Top

'പട' റിവ്യൂ: തീവ്രം, സത്യസന്ധം, മുന്നേറ്റങ്ങള്‍ക്കൊരു ട്രിബ്യൂട്ട്

സമരങ്ങളിൽ തന്നെ ഏറ്റവും ശക്തമായ ഒന്നാണ് കേരളത്തിൽ ആദിവാസി ഭൂസമരങ്ങൾ. ഇതിന് ഒരു അപവാദമായി പട മാറുന്നു. ശക്തമായ മേക്കിങ് കൊണ്ടും സത്യസന്ധത കൊണ്ടും സിനിമ വ്യത്യസ്തമായ കാഴ്ചനുഭവമായി മാറുന്നു

11 March 2022 11:42 AM GMT
അപർണ പ്രശാന്തി

പട റിവ്യൂ: തീവ്രം, സത്യസന്ധം, മുന്നേറ്റങ്ങള്‍ക്കൊരു ട്രിബ്യൂട്ട്
X

ആദിവാസി ഭൂനിയമം കേരളത്തിൽ നിലവിൽ വന്നിട്ട് പതിറ്റാണ്ടുകളായി. അതിലേറെ കാലം പഴക്കമുണ്ട് നീതി നിഷേധത്തിനെതിരയുള്ള ആദിവാസി സമരങ്ങൾക്കും മുന്നേറ്റങ്ങൾക്കുമെല്ലാം. കെ ആർ ഗൗരിയമ്മ ഒഴികെയുള്ള ഭരണ പ്രതിപക്ഷ നേതാക്കൾ ഒരുപോലെ അനുകൂലിച്ച ഈ നിയമം കടുത്ത നീതി നിഷേധത്തിന്റെ പേരിൽ ഇന്നും പല വിധ ചർച്ചകൾക്കും കാരണമാകുന്നു.

ഇതിനെതിരെ കേരളത്തെ ഞെട്ടിച്ച നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. അതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അയങ്കാളി പട പാലക്കാട്‌ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം. കല്ലറ ബാബു,കാഞ്ഞങ്ങാട് രമേശൻ,അജയൻ മണ്ണൂർ,വിളയോടി ശിവൻകുട്ടി എന്നീ പൊതുപ്രവർത്തകർ 1996 ൽ നടത്തിയ 'ബന്ദിസമരം ' വലിയ ചർച്ചകൾക്കും അന്ന് വഴിവച്ചിരുന്നു. ആ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കെ എം കമൽ 'പട ' ഒരുക്കിയത്.

വലിയ താര നിര കൊണ്ടാണ് പട ആദ്യം ശ്രദ്ധ നേടിയത്. കുഞ്ചാക്കോ ബോബൻ,ജോജു ജോർജ്,വിനായകൻ,ദിലീഷ് പോത്തൻ,ഇന്ദ്രൻസ്,സലിം കുമാർ,പ്രകാശ് രാജ്,ടി ജി രവി,കനി കുസൃതി,ഉണ്ണിമായ പ്രസാദ്,സാവിത്രി ശ്രീധരൻ,ജഗദീഷ് തുടങ്ങീ വലിയൊരു താര നിര കൊണ്ട് സമ്പന്നമാണ് സിനിമ. കോവിഡും മറ്റു പ്രതിസന്ധികളും കാരണം നീട്ടി വച്ച റിലീസ് തീയതികൾക്കൊടുവിൽ പട ഇന്ന് തീയറ്ററുകളിൽ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന സിനിമയുടെ ട്രെയിലർ ചർച്ചയായിരിക്കെ തന്നെയാണ് സിനിമയുടെ റിലീസ്.


ലോകത്ത് ഏറ്റവും പൊതു ജന ശ്രദ്ധ പതിയുന്ന കല സിനിമയാണ്. നിലവിൽ ഏറ്റവും സാങ്കേതിക വിദ്യയെയും പണത്തെയും ഒക്കെ ആശ്രയിക്കുന്ന കലാരൂപം സിനിമയാണ്,പ്രത്യേകിച്ച് പോപ്പുലർ സിനിമ. ഇന്ത്യയിലും കേരളത്തിലും ഒന്നും സ്ഥിതി വ്യത്യസ്തമല്ല. പല നിലക്ക് ഇവിടെ സിനിമ ചർച്ചയാകാറുണ്ട്. ചില സിനിമകൾ കാണികളെ വിനോദിപ്പിക്കുന്നതിനുള്ള കറക്റ്റ് മീറ്റർ പിന്തുടർന്നു കയ്യടി നേടാറുണ്ട്,മറ്റു ചിലവ് സാങ്കേതിക വിദ്യകളുടെയും ക്രാഫ്റ്റിന്റെയും സന്തുലിതമായ ഉപയോഗത്തിലൂടെ ചർച്ചയാവും,ചിലത് കഥാഗതിയോ തിരക്കഥയോ ഒക്കെ കൊണ്ട് കാണികളെ സ്പർശിക്കും. മാസ്സ് സിനിമകൾ,ക്ലാസ് സിനിമകൾ,ഫെസ്റ്റിവൽ സിനിമകൾ,ആർട്ട്‌ ഹൗസ് സിനിമകൾ തുടങ്ങീ പൊളിറ്റിക്കൽ സിനിമകൾ എന്ന് വരെ ആളുകൾ പേരിട്ടു വിളിക്കുന്ന സിനിമകൾ ഇവിടെ ഇറങ്ങാറുണ്ട്. അതിന്റെ തന്നെ വേറിട്ട ഒരു തലമാണ് സിനിമ ഒരു പ്രതിഷേധ മാർഗമാകുന്നത്. ആർട്ട്‌ ഒരു ആക്റ്റീവിസം ആകുന്ന രീതി എന്നൊക്കെ വേണമെങ്കിൽ അതിനെ പറയാം. മലയാള സിനിമയിൽ പ്രത്യേകിച്ച് പോപ്പുലർ സിനിമയിൽ പോപ്പുലർ താരങ്ങളെ വച്ചു അത്തരം ശ്രമങ്ങൾ വളരെ കുറവാണ്. അത്തരം ഒരു സിനിമയാണ് പട.

