Top

അനശ്വര രാജന്റെ ചങ്കൂറ്റം.. ജോൺ എബ്രഹാമിന്റെ നിർമ്മാണം.. വ്യത്യസ്തം തന്നെ 'മൈക്ക്', (തിരക്കഥയാണ് വില്ലൻ); റിവ്യൂ

ആഷിക് അക്ബർ അലി സ്‌ക്രിപ്റ്റ് എഴുതി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന മൈക്ക് പ്രമേയം കൊണ്ട് തീർത്തും വ്യത്യസ്തമായ ഒന്നാണ്

20 Aug 2022 8:07 AM GMT
ശൈലന്‍

അനശ്വര രാജന്റെ ചങ്കൂറ്റം.. ജോൺ എബ്രഹാമിന്റെ നിർമ്മാണം.. വ്യത്യസ്തം തന്നെ മൈക്ക്,  (തിരക്കഥയാണ് വില്ലൻ); റിവ്യൂ
X

പാതിമലയാളി കൂടിയായ പ്രശസ്ത ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാളസിനിമ എന്ന നിലയിൽ നിർമ്മാണവേളയിൽ തന്നെ കൗതുകമുണർത്തിയ സിനിമയാണ് മൈക്ക്. ഹിന്ദിയിലും മറാത്തിയിലുമായി ജോൺ എബ്രഹാമിന്റെ ജെ എ എന്റർടൈന്മെന്റ്‌സ് ഇതുവരെ ചെയ്ത പത്തോളം സിനിമകളിൽ പലതും നല്ല സിനിമകൾ എന്ന കാറ്റഗറിയിൽ പെടുന്നവയാണ് എന്നതിനാൽ മൈക്കിൽ മലയാളികൾക്ക് പ്രതീക്ഷ ഉണ്ടാവുന്നത് സ്വാഭാവികം. സിനിമയുടെ ട്രെയിലർ ആ പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്തു.

ആഷിക് അക്ബർ അലി സ്‌ക്രിപ്റ്റ് എഴുതി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന മൈക്ക് പ്രമേയം കൊണ്ട് തീർത്തും വ്യത്യസ്തമായ ഒന്നാണ്. ട്രെയ്ലറിൽ കണ്ടപോലെ തന്നെ, ടൈറ്റിൽസ് എഴുതി പൂർത്തിയാക്കും മുൻപ് തന്നെ വിഷയത്തിന്റെ പ്രസക്തിയിലേക്ക് പ്രേക്ഷകരെ വീഴ്ത്തിയിടാൻ സിനിമയ്ക്ക് സാധിക്കുന്നു.

ആൺകുട്ടികളോടൊപ്പം ആൺകുട്ടിയായി തന്നെ ഇടപഴകി ജീവിക്കുന്ന സാറ എന്ന കട്ടപ്പനക്കാരി ടീനേജ് പെൺകുട്ടിയെ പത്ത് മിനിറ്റിനുള്ളിൽ പ്രേക്ഷകന് രജിസ്റ്റർ ചെയ്യപ്പെടുന്നു. ശാരീരികമായി കൂടി ആണായി മാറി തന്റെ ആഗ്രഹം സമ്പൂർണമായി പൂർത്തീകരിക്കാനുള്ള അന്വേഷണത്തിലും ശ്രമങ്ങളിലുമാണ് സാറ. വീട്ടുകാരുടെയും കൂട്ടുകാരുടെയും എതിർപ്പുകൾ സ്വാഭാവികം. എന്നിട്ടും ലിംഗമാറ്റശസ്ത്രക്രിയ എന്ന ലക്ഷ്യവുമായി സാറ മുന്നോട്ട് തന്നെയാണ്.

