Top

മഹാവീര്യര്‍ റിവ്യൂ: ടൈം ട്രാവലിന്റെ മായിക ലോകം, ഇന്നിന്റെ രാഷ്ട്രീയം

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

21 July 2022 2:39 PM GMT
വി.എസ് ഹൈദരലി

മഹാവീര്യര്‍ റിവ്യൂ: ടൈം ട്രാവലിന്റെ മായിക ലോകം, ഇന്നിന്റെ രാഷ്ട്രീയം
X

മലയാള സിനിമയ്ക്ക് അത്ര പരിചതമല്ലാത്തതാണ് ടൈം ട്രാവലും ഫാന്റസിയും. തികച്ചും വ്യത്യസ്തമായ ഒരു ഴോണറിനൊപ്പം ആനുകാലിക പ്രസക്തിയുള്ള ഒരു രാഷ്‌ട്രീയവും അതിനോടുള്ള പ്രതിഷേധവും ആക്ഷേപഹാസ്യം കൂട്ടിച്ചേർത്ത് അവതരിപ്പിച്ചാലോ. അത്തരം ഒരു പരീക്ഷണമാണ് എബ്രിഡ് ഷൈൻ മഹാവീര്യർ എന്ന തന്റെ പുതിയ സിനിമയിലൂടെ വിജയിപ്പിച്ചിരിക്കുന്നത്. ഒറ്റവാക്യത്തിൽ എബ്രിഡ് ഷൈന്റെയും നിവിൻ പോളിയുടെയും ധൈര്യപൂർവ്വമായ ശ്രമം എന്നാണ് സിനിമയെ വിശേഷിപ്പിക്കാൻ സാധിക്കുന്നത്. ആവിഷ്‌കരണരീതി, അവതരിപ്പിച്ചിരിക്കുന്ന പ്രമേയം, കഥാപാത്രങ്ങളുടെ പ്രകടനം ഇവയിലെല്ലാം അത് കാണുവാൻ സാധിക്കും.

വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങളെ പരസ്‌പരം കൂട്ടിച്ചേർത്ത് എല്ലാ കാലഘട്ടങ്ങൾക്കും ഉതകുന്ന ഒരു കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. കോർട്ട് റൂം ഫാന്റസിയായി ഒരുക്കിയിരിക്കുന്ന കഥ മുന്നോട്ടു പോകവേ അതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് കടക്കുന്നു. ഒരിക്കൽ ഒരു രാജാവിന് വലിയൊരു പ്രശ്‌നമുണ്ടായി. അതുകൊണ്ട് തന്നെ രാജ്യകാര്യങ്ങളിൽ ശ്രദ്ധിക്കുവാനോ എന്തിന് ഒന്ന് ഉറങ്ങുവാനോ രാജാവിന് കഴിഞ്ഞിരുന്നില്ല. അതിനുള്ള പ്രതിവിധിക്കായി രാജാവിന്റെ ആജ്ഞ പ്രകാരം മന്ത്രി യാത്ര തിരിക്കുകയാണ്. ഇതിലേക്ക് ഒരു മുനിവര്യനും മറ്റ് പല കഥാപാത്രങ്ങളും കടന്ന് വരികയും ചെയ്യുന്നു. ഒടുവിൽ രാജാവ് തന്റെ പ്രശ്നവുമായി കോടതി കയറേണ്ടി വരുന്നു. പല ചോദ്യങ്ങൾക്കുമുളള ഉത്തരങ്ങൾ അവിടെ നിന്നും ലഭിക്കുകയാണ്.

അപൂർണ്ണാനന്ദ സ്വാമി എന്ന കഥാപാത്രമായാണ് നിവിൻ പോളി സിനിമയിൽ എത്തുന്നത്. സിനിമകളിലെ നിവിന്റെ കോമഡി രംഗങ്ങളിലെ ടൈമിംഗ് എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. 'മഹാവീര്യറി'ലും അത് അങ്ങനെ തന്നെ. ആസിഫ് അലിയും തന്റെ കഥാപാത്രത്തെ മികച്ചതാക്കി.

എടുത്തു പറയേണ്ട പ്രകടനങ്ങൾ ലാൽ, ലാലു അലക്സ്, സിദ്ദിഖ് എന്നിവരുടേതാണ്. ഇവരുടെ രംഗങ്ങൾ കാണുന്ന ഓരോ പ്രേക്ഷകനെയും രസിപ്പിക്കും. ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ് എന്നിങ്ങനെ ഓരോരുത്തരും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. പുതിയ കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പഴയ രാജവാഴ്ചയുമായി രസകരമായി തന്നെ ഇഴചേർത്തിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജിന്റെ ക്യാമറ സിനിമയ്ക്ക് മികച്ച ദൃശ്യ ഭാഷ തന്നെ സമ്മാനിക്കുന്നു. സിനിമയിലെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്ന് ഛായാഗ്രഹണം തന്നെയാണ്. ഇഷാൻ ചാബ്രയുടെ സംഗീതവും പശ്ചാത്തല സംഗീതവും മികവ് പുലർത്തുന്നു.

സംസാരിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണ് സിനിമയുടേത്. ഒറ്റ തവണ കണ്ടു മറക്കുന്നതിനപ്പുറം തിയേറ്ററിൽ നിന്നിറങ്ങിയ ശേഷവും പ്രേക്ഷകന്റെ മനസ്സിൽ പതിയുന്ന ഒരു ദൃശ്യാനുഭവമാണ് 'മഹാവീര്യർ'.

story highlights: mahaveeryar movie review

Next Story