Top

'ന്നാ താന്‍ കേസ് കൊട്' റിവ്യൂ: അമ്പരപ്പിച്ച് ചാക്കോച്ചന്‍, പതിഞ്ഞ വേഗത്തില്‍ ഒരു കോടതി ഡ്രാമ

11 Aug 2022 3:05 PM GMT
ശൈലന്‍

ന്നാ താന്‍ കേസ് കൊട് റിവ്യൂ: അമ്പരപ്പിച്ച് ചാക്കോച്ചന്‍, പതിഞ്ഞ വേഗത്തില്‍ ഒരു കോടതി ഡ്രാമ
X

ഞൊടിയിടയില്‍ വൈറലായ പൂരപ്പറമ്പിലെ ചാക്കോച്ചന്റെ നൃത്തപ്രകടനം, പുതുമയുള്ള കള്ളന്‍ മെയ്ക്ക്ഓവര്‍, കാസറഗോഡന്‍ പശ്ചാത്തലം, കൊളോക്കിയല്‍ സ്ലാങ്ങിന്റെ റിഥം, റീമിക്‌സ് ചെയ്യപ്പെട്ട 'ദൈവദൂതന്‍ പാടി..' സോംഗിന്റെ നോസ്റ്റാള്‍ജിക് ഫീല്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ റിലീസിന് മുന്‍പ് തന്നെ മലയാളികള്‍ നോട്ട് ചെയ്ത സിനിമ ആണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ 'ന്നാ താന്‍ കേസ് കൊട്'. ഇന്ന് കാലത്ത് മലയാളത്തിലെ പത്രങ്ങളില്‍ വന്ന റിലീസ് ദിനപരസ്യത്തിലെ ഒരു 'കുഴി'വാചകം സിപിഎം സൈബര്‍പോരാളികളുടെ വ്യാപകമായ എതിര്‍പ്പ് വിളിച്ചുവരുത്തുക കൂടി ചെയ്തതോടെ രംഗം കൊഴുത്തു.

ന്നാ താന്‍ കേസ് കൊട് എന്ന ടൈറ്റില്‍ സൂചിപ്പിക്കുന്നതും പുറത്തുവന്ന ടീസറിലും ട്രെയിലറിലും കണ്ടതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്നെയാണ് സിനിമയുടെ ഉള്ളടക്കം. അതിലപ്പുറം അധികം വികാസമൊന്നും സിനിമയിലെ കഥാഗതികള്‍ക്കും ക്ലൈമാക്‌സിനും ഇല്ല എന്നതും എടുത്ത് പറയണം.

ഈയിടെയായി എണ്ണത്തില്‍ കുറെയേറെ വന്ന കോര്‍ട്ട്‌റൂം ഡ്രാമാ ഴോണറിന്റെ പിന്‍പറ്റിയാണ് ന്നാ താന്‍ കേസ് കൊട് വികസിക്കുന്നത്. അന്ത്യം വരെ അത് അങ്ങനെ തന്നെ തുടരുന്നു. 'ജനഗണമന', 'വാശി', 'നാരദന്‍', 'മഹാവീര്യര്‍' പോലുള്ള സിനിമകള്‍ എല്ലാം ഓര്‍ക്കാം. common man against power politics and state എന്നതാണ് ബേസിക് ത്രെഡ് എന്നതിനാല്‍ കൂട്ടത്തില്‍ കുറെയേറെ സിനിമകള്‍ കൂടി ഓര്‍മ്മയിലെത്തും. ഏറക്കുറെ റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്നു എന്നതും സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും സ്വാഭാവികനര്‍മ്മത്തിന്റെ അകമ്പടി ഉണ്ടെന്നതും ആണ് ആവര്‍ത്തനത്തിനിടയിലും ഈ സിനിമയെ ആസ്വാദ്യമായി നിലനിര്‍ത്തുന്നത്.

