Top

Kurup Review: 'മനുഷ്യനോളം ക്രൂരനായ ഒരു മൃഗവുമില്ല'; കുറ്റവാളി തന്നെയാണ്

സിനിമയും ചർച്ചയും കൊല്ലപ്പെട്ട ചാക്കോയ്ക്ക്, അയാളുടെ കുടുംബത്തിന് ഒക്കെ നീതി കിട്ടാനും സുകുമാര കുറുപ്പ് ഒരു പ്രഹേളികയായി അവസാനിക്കാതെ നിയമത്തിനു മുന്നിൽ വരാനും കാരണമാകട്ടെ എന്ന് പൊതുസമൂഹത്തിനു ആഗ്രഹിക്കാം.

12 Nov 2021 1:48 PM GMT
അപർണ പ്രശാന്തി

Kurup Review: മനുഷ്യനോളം ക്രൂരനായ ഒരു മൃഗവുമില്ല; കുറ്റവാളി തന്നെയാണ്
X

ഒരു വലിയ ഇടവേളക്ക് ശേഷം കേരളത്തിലെ തീയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. രണ്ടാം ലോക്ക് ഡൗണിനു ശേഷം ഫാൻസ്‌ ഷോയും റെക്കോർഡ് പ്രീ ബുക്കിങ്ങും ഒക്കെയായി തീയറ്ററുകളെ ചലിപ്പിക്കാൻ തുടങ്ങിയത് കുറുപ്പ് ആണ്‌. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കുറുപ്പിൽ ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത്,സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,ശോഭിത ദുലിപാല തുടങ്ങി വലിയൊരു താരനിരയുണ്ട്. പല വലിയ സിനിമകളെയും പോലെ കോവിഡ് മൂലം ഒരുപാട് നീട്ടി വച്ച റിലീസ് ആയിരുന്നു കുറുപ്പിന്റെതും. തീയറ്റർ ഒ ടി ടി ആശയക്കുഴപ്പങ്ങൾക്കിടയിൽ കുറുപ്പ് തീയറ്ററിനെ മുറുകെ പിടിക്കുകയും ചെയ്തു.

ഇതിനെല്ലാം ഉപരി സിനിമ ചർച്ചയായത് കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയാണോ കുറുപ്പ് എന്നത് സംബന്ധിച്ച ചർച്ചകളാണ്. പടം അനൗൺസ് ചെയ്തപ്പോഴും ദുൽഖറിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വന്നപ്പോഴും മുതൽ തുടങ്ങിയ ചർച്ചകൾ വർഷങ്ങൾക്കിപ്പുറമുള്ള റിലീസ് ദിവസം വരെ നീണ്ടു. സുകുമാര കുറുപ്പിനെ പോലൊരു ക്രിമിനലിനെ മഹത്വവത്കരിക്കുമോ എന്ന ആശങ്ക ഒരു വിഭാഗം പങ്കുവച്ചു. സിനിമയുടെ പശ്ചാത്തലവും ട്രെയിലറും ഒക്കെ അത്തരമൊരു ആശങ്കയുടെ ആക്കം കൂട്ടി. ഇതിനൊപ്പം തന്നെ യഥാർത്ഥ സുകുമാരക്കുറുപ്പിന്റെ ഹീറോയിസത്തെക്കുറിച്ച് ചിലയിടങ്ങളിൽ നിന്നു ഗ്ലോറിഫിക്കേഷനുകൾ ഉയർന്നത് ആശങ്കകൾ ഉണ്ടാക്കി. അത്തരമൊരു മഹത്വവത്കരണത്തിനു തങ്ങൾ മുതിരില്ല എന്ന സംവിധായകന്റെ ഉറപ്പും സിനിമ കണ്ടതിനു ശേഷം തങ്ങൾക്ക് ഉണ്ടായിരുന്ന പരാതിയും പരിഭവവും ഇല്ലാതായി എന്ന് ചാക്കോയുടെ ഭാര്യയും മകനും പറഞ്ഞതും വിവാദങ്ങളെ താത്ക്കാലികമായി അവസാനിപ്പിച്ചു.


