Top

'ഒരു തെക്കന്‍ തല്ല് കേസ്' റിവ്യൂ; എണ്‍പതുകളില്‍ നിന്നൊരു എന്റര്‍ടെയ്ന്‍മെന്റ്

പ്രശസ്ത എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ഏറെ വായിക്കപ്പെട്ട നീണ്ട ചെറുകഥയെ അടിസ്ഥാനമാക്കി എടുത്തതാണ് ഒരു തെക്കന്‍ തല്ല് കേസ്

9 Sep 2022 9:07 AM GMT
ശൈലന്‍

ഒരു തെക്കന്‍ തല്ല് കേസ് റിവ്യൂ; എണ്‍പതുകളില്‍ നിന്നൊരു എന്റര്‍ടെയ്ന്‍മെന്റ്
X

പൊന്നാനിക്കാരുടെ മലപ്പുറം തല്ലുമാല തിയേറ്ററില്‍ ഓളമായി മാറി 75കോടി കിലുക്കി നില്‍ക്കുന്ന സമയത്ത് ദാ വരുന്നു 'ഒരു തെക്കന്‍ തല്ല് കേസ്'. തിരുവനന്തപുരം ജില്ലയിലെ കടലോരദേശമായ അഞ്ചുതെങ്ങ് ആണ് പശ്ചാത്തലം. കാലഘട്ടം എണ്‍പതുകള്‍. അടിയ്ക്ക് അടി തന്നെ പ്രമേയം.

അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിലെ ജീവനക്കാരനും സ്ഥലത്തെ ബിജുമേനോനുമായ അമ്മിണിപ്പിള്ള. തെമ്മാടിയല്ല പക്ഷെ തന്റേടി ആണ്. ഭാര്യ രുഗ്മിണി. രുഗ്മിണിയുടെ കൂട്ടുകാരിയും അയലോക്കക്കാരിയുമായ വാസന്തി. വസന്തിയുടെ കാമുകനും പ്രതിശ്രുതവരനുമായ പൊടിയന്‍. അയാളുടെ നാല് കൂട്ടുകാര്‍. ഇത്രയുമാണ് തെക്കന്‍ തല്ലിലെ പ്രധാനകഥാപാത്രങ്ങള്‍. ഇവര്‍ക്കിടയില്‍ ചില പ്രത്യേക സാഹചര്യത്തില്‍ ഉടലെടുക്കുന്ന സംഭവങ്ങളുടെ വള്ളി പിടിച്ചാണ് സിനിമയുടെ പുരോഗതി.

ചിലയിടത്ത് ഒരു മഹേഷിന്റെ പ്രതികാരത്തിന്റെ ഫ്‌ളേവര്‍ വരുന്നുണ്ടോ എന്ന് ഏതെങ്കിലും പ്രേക്ഷകര്‍ക്ക് സംശയം തോന്നിയേക്കാമെങ്കിലും, ഈ സിനിമ പ്രശസ്ത എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ഏറെ വായിക്കപ്പെട്ട നീണ്ട ചെറുകഥയെ അടിസ്ഥാനമാക്കി എടുത്തതാണ്. പോരാത്തതിന് ട്രീറ്റ്‌മെന്റ് ഒട്ടും തന്നെ പ്രകൃതി ടൈപ്പ് അല്ല. പക്കാ കളര്‍ഫുള്‍ ആണ് തെക്കന്‍ തല്ല്.

മൂലകഥ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് ആണെങ്കിലും സിനിമ ആ കഥയുടെ ഒരു പോര്‍ഷന്‍ മാത്രമാണ്. മുപ്പത് കൊല്ലങ്ങള്‍ കൊണ്ട് നടക്കുന്ന സംഭവങ്ങള്‍ ആണ് മൂലകഥയില്‍ എങ്കില്‍ രാജേഷ് പിന്നാടന്‍ അതില്‍ നിന്ന് രചിച്ച തെക്കന്‍ തല്ലിന്റെ തിരക്കഥയില്‍ അത് ഏതാനും ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് ചെറിയ കാലയളവില്‍ തീര്‍പ്പാക്കിയിരിക്കുന്നു. അതിനനുസരിച്ച് സംഭവങ്ങളെയും ചില കഥാപാത്രങ്ങളെയും വെട്ടിക്കുറച്ചിട്ടുണ്ട്. അമ്മിണിപ്പിള്ള കഥയില്‍ ലൈറ്റ് ഹൗസ് പോലെ തോന്നിക്കുന്ന എലുമ്പന്‍ ആണെങ്കില്‍ സിനിമയില്‍ ബിജു മേനോനെ പോലൊരു ആജാനബാഹു ആണ്. മറ്റു കഥാപാത്രങ്ങള്‍ക്കും സിനിമ കുറേക്കൂടി മിഴിവ് നല്‍കിയിരിക്കുന്നു.