തണ്ണീർമത്തൻ ദിനങ്ങളിലൂടെയും സൂപ്പർ ശരണ്യയിലൂടെയും കൃത്യമായ പ്രേക്ഷകപിന്തുണ നേടിയെടുത്ത അനശ്വര രാജൻ ഇങ്ങനെയൊരു റോൾ സ്വീകരിക്കാൻ കാണിച്ച ചങ്കൂറ്റവും ആർജവവും അഭിനന്ദനീയമാണ്. സീനിയർ നടിമാർ പോലും പകച്ചു പോയേക്കാവുന്ന സാറ എന്ന മൈക്കിനെ ഏറ്റെടുക്കുക മാത്രമല്ല തുടക്കത്തിലേ ഏതാനും ഷോട്ടുകൾ കൊണ്ടുതന്നെ ആ ക്യാരക്റ്ററിന്റെ മനോനിലയിലേക്ക് പ്രേക്ഷകനെക്കൂടി കൂടെ കൂട്ടാൻ അനശ്വരയ്ക്ക് സാധിച്ചു. സിനിമ തീരും വരെ അതിൽ നിന്നെവിടെയെങ്കിലും താഴെപ്പോവുകയോ പാളിപ്പോവുകയോ ചെയ്യുകയുമുണ്ടായില്ല എന്നത് ഒരു ചെറിയ കാര്യമല്ല.

വിഷയം പുതുമയുള്ളതാണ്, പ്രസക്തമാണ്. ലീഡിംഗ് റോൾ കൈകാര്യം ചെയ്തിരിക്കുന്ന ആക്ട്രസ് ഗംഭീരമായിരിക്കുന്നു. മേക്കിംഗും മോശമല്ല. പിന്നെയെവിടെയാണ് സിനിമയ്ക്ക് പിഴച്ചത് എന്നു ചോദിച്ചാൽ അത് സ്ക്രിപ്റ്റിംഗിൽ ആണ്. പടം മുന്നോട്ട് പോവുമ്പോൾ വിഷയത്തിന്റെ ചരട് പൊട്ടുന്നു. ഫോക്കസ് പോവുന്നു. മൈക്കിന്റെ പ്രശ്നങ്ങളെക്കാൾ വൈകാരികതയുടെ ഡോസ് കൂടുതലുള്ള, ആന്റണി എന്ന നായകന്റെ സബ്പ്ലോട്ട് വരുന്നു. മരത്തേക്കാൾ വലിയ ചില്ല. അതുമായി മുന്നോട്ട് പോവുന്നതിനിടയിൽ മൈക്കിന്റെ കാര്യത്തിൽ സ്ക്രിപ്റ്റും സംവിധായകനും പ്രേക്ഷകനും എല്ലാം കൺഫ്യൂസ്ഡ് ആയിപ്പോവുന്നു. ഒടുവിൽ എങ്ങനെയൊക്കെയോ ഒരു കരയ്ക്കടുപ്പിക്കുന്നു.

ആ കരയ്ക്കടുപ്പിക്കൽ മോട്ടിവേഷൻവർത്താനം ഏറക്കുറെ ക്ലച്ച് പിടിക്കുന്ന ഒന്നാണ് എന്നതുകൊണ്ട് മാത്രമാണ് ഇടവേളയ്ക്ക് ശേഷം പാടെ പാളം തെറ്റി പോയിക്കൊണ്ടിരിക്കുകയായിരുന്ന സിനിമ ഒരു ദുരന്തമാവാതെ രക്ഷപ്പെടുന്നത്. നായികയും നായകനും കണ്ടുമുട്ടിയാൽ അപ്പൊ പ്രണയിച്ചോണം പിന്നീട് അതുവരെയുണ്ടായിരുന്ന നായികയുടെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരവും ഒറ്റമൂലിയുമായി ആ പ്രണയവും അവനും രൂപാന്തരം പ്രാപിച്ചോളും എന്നുമൊക്കെയുള്ള സ്ഥിരം കീഴ് വഴക്കങ്ങളെ പൊളിച്ച് കളയാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട് എന്നതും വല്യ കാര്യം.