എന്തായാലും ചാക്കോ വധ കേസിൽ നിന്നും പ്രകടമായി പ്രചോദനമുൾക്കൊണ്ട് തന്നെയാണ് കുറുപ്പ് എന്ന സിനിമ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. സുകുമാര കുറുപ്പിൽ നിന്നു പ്രചോദനമുൾക്കൊണ്ട് തന്നെയാണ് ടൈറ്റിൽ കഥാപാത്രമായ കുറുപ്പായി ദുൽഖർ എത്തുന്നത്. ദുൽഖർ സൽമാൻ മുഴുനീള അന്റോഗോണിസ്റ്റ് കഥാപാത്രമായി വളരെ അപൂർവമായി മാത്രമേ സ്‌ക്രീനിൽ എത്തിയിട്ടുള്ളു. അത്തരമൊരു സാധ്യതയെ കൂടി ഉപയോഗപ്പെടുത്താൻ വേണ്ടിയാണ് കുറുപ്പ് സ്‌ക്രീനിൽ എത്തിയത് എന്ന് പല രംഗങ്ങളും സൂചിപ്പിച്ചു.

കേരളത്തിൽ എല്ലാ കാലത്തും ബാക്കി നിൽക്കുന്ന ദുരൂഹതയാണ് സുകുമാര കുറുപ്പ്. ഒരു അപകട മരണം ചാക്കോ വധക്കേസ് ആയതിനപ്പുറം പ്രതി എവിടെ എന്ന് ഇന്നും പൊതുജനത്തിനറിയില്ല. 37 വർഷത്തിനു ശേഷം അത്തരമൊരു അറിവിന് സാധ്യതകൾ ഉണ്ടാവാൻ സാധ്യതകൾ കുറവാണ്. ഇത്തരമൊരു വിഷയം സിനിമയക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്‌. പൊതു ഇടങ്ങളിൽ ലഭ്യമായുള്ള ഡോക്യുമെന്റുകൾ ആണ് ഈ സിനിമക്കായി ഉപയോഗിച്ചത്,സിനിമറ്റിക് സാധ്യതകൾ ഇടക്ക് ഉപയോഗിച്ചിട്ടുണ്ട് എന്ന മുഖവുരയോടെ ആണ്‌ സിനിമ തുടങ്ങുന്നത്. പൊതു ഇടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡോക്യുമെന്റെഷനുകൾ രണ്ടെണ്ണമാണ്. ഒന്ന് ഉമാദത്തന്റെ ഒരു പോലിസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം,മറ്റൊന്ന് ജോർജ് ജോസഫിന്റെ ചില സാക്ഷ്യങ്ങൾ...ഈ രണ്ട് സാധ്യതകളും സിനിമ ഉപയോഗിച്ചിട്ടുണ്ട്. ചാക്കോ വധക്കേസ് സംബന്ധിച്ച ആ ഡോക്യുമെന്റുകളിൽ നിന്നു വല്ലാതെയൊന്നും സിനിമ വ്യതിചലിച്ചിട്ടില്ല. സിനിമയുടെ രണ്ടാം പകുതിയിൽ, സുകുമാര കുറുപ്പ് ദുബായിൽ എന്ന് തുടങ്ങി നമ്മൾ പല കാലങ്ങളിൽ കേട്ട വാർത്തകളുടെ സിനിമാറ്റിക്ക് എക്സ്പ്രഷൻ ആണ്‌ ഉപയോഗിച്ചിട്ടുള്ളത്.


ഇതേ സംഭവം നേരിട്ട് ആസ്പദമാക്കി രണ്ട് സിനിമകളാണ് ഇതുവരെ സ്‌ക്രീനിൽ എത്തിയിട്ടുള്ളത്. ഒന്ന് ബേബി സംവിധാനം ചെയ്ത് സംഭവം നടന്ന 1984 ൽ തന്നെ പുറത്തിറങ്ങിയ എൻ എച് 47 ഉം മറ്റൊന്ന് അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ പിന്നെയും. ഇതിൽ ആദ്യത്തെ സിനിമയിൽ സുകുമാര കുറുപ്പ് പിടികിട്ടാപ്പുള്ളി അല്ല. അയാൾ പൂർണമായും ഒരു വില്ലൻ ആണ്‌. പിന്നെയും ആകട്ടെ, ഇത്തരമൊരു സാഹചര്യത്തിൽ പെട്ടുപോയ വില്ലന്റെ മാനസിക സംഘർഷങ്ങൾ അടയാളപ്പെടുത്തി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങി. ഇതിനു രണ്ടിനുമിടയിലെ ഒരു സമീപനമാണ് കുറുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഒരു ഡോക്യു ഫിക്ഷന്റെ സ്വഭാവത്തിൽ നിന്നും ഇടക്ക് സിനിമാറ്റിക് ആയ ഒന്നിലേക്ക് ഇടക്ക് കുറുപ്പ് മാറുന്നുമുണ്ട്.


സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് നേരിട്ട് ഫേസ് ഓഫ്‌ രംഗങ്ങൾ ഒന്നുമില്ലാതെ ഉള്ള ