിലെ കുടിയേറ്റമലയോര മേഖലയായ കുടിയാൻമലയിൽ ലൈവ്വ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി ഒട്ടും താൽപര്യമില്ലാതെ അയാൾ ജോലിയിൽ പ്രവേശിക്കുന്നു. തുടക്കം മുതൽ പ്രസൂണിനെ കാത്തിരിക്കുന്നത് പാരയോട് പാര.

ബേസിലിനെ സംബന്ധിച്ച് ജാൻ എ മനിലെ ജോയ്‌മോന്റെ ഒരു എക്സ്റ്റൻഷൻ ആണ് പ്രസൂൺ. മെയിൽ നഴ്‌സായ ജോയിമോൻ കാനഡയിൽ നേരിടുന്ന ബോറടിയുടെ മറ്റൊരു പതിപ്പാണ് കുടിയൻമലയിൽ പ്രസൂണിന് നേരിടേണ്ടി വരുന്നത്. പ്ലോട്ട് പുതുമയുള്ളതല്ല, പരിചരണമാണ് വ്യത്യസ്തമാകുന്നത്. ഒരാൾ ലീവിൽ പോകുന്നു, മറ്റൊരാൾ ജോലി ഉപേക്ഷിച്ച് പോവാനൊരുങ്ങുന്നു. ഒടുവിൽ ജോയിമോൻ കടന്നുപോയ അതേ ക്ളൈമാക്സിലൂടെ സധീരം മുന്നോട്ടുപോയി , ജോലി ഉപേക്ഷിക്കാതെ തന്നെ പ്രസൂൺ നാട്ടുകാരുടെ കയ്യടി നേടുകയും ആത്മവിശ്വാസമാർജിക്കുകയും ചെയ്യുന്നു.

പ്ലോട്ടിൽ സിമ്പിളാണെങ്കിലും അതിൽ നിന്ന് തെന്നിമാറിയില്ല എന്നത് സ്ക്രിപ്റ്റിന്റെ ഗുണമാണ്. വിനോയ്‌ തോമസും അനീഷ് അഞ്ജലിയും ചേർന്നാണ് എഴുത്ത്. പുതുമുഖമാണെങ്കിലും സംവിധായകൻ സംഗീത് പി രാജനും മേക്കിംഗിൽ പാളിയില്ല. രണദിവെയുടെ ക്യാമറാവർക്ക് സിനിമയിൽ സിങ്കാണ്.

ബേസിൽ ജോസഫ് ഉൾപ്പടെ എല്ലാവരും പെർഫോമൻസിൽ മികച്ചു നിന്നു. വാർഡ് മെമ്പറായ ഇന്ദ്രൻസും വെറ്റിനറി ഡോക്ടർ ഷമ്മി തിലകനും അക്ഷരാർത്ഥത്തിൽ അഴിഞ്ഞാട്ടമായിരുന്നു. സ്‌ക്രീൻ സ്പെയ്സ് കിട്ടിയതിനാൽ ഇന്ദ്രൻസ് ചേട്ടൻ ആയിരുന്നു പൊളി കൂടുതൽ. ജോണി ആന്റണിയുടെ ഒക്കെ റെയ്ഞ്ച് കുതിച്ചുയർന്നു പോവുന്നത് വിസ്മയത്തോടെയേ കാണാനാവൂ. ദിലീഷ് പോത്തന്റെയും ഉണ്ണിമായയുടെയുമൊക്കെ കാര്യം പിന്നെ പറയണ്ടതില്ലല്ലോ.

ഇവർക്കൊപ്പം പേരെടുത്തിട്ടില്ലാത്ത അഭിനേതാക്കളുടെ പ്രകടനം കൂടി എടുത്ത് പറയണം. പ്രസൂണിന്റെ സഹപ്രവർത്തകൻ മാത്യൂസ് (കിരൺ), ഡേവിസിന്റെ ഭാര്യ ഒക്കെ ഉദാഹരണം. ഒപ്പം മോളിക്കുട്ടി എന്ന പശുവിന്റെ പെർഫോമൻസും അന്യാദൃശ്യം. ഇവരൊക്കെ കൂടിയാണ് രണ്ടുമണിക്കൂറിൽ പാൽതു ജാൻവറിനെ സജീവമാക്കി നിർത്തുന്നത്. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും പൊതുവെ നിരൂപദ്രവകാരി ആയതിനാൽ ആ വഴിക്കുള്ള ശല്യവുമില്ല.

പ്രകൃതിസിനിമകൾ ഇഷ്ടപ്പെടുന്നവർക്കും മൃഗസ്നേഹികൾക്കും എന്തായാലും സിനിമ ഇഷ്ടപ്പെടും. ഓണത്തിന്റെ ഫെസ്റ്റിവൽ വൈബിന് മുട്ടിനിൽക്കാൻ ഉള്ള കപ്പാസിറ്റി ഇല്ല താനും. പക്കാ പ്രകൃതി ആണെന്നത് തന്നെ കാരണം. പക്ഷെ, വെക്കേഷൻ ആയിട്ടും ഓപ്പോസിറ്റ് മുട്ടാൻ പഴയ തല്ലുമാല അല്ലാതെ വേറൊരു സിനിമയുമല്ല എന്നത് പാൽതു ജാൻവറിന് ഒരുപാട് ഗുണം ചെയ്യും. ബേസിൽ അങ്ങനെ സോളോ ഹീറോ ആയും ക്ലിക്കാവാൻ പോവുകയാണ്.

story highlights: palthu janwar movie review

Next Story