2016ലെ ഒരു രാത്രിയില്‍ കള്ളനായ രാജീവനും കൂട്ടുകാരനും ഒരു മോഷണം കഴിഞ്ഞ് തൊണ്ടിവസ്തുവും തലയിലേറ്റി ഹോസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലാകുമ്പോള്‍ പുഴയില്‍ ചാടി നീന്തി രക്ഷപ്പെടുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്. തന്റെ പ്രവര്‍ത്തനമേഖലയില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുത്തതായി പ്രഖ്യാപിച്ച് , വീടുംകുടിയും സെറ്റപ്പില്‍ അവിടെയൊരു ലിവിംഗ് ടുഗെദര്‍ റിലേഷനൊക്കെയായി ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി രാജീവന്‍ ഒരു മോഷണകുരുക്കില്‍ പെടുന്നു. ഇത്രയും സംഭവങ്ങളും ആടലോടകം പാട്ടും പൂരപ്പറമ്പും ദേവദൂതര്‍ ഡാന്‍സും ഒക്കെ നടക്കുന്നത് 15മിനിറ്റില്‍ ആണ്.

കോടതിയും കേസും ജീവിതത്തില്‍ ഒട്ടുംപുതുമയല്ലാത്ത രാജീവന്‍ തനിക്ക് വന്നു പെട്ട കെണി നിയമപരമായി തന്നെ നേരിട്ട് സിനിമ തീരും വരെ അതുമായി മുന്നോട്ട് പോവുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആനന്ദ് തന്റെ നോവലുകളിലൊക്കെ പ്രശ്‌നവല്‍ക്കരിച്ച സാധാരണക്കാരനും ഭരണകൂടത്തിനും മധ്യേയുള്ള ഇടത്തട്ടുകളിലെ അഴിയാക്കുരുക്കുകളും അഴിമതികളും ഒക്കെയാണ് സംവിധായകന്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജനഗണമനയില്‍ ശ്രമിച്ച പോലെ കൃത്യമായി ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തെയോ ഭരണകൂടത്തെയോ ഫോക്കസ് ചെയ്യാനുള്ള ആര്‍ജവം സംവിധായകന്‍ കാണിച്ചിട്ടില്ല എന്നതിനാല്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതോ ആനന്ദത്തില്‍ ആറാടിക്കുന്നതോ ആയ സന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ ഒന്നും സിനിമയില്‍ ഇല്ല. പകരം, ഹ്യൂമര്‍ ആണ് മെയിന്‍ ടൂള്‍.

രാജീവനെ സ്‌ക്രീനില്‍ ചെയ്യുന്ന കുഞ്ചാക്കോബോബന്റെയും മറ്റെല്ലാ അഭിനേതാക്കളുടെയും പെര്‍ഫോമന്‍സ് ആണ് സിനിമയുടെ ആസ്വാദനീയത വര്‍ധിപ്പിക്കുന്നത്. പല മുഖ്യധാരാ നായകന്മാരും ഇതിന് മുന്‍പ് കള്ളനായും കൂലിപ്പണിക്കാരനായും ഒക്കെ വന്നിട്ടുണ്ടാവും. പക്ഷെ, ചാക്കോച്ചന്‍ അധികം മേയ്ക്കപ്പും നാടകീയതയും ഒന്നും കൂടാതെ, ഒരിടത്തുപോലും നടന്‍ മുഴച്ച് നില്‍ക്കാതെ, അതായി അങ്ങോട്ട് മാറുകയാണ്.. ഒരുകാലത്ത്, വെറും ചോക്ലേറ്റ് നായകനായിതന്നെ പെട്ടെന്ന് ഫീല്‍ഡ്ഔട്ടായി പോവുമെന്ന് തോന്നുന്ന തരത്തിലുള്ള, ബിലോ ആവറേജ് നടനായിരുന്ന ഈ മനുഷ്യനില്‍ കാലം വരുത്തിയ പക്വത അമ്പരപ്പിക്കുന്നതാണ്.

