Top

മുണ്ടുമടക്കിയും തീപ്പൊരി ഡയലോഗുകളുമായി നെയ്യാറ്റിന്‍കര ഗോപന്റെ 'ആറാട്ട്'

സിനിമയുടെ പ്രധാന കഥയിലേക്ക് വരുമ്പോൾ പുതുമ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല.

18 Feb 2022 10:57 AM GMT
ജോയേല്‍ സ്റ്റാലിന്‍

മുണ്ടുമടക്കിയും തീപ്പൊരി ഡയലോഗുകളുമായി നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്
X

മോഹൻലാൽ എന്ന താരത്തിന്റെ ആരാധകരെ എന്നും ആവേശത്തിലാഴ്ത്തുന്ന ചില സംഗതികളുണ്ട്. മോഹൻലാലിന്റെ മീശപിരിയും മുണ്ടുമടക്കി കുത്തലും തീപ്പൊരി ഡയലോഗുകളുമെല്ലാം. അതിനാൽ തന്നെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം 'ആറാട്ടി'ന് പ്രതീക്ഷകളും ഏറെയായിരുന്നു. 'പുലിമുരുകൻ' പോലുള്ള മാസ് മസാല ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുമ്പോൾ പറയേണ്ടതില്ലല്ലോ.

പേര് സൂചിപ്പിക്കുന്നത് പോലെ മോഹൻലാലിന്റെ കടുത്ത ആരാധകർക്കുള്ള ഒരു 'ആറാട്ട്' ആയി തന്നെയാണ് സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രം പാട്ടും ആക്ഷൻ രംഗങ്ങളും എല്ലാമായി മോഹൻലാലിന്റെ ഒരു വൺ മാൻ ഷോ തന്നെയാണ്. എന്നാൽ ഒരു ഫാൻ ബോയ് എന്ന നിലയ്ക്ക് അല്ലാതെ ഒരു സാധാരണ പ്രേക്ഷകനായി നോക്കിയാൽ സിനിമ പൂർണ്ണ സംതൃപ്തി തരുമോ എന്ന കാര്യത്തിൽ സംശയമാണ്. പാലക്കാടുള്ള ഒരു ഗ്രാമത്തിലേക്ക് നെയ്യാറ്റിൻകര ഗോപൻ എന്ന വ്യക്തി വരുന്നു. അയാളുടെ വരവിന് ചില ഉദ്ദേശങ്ങളുണ്ട്. നെയ്യാറ്റിൻകര ഗോപൻ എന്തിനാണ് ആ ഗ്രാമത്തിൽ എത്തിയത് എന്നാണ് സിനിമ സംസാരിക്കുന്നത്.

നെയ്യാറ്റിൻകര ഗോപനായെത്തുമ്പോൾ മോഹൻലാൽ എന്ന നടന് ഒന്നും തന്നെ ചെയ്യാനില്ല. മറിച്ച് മോഹൻലാൽ എന്ന താരം ഇവിടെ അഴിഞ്ഞാടുന്നുമുണ്ട്. സംഘട്ടന രംഗങ്ങളിൽ തന്റെ മെയ് വഴക്കവും തമാശ രംഗങ്ങളിൽ തന്റെ കുസൃതിയും മോഹൻലാൽ അനായാസമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന് പുറമെ സിദ്ദിഖ്, ജോണി ആന്റണി, വിജയരാഘവൻ, ശ്രദ്ധ ശ്രീനാഥ്, കോട്ടയം രമേശ്, അശ്വിൻ, രചന നാരായണൻകുട്ടി, ലുക്മാൻ, നന്ദു, തുടങ്ങിയ ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ട്. ചില രംഗങ്ങളിൽ ചിരിപ്പിക്കുണ്ട് എങ്കിൽ പോലും പലപ്പോഴും സിദ്ദിഖ്, ജോണി ആന്റണി എന്നിവരുടെ തമാശകൾ അങ്ങ് ഏൽക്കുന്നില്ല എന്ന് പറയേണ്ടി വരും. അതുപോലെ സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. കഥയിൽ വളരെ പ്രാധാന്യം നിറഞ്ഞ ഒരു ഭാഗമാണ് റഹ്മാന്റേത്. നെടുമുടി വേണു, കോട്ടയത്തെ പ്രദീപ് എന്നീ കലാകാരന്മാരെ ഒരിക്കൽ കൂടെ സ്‌ക്രീനിൽ കാണാൻ കഴിഞ്ഞു.