വളരെ പ്രയാസമാണ് ഒരു യഥാർത്ഥ സമരത്തെ സിനിമയിൽ ആവിഷ്കരിക്കാൻ. ആ സമരത്തോടും സിനിമ എന്ന കലാരൂപത്തോടും നീതി പുലർത്തി കൊണ്ട് അത് പല തരത്തിലുള്ള കാണികൾക്ക് മുന്നിലേക്ക് എത്തിക്കുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. കാണികളെ പിടിച്ചിരുത്തുക,ആ സമരത്തെ സത്യസന്ധമായി അവതരിപ്പിക്കുക എന്നിവയൊക്കെ പലപ്പോഴും അസാധ്യമായ കാര്യമാണ്. സമരങ്ങളിൽ തന്നെ ഏറ്റവും ശക്തമായ ഒന്നാണ് കേരളത്തിൽ ആദിവാസി ഭൂസമരങ്ങൾ. ഇതിന് ഒരു അപവാദമായി പട മാറുന്നു. ശക്തമായ മേക്കിങ് കൊണ്ടും സത്യസന്ധത കൊണ്ടും സിനിമ വ്യത്യസ്തമായ കാഴ്ചനുഭവമായി മാറുന്നു.

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്,എന്നാൽ ഫിക്ഷന്റെ സിനിമാറ്റിക് സാധ്യതകൾ ഉപയോഗിച്ച് എടുക്കുന്ന സിനിമ എന്നു തന്നെ പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഡോക്യുമെന്ററിയുടെയോ ഡോക്യുഫിക്ഷന്റെയും സ്വഭാത്തിലേക്ക് വഴുതി വീഴാൻ എളുപ്പമുള്ള ഒരു പ്രമേയവുമായിരുന്നു സിനിമയുടെത്. പക്ഷെ വളരെയധികം സിനിമാ സങ്കേതത്തിന്റെ സാധ്യതകളെ പട ആശ്രയിക്കുന്നു. അത് സിനിമയെ അതിലുപരി കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പരിഛേദത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയത്തെ കാണികളിലെത്തിക്കുന്നു.


വിഷയത്തിന്റെ തീവ്രതയെ കാണികളിലേക്ക് എത്തിക്കാൻ സംവിധായകനെ ഏറ്റവുമധികം സഹായിച്ചത് ഓരോ സീനിലും വരുന്ന നടീനടന്മാരുടെ അഭിനയം ആണ്. സ്പേസ് അറിഞ്ഞു അഭിനയിച്ചു കാണികളിലേക്ക് ഓരോ നടനും സ്വന്തം കഥാപാത്രത്തെ എത്തിക്കുന്നു. പ്രധാന വേഷത്തിൽ എത്തിയ നടീനടന്മാർക്കൊപ്പം ചെറിയ റോളുകളിൽ വരുന്നവരും കാണികളിലേക്ക് എത്തുന്നു. ഒപ്പം കൃത്യമായ പശ്ചാത്തല സംഗീതവും ഛായാഗ്രണവും എഡിറ്റിങ്ങും ഒക്കെ സിനിമയെ നല്ല കാഴ്ചനുഭവമാക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.

ഭരണകൂടത്തെ,സിസ്റ്റത്തെ ഒക്കെ വിമർശിക്കുമ്പോൾ സിനിമ പൊതുവെ മൃദു സമീപനം സ്വീകരിക്കാറുണ്ട്. പക്ഷെ പട കൃത്യമായി പക്ഷം പിടിച്ചു അതിനെ വിമർശിക്കുന്നുണ്ട്. അതിനൊപ്പം തന്നെ നല്ലൊരു സിനിമാറ്റിക് അനുഭവമാണ്. മറവിയിലേക്ക് വീണു പോയ അല്ലെങ്കിൽ മനഃപൂർവം മറന്നു പോകേണ്ടി വരുന്ന ബന്ദി സമരം പോലുള്ള മുന്നേട്ടങ്ങൾക്കുള്ള ട്രിബ്യുട്ട് ആണ് സിനിമ.

Story Highlights: Pada Movie Review

Next Story