പടത്തില്‍ ഉടനീളം വരുന്ന മജിസ്‌ട്രേറ്റ് (പി പി കുഞ്ഞികൃഷ്ണന്‍) ശരിക്കും ഒരു വിസ്മയം തന്നെ. നായിക വേഷത്തിലുള്ള ഗായത്രി, അംഗന്‍വാടി ടീച്ചര്‍, എം എല്‍ എ കണ്ണേട്ടന്‍, വക്കീല്‍മാര്‍, എല്ലാം ഒരേ പൊളി. രാജേഷ് മാധവനെ എടുത്തുപറയേണ്ടത് പെര്‍ഫോമന്‍സ് കൊണ്ട് മാത്രമല്ല, കാസ്റ്റിങ് ഡയറക്ടര്‍ എന്ന അങ്ങേരുടെ ചുമതല കൊണ്ട് കൂടിയാണ്. കാസ്റ്റിംഗിന്റെ മികവും ഫ്രഷ്‌നസ്സും ഓരോ ക്യാരക്റ്ററിലും ഉണ്ട്. ഉണ്ണിമായയുടെ മുഖ്യമന്ത്രിയും സിബി തോമസിന്റെ ടെമ്പോ ഡ്രൈവറും ഒക്കെ പ്രതീക്ഷയ്ക്ക് മേലെയാണ്..

സിനിമയിലേക്ക് റീമിക്‌സ് ചെയ്ത പാട്ടുകളുടെ പേരില്‍ ഔസേപ്പച്ചനും ജെറി അമല്‍ദേവിനും ടൈറ്റിലില്‍ ക്രെഡിറ്റ് കൊടുത്തത് മാന്യതയായി തോന്നി. പാട്ടുകള്‍ ഉചിതമായിരുന്നു താനും സാങ്കേതികപ്രവര്‍ത്തകരിലോ നറേഷനിലോ എടുത്തു പറയാനുള്ള ഒന്നും സിനിമ കണ്ടിറങ്ങുമ്പോള്‍ ബാക്കിയായി കിട്ടുന്നില്ല. കോര്‍ട്ട്‌റൂംഡ്രാമയും അതിലെ ഡ്രാമയില്ലായ്മയും ഓവര്‍ റിയലിസവും അടുപ്പിച്ചടുപ്പിച്ച് വരുന്നത് പ്രേക്ഷകനെ മുഷിപ്പിച്ചേക്കാം. ക്ലൈമാക്‌സിലൊന്നും എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന ഒന്നുമില്ല. ഒടിടി സ്റ്റഫ് എന്ന നിലയില്‍ ആയിരിക്കും ന്നാ താന്‍ കേസ് കൊട് കൂടുതല്‍ ആസ്വദിക്കപ്പെടുക എന്നുതോന്നുന്നു. കുറച്ച് പ്രേക്ഷകരേ തിയേറ്ററില്‍ ഉണ്ടായുമുള്ളൂ. തൃപ്രയാര്‍ വിബി സിനിമാസ് ഫസ്റ്റ്‌സ്‌ക്രീനില്‍ നിന്നാണ് ആദ്യദിവസത്തെ ആദ്യ ഷോ കണ്ടത്.

സിനിമയില്‍ കേന്ദ്രകഥാപാത്രം ഒരു കുഴിയാണ്. റോഡിലെ കുഴി. അതിനെ വച്ചൊരു പരസ്യവാചകം ചെയ്തു എന്നതിലപ്പുറം ഉള്ളടക്കത്തില്‍ ഒരു വിധത്തിലും നിലവിലുള്ള മന്ത്രിമാരെയോ സിനിമ ടാര്‍ഗറ്റ് ചെയ്യുകയോ മിമിക്ക് ചെയ്യുകയോ ചെയ്യുന്നില്ല. പെട്രോള്‍ വിലയും ഗോമൂത്രവുമൊക്കെ പച്ചയ്ക്ക് പറഞ്ഞ് സംഘികളുടെയാണ് പൊതുവാള്‍ കുറച്ചെങ്കിലും കുത്തുന്നത്. സൈബര്‍ സഖാക്കളുടെ വൃണപ്പെടല്‍ ഒട്ടുമേ ആവശ്യമുള്ള ഒന്നല്ല. അതുകൊണ്ട് തന്നെ താല്‍ക്കാലികവുമായിരിക്കും.

Story Highlights; Nna thaan case kodu movie review

Next Story