Top

ഒറ്റ് റിവ്യൂ; സ്വാമിയുടെയും ചാക്കോച്ചന്റെയും ഗ്യാങ്സ്റ്റര്‍ വെടി, പക്കാ സ്ലോ പോയിസണ്‍ ഐറ്റം

ചിലപ്പോള്‍ അത് ഇമോഷണല്‍ ഡ്രാമ ആണ്, ചിലപ്പോള്‍ റോഡ് മൂവി, ചിലപ്പോള്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ എന്നിങ്ങനെ പല ഴോനറുകള്‍ ബ്ലെന്‍ഡ് ചെയ്തുകൊണ്ടുള്ള ഒരു കളിയാണ് ഒറ്റ്

10 Sep 2022 11:56 AM GMT
ശൈലന്‍

ഒറ്റ് റിവ്യൂ; സ്വാമിയുടെയും ചാക്കോച്ചന്റെയും ഗ്യാങ്സ്റ്റര്‍ വെടി, പക്കാ സ്ലോ പോയിസണ്‍ ഐറ്റം
X

ഉഡുപ്പിയിലെ എംപയര്‍ എന്നുപേരായ ഒരു ഡ്രൈവ് ഇന്‍ തിയേറ്റര്‍. 2020ലെ ഒരു രാത്രി. സ്‌ക്രീനില്‍ 'ദ ഗുഡ്, ദ ബാഡ് ആന്‍ഡ് ദ അഗ്ലി'യിലെ ഒരു ഗണ്‍ ഫൈറ്റ്. സ്‌ക്രീനിനു പുറത്തും അതു തന്നെ സംഭവിക്കുന്നു. പ്രത്യേകിച്ച് ഡീറ്റൈലിങ്ങ് ഒന്നും കൂടാതെ ഒറ്റ് ചാപ്റ്റര്‍ 2 എന്ന സിനിമയുടെ ടൈറ്റിലുകള്‍ പുരോഗമിക്കുന്നു. നേരെ വര്‍ത്തമാനകാലത്തിലേക്ക് കട്ട് ചെയ്യുന്നു.

2022. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കഫെ. കിച്ചു എന്ന നായകനും അയാളുടെ കാമുകിയും തമ്മില്‍ നടക്കുന്ന ഫ്യൂച്ചര്‍ പ്ലാനിംഗ് സംഭാഷണങ്ങള്‍. സ്‌പെയിനില്‍ പോവണം രണ്ടാള്‍ക്കും. അതിന് ക്യാഷ് വേണം. പ്രസ്തുത ധനശേഖരണാര്‍ത്ഥം കിച്ചുവിന്റെ ഗാര്‍ഡിയന്‍ ആയ ചാച്ച അവന് ഒരു കൊട്ടേഷന്‍ പിടിച്ചുകൊടുക്കുകയാണ്.

തീവണ്ടി എന്ന ഹിറ്റ് സിനിമ ചെയ്ത ടി പി ഫെല്ലിനിയുടെ പുതിയ സിനിമ ആയ ഒറ്റിന്റെ പശ്ചാത്തലം ഇത്രയാണ്. ആദ്യം കാണിച്ച വെടിവെപ്പില്‍ ബോധവും കിളിയും പോയി ഭൂതകാലം പാടെ മറന്ന സ്വര്‍ണക്കടത്തുകാരന്‍ ദാവൂദ് എന്നയാളെ രണ്ടാഴ്ച കൊണ്ട് വര്‍ത്തമാനകാലത്തിലേയ്ക്ക് കൊണ്ടുവരണം എന്നതാണ് കൊട്ടേഷന്‍. സാമദാനഭേദദണ്ഡങ്ങള്‍ ഒന്നും ഏല്‍ക്കാത്തിടത്തേയ്ക്കാണ് കിച്ചു എന്ന കുഞ്ചാക്കോ ബോബന്‍ തന്റെ മിഷനുമായി പോവുന്നത്. അരവിന്ദ് സ്വാമിയാണ് ദാവൂദ്.

ഒരു കാലത്തു ചോക്ലേറ്റ് നായകന്മാരായി വാളയാറിന് അപ്പുറവും ഇപ്പുറവും വിരാജിച്ചിരുന്ന സ്വാമിയും ചാക്കോച്ചനും തീര്‍ത്തും മാറിയ ട്രാക്കിലാണ് ഒറ്റ് മുന്നോട്ട് കൊണ്ടുപോവുന്നത്. ചിലപ്പോള്‍ അത് ഇമോഷണല്‍ ഡ്രാമ ആണ്, ചിലപ്പോള്‍ റോഡ് മൂവി, ചിലപ്പോള്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ എന്നിങ്ങനെ പല ഴോനറുകള്‍ ബ്ലെന്‍ഡ് ചെയ്തുകൊണ്ടുള്ള ഒരു കളി. തുടക്കത്തില്‍ തന്നെ നമ്മള്‍ പ്രതീക്ഷിക്കുന്ന ട്വിസ്റ്റും സ്വാഭാവികമായും ഉണ്ട്.