മാസ് സിനിമാപ്രേമികളുടെ മനസ്സ് അറിയാവുന്ന തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. ഇവിടെയും മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ചില പൊടികൈകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മോഹൻലാലിന്റെ തന്നെ പല മുൻകാല ചിത്രങ്ങളിലെ ഡയലോഗുകളും മറ്റ് റഫറൻസുകളും അതിന് ഉദാഹരണം. എന്നാൽ സിനിമയുടെ പ്രധാന കഥയിലേക്ക് വരുമ്പോൾ പുതുമ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല. എന്നാൽ ചടുലമായ സംഭാഷണങ്ങളിലൂടെ കഥയുടെ പുതുമയില്ലായ്‌മയെ മറികടക്കാൻ ഇവിടെ ശ്രമം നടന്നിട്ടുണ്ട്.

സിനിമയുടെ പ്രധാന പ്ലസ് പോയിന്റ് എന്നത് ആക്ഷൻ രംഗങ്ങളും ബിജിഎമ്മുമാണ്. തെന്നിന്ത്യയിലെ തന്നെ മികച്ച നാല് ആക്ഷൻ കൊറിയോഗ്രാഫർമാർ ഒരുക്കിയ നാല് സംഘട്ടന രംഗങ്ങൾ ആറാട്ടിലുണ്ട്. നേരത്തെ പറഞ്ഞത് പോലെ മോഹൻലാലിന്റെ ഫ്ലെക്സിബിലിറ്റിയെ ചൂഷണം ചെയ്യാൻ സംഘട്ടന രംഗങ്ങളിലൂടെ ആക്ഷൻ കൊറിയോഗ്രാഫർമാർക്ക് കഴിഞ്ഞു.

ആക്ഷൻ, മാസ് രംഗങ്ങൾക്ക് ചടുലമായ പശ്ചാത്തല സംഗീതം അത്യാവശ്യമാണ്. രാഹുൽ രാജ് എന്ന സംഗീത സംവിധായകൻ അതിൽ വിജയിച്ചിട്ടുമുണ്ട്. എന്നാൽ സിനിമയിലെ ഗാനങ്ങളിലേക്ക് വരുമ്പോൾ രാഹുൽ രാജിന്റെ ആ മികവ് പൂർണ്ണമായി തെളിയിക്കാൻ സാധിച്ചിട്ടില്ല. വിജയ് ഉലഗനാഥിന്റെ ഛായാഗ്രഹണം തികഞ്ഞ ഒരു മാസ് സിനിമയ്ക്ക് അനുയോജ്യമായത് തന്നെ. ചിത്രസംയോജനത്തിലേക്ക് വരുമ്പോൾ ഷമീർ മുഹമ്മദ് മികവുറ്റ പ്രകടനം കാഴ്ച്ച വെച്ചിട്ടില്ല. ചിലപ്പോഴൊക്കെ ഒരു രംഗത്തിൽ നിന്നും മറ്റൊരു രംഗത്തേക്ക് പോകുമ്പോൾ ചിത്രസംയോജനത്തിൽ പോരായ്മ അനുഭവപ്പെടുന്നുണ്ട്.

മൊത്തത്തിൽ മോഹൻലാൽ എന്ന താരത്തിന്റെ മീശ പിരിച്ച്, മുണ്ടു മടക്കി കുത്തിയുള്ള ആക്ഷൻ രംഗങ്ങളും നുറുങ്ങ് കുസൃതിയും ഇഷ്ടപ്പെടുന്ന ഫാൻ ബോയ്ക്ക് ഈ സിനിമ തികഞ്ഞ ഒരു ആറാട്ട് തന്നെയായിരിക്കും. സംവിധായകൻ ട്രെയ്‌ലറിൽ പറഞ്ഞത് പോലെ ഇത് ഒരു 'അൺറിയലിസ്റ്റിയ്ക്ക് ഫൺ റൈഡ്' തന്നെയാണ്.

story highlights: mohanlal new movie aarattu review

Next Story

Popular Stories