മാറ്റങ്ങള്‍ വേറെയും ഉണ്ടെങ്കിലും അതൊന്നും കഥ വായിക്കാത്ത സാധാരണ പ്രേക്ഷകന് ആസ്വാദനത്തിന് വിഘാതമല്ല. ബിജു മേനോന്റെ താര ശരീരത്തെ ഏറക്കുറെ ഒരു മുണ്ടൂര്‍ മാടന്‍, അയ്യപ്പന്‍ നായര്‍ സ്‌റ്റൈലില്‍ പൊലിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഏറക്കുറെ വിജയകരവുമാണ്. പക്ഷേ, അതിന് ഉപോദ്ബലകമായ സംഭവങ്ങള്‍ കഥയിലൂടെ തിരക്കഥയിലോ അധികമൊന്നും ഇല്ല എന്നത് ഒരു സത്യമാണ്. മൂലകഥയിലെ അമ്മിണി യഥാര്‍ത്ഥത്തില്‍ ഒരു വല്യ ഹീറോയിസക്കാരന്‍ അല്ലെന്നത് തന്നെ കാരണം.

സിനിമയില്‍ തിളക്കം കൂടി ബിജു മേനോനെയും അമ്മിണിപ്പിള്ളയേയും കവിഞ്ഞുനില്‍ക്കുന്ന ക്യാരക്റ്റര്‍ രുഗ്മിണിയുടേതാണ്. ഒറിജിനല്‍ സ്റ്റോറിയിലെ രുഗ്മിണി ഇത്ര കിടു അല്ല. പദ്മപ്രിയ അത് അതിഗംഭീരമാക്കി. സിനിമയില്‍ വൈകാരികമായി ഉള്ളുനിറയ്ക്കുന്നതും കയ്യടിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതുമായ സന്ദര്‍ഭങ്ങളെല്ലാം രുഗ്മിണിയും പദ്മപ്രിയയും ഹൈജാക്ക് ചെയ്തു. ഫീല്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പദ്മപ്രിയയെ കാസ്റ്റ് ചെയ്ത സംവിധായകന്‍ ശ്രീജിത്തിനും ഒരു കയ്യടി ഉണ്ട്.

സിനിമയുടെ മൊത്തത്തില്‍ ഉള്ള മേക്കിംഗ് സ്‌റ്റൈലും കൊള്ളാം. കാലഘട്ടത്തെ ആഴത്തില്‍ അടയാളപ്പെടുത്താന്‍ കാര്യമായ അധ്വാനമൊന്നും നടത്താതെ തന്നെ എണ്‍പതുകളെ രസമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ആ ഒരു കവലയും കഥാപാത്രങ്ങളും കോസ്റ്റിയൂം ഒക്കെത്തന്നെ ധാരാളം. സിനിമ അത്രയേ ആവശ്യപ്പെടുന്നുമുള്ളൂ. പ്രാദേശിക ഭാഷയെ സംഭാഷണത്തില്‍ കൊണ്ടു വന്നത് ആസ്വാദ്യത കൂട്ടി.

റോഷനും നിമിഷയും പൂ പറിക്കുന്ന പോലെ അനായാസം ചെയ്തിട്ടുണ്ട് പൊടിയനെയും വാസന്തിയെയും. പൊടിയന്റെ ടീമും കാസ്റ്റിംഗിലെ മികവ് കൊണ്ട് പൊളിച്ചു. ജസ്റ്റിന്‍ വര്‍ഗീസിന്റെ പാട്ടും അതിലുപരി പശ്ചാത്തല സംഗീതവും സിനിമയ്ക്ക് വന്‍ മുതല്‍ക്കൂട്ടാണ്.

ജി ആര്‍ ഇന്ദുഗോപന്റെ കഥ മുന്‍പേ വായിച്ച് സിനിമയ്ക്ക് പോകുന്നവര്‍ക്കും ബിജു മേനോനിലെ മുണ്ടൂര്‍ മാടനെ പ്രതീക്ഷിച്ച് പോവുന്നവര്‍ക്കും ഒക്കെ ചെറിയ നിരാശ ഒക്കെ ഉണ്ടായേക്കാം എങ്കിലും അത്തരം ആലഭാരങ്ങള്‍ ഒന്നുമില്ലാതെ കാണുന്ന പ്രേക്ഷകന് തെക്കന്‍ തല്ലുകേസ് നല്ലൊരു ഓണക്കാല എന്റര്‍ടെയ്ന്‍മെന്റ് ആയിമാറിയേക്കാം.

Story Highlights; Oru Thekkan Thallu Case movie review by shylan

Next Story