വണ്‍ലൈന്‍ പറയുമ്പോള്‍ ഗംഭീരനൊരു ത്രെഡ് ഒറ്റിന് ഉണ്ട്. ക്രൈം ഫിക്ഷനുകളില്‍ ഒക്കെയാണെങ്കില്‍ എറിച്ച് നില്‍ക്കുന്ന ഒരു ഫോര്‍മാറ്റ് ആണ് അത്. പക്ഷേ, അതിലെ പ്രീക്വലും സീക്വലും വിട്ട് നടുക്കഷ്ണം മാത്രം ചാപ്റ്റര്‍ 2 എന്ന പേരില്‍ ഇറക്കുമ്പോള്‍ ഒരു വിഭാഗം പ്രേക്ഷകര്‍ കുറച്ച് കൂടി മുറുക്കം ആഗ്രഹിച്ചേക്കും. ഹോളിവുഡ് സ്‌റ്റൈല്‍ ഒക്കെ പിടിച്ച് വെറൈറ്റി ആക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഈയൊരു പാര്‍ട്ട് മാത്രമെടുത്തു നോക്കുമ്പോള്‍ താളവും വേഗവും കൂട്ടാന്‍ സ്‌ക്രിപ്റ്റില്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി നടത്താമായിരുന്നെന്ന് ചിലര്‍ക്ക് തോന്നും. അതിനെ മറി കടക്കാനുള്ള മേക്കിങ്ങ് എനര്‍ജിക്ക് വേണ്ടിയാണ് ഫെല്ലിനി ശ്രമിച്ചിരിക്കുന്നത്.

അരവിന്ദ് സ്വാമിയുടെ ലുക്കും മേക്ക് ഓവറും പൊളി ആയിട്ടുണ്ട്. ഇങ്ങേരില്‍ ഇനിയും ഉപയോഗപ്പെടുത്താനാവാതെ കിടക്കുന്ന സാധ്യതകള്‍ എത്രത്തോളം ആണെന്ന് പലപ്പോഴും ചിന്തിച്ചു പോകും. വിനീതിന്റെ ഡബ്ബിംഗ് സ്വാമിയെ ഒന്നുകൂടി ലൈവ് ആക്കി മാറ്റി. അടുത്ത പാര്‍ട്ടിലേക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് അരവിന്ദ് സ്വാമി ആണ്.

കുഞ്ചാക്കോ ബോബനും കട്ടയ്ക്ക് കട്ട പിടിച്ചുനില്‍ക്കുന്നു. ആക്ഷന്‍ സീക്വന്‍സുകളില്‍ പുള്ളി ഇതുവരെ കാണാത്ത വിളയാട്ടമാണ്. കുറച്ച് നേരമേ സ്‌ക്രീനില്‍ ഉള്ളൂവെങ്കിലും പ്രസന്‍സിന്റെ കാര്യത്തില്‍ ജാക്കീ ഷ്രോഫും വന്‍... ആടുകളം നരേന്‍ ആണ് മറ്റൊരു മെയിന്‍ താരം. ഏത് ഭാഷയിലേക്കും ഉതകുന്ന വിധത്തില്‍ ആണ് കാസ്റ്റിങ് എന്നത് പ്രസ്താവ്യമാണ്.

സിനിമയുടെ റോഡ് മൂവി ഫ്‌ളേവര്‍ ഉള്ള ഭാഗം നന്നായിട്ടുണ്ട്. ഛായാഗ്രഹണം വിജയ്, എഡിറ്റിങ് അപ്പു ഭട്ടതിരി, സൗണ്ട് ഡിസൈനിങ് രംഗനാഥ രവി എന്നിവരുടെ ക്രെഡിറ്റ് കാണാതെ പോവാന്‍ കഴിയില്ല. ആക്ഷന്‍ കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വയും അവസാനഘട്ടത്തില്‍ തൂത്തുവാരുകയാണ്. സ്ലോ പോയിസണ്‍ ഐറ്റംസും വെറൈറ്റിയും താല്‍പര്യമുള്ളവര്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

Story Highlights; ottu Movie review by Shaylan

Next Story