മുൻപ് പറഞ്ഞ പോലെ തന്നെ , അനശ്വര രാജൻ തന്നെയാണ് സിനിമയുടെ നട്ടെല്ലും ഹൈലൈറ്റും. തിരക്കഥ പരിഭ്രമിച്ച് നിൽക്കുന്നിടത്ത് പോലും മൈക്ക് ആയി മാറാനുള്ള സാറയുടെ നിശ്ചയദാർഢ്യത്തെ അനശ്വര ഉടലിൽ വഹിക്കുന്നു. മാർഷൽ ആർട്‌സ് മികവൊക്കെ ആദ്യം ഒരു കാര്യവുമില്ലാതെ പ്രദർശിപ്പിച്ചിട്ട് ഒടുവിൽ രക്ഷപ്പെടുത്തി കൊണ്ടുപോവാൻ നായകന് മാസ് എൻട്രി കൊടുക്കുന്നത്, അവൻ സംഘട്ടനത്തിൽ വീണുപോവുമ്പോൾ പോലും അനങ്ങാതെ നിസ്സഹായയായ വിതുമ്പി സാറ നോക്കിനിൽക്കുന്നതുമായ സീനുകളൊക്കെ പരിഹാസ്യമാണ്. പിന്നെ എന്തിനാണ് സംവിധായകാ ഈ കുട്ടിയെക്കൊണ്ടു വടംവലിയും ആയോധനകലയും ഒക്കെ മുൻപ് പ്രദർശിപ്പിച്ചത്??

സിനിമയുടെയും മൈക്കിന്റെയും ടോട്ടാലിറ്റിയെ കാർന്നുതിന്നുന്ന ഒന്നാണ് ആന്റണിയുടെ പോർഷൻ എങ്കിലും പുതുമുഖം രഞ്ജിത് സജീവിന്റെ പെർഫോമൻസ് ഗംഭീരമായിട്ടുണ്ട്. ആ പ്ലോട്ടും ക്യാരക്റ്ററും പെർഫോമൻസും കുറച്ച് കൂടുതൽ നന്നായിപ്പോയി എന്നത് സിനിമയ്ക്ക് ഡാമേജ്‌ ആയിട്ടുണ്ട്. പക്ഷെ, നടൻ എന്ന നിലയിൽ രഞ്ജിത് സജീവിന് അത് ഏറെ ഗുണകരമാകും എന്നുറപ്പ്..

ഹിഷാം അബ്ദുൽ വഹാബിന്റെ മ്യൂസിക് ഡിപ്പാർട്ട്‌മെന്റൂം രണദിവയുടെ സിനിമാട്ടോഗ്രഫിയും സിനിമയ്ക്ക് അനുകൂലഘടകങ്ങൾ ആണ്. ആന്റണിയുടെ അമ്മയായി വരുന്ന രോഹിണി കുറച്ച് സീനുകൾ കൊണ്ട് ടച്ചിംഗ് ആയി. സാറയുടെ അമ്മയും കാമുകനും അതേ പോലെ പൊളി.

പണ്ട്, വിഷ്ണു ശിവപ്രസാദിന്റെ ബിവേർ ഓഫ് ഡോ​ഗ് എന്ന ആദ്യ സിനിമ കാണാൻ തീയേറ്ററിൽ പോയി മറ്റ് പ്രേക്ഷകരില്ലാത്തതിനാൽ ഷോ നടക്കാതെ തിരിച്ചുപോരേണ്ടി വന്ന ഒരാളാണ് ഞാൻ. വിഷ്ണുവിന്റെ രണ്ടാം സിനിമയായ മൈക്കിന് ഇന്നലെ ആദ്യ ദിവസം അത്യാവശ്യം പ്രേക്ഷകർ ഉണ്ടായിരുന്നു. കൗമാരക്കാരായ പെൺകുട്ടികൾ ആയിരുന്നു കൂടുതൽ. (നേരത്തെ പറഞ്ഞ അനശ്വര രാജന്റെ ഫാൻ ബെയ്‌സും ഒരു കാരണമാവാം.) അവർക്ക് മുന്നിൽ സാറ എന്ന പെൺകുട്ടിയുടെ, (അത്ര ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത എന്നാൽ പ്രസക്തമായ) പ്രശ്നങ്ങൾ, അതിന്റെ കാരണങ്ങൾ, അതിനായി അവൾ കണ്ടെത്തുന്ന പരിഹാരമാർഗം അതിലേക്കുള്ള യാത്ര ഒക്കെ പറയാൻ സിനിമയ്ക്ക് സാധിച്ചത് നല്ല കാര്യമാണ്. തിരക്കഥയിൽ കൂടി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഗംഭീര സിനിമയായി അടയാളപ്പെടുമായിരുന്നു മൈക്ക്.

Story Highlights; Mike movie review by shylan

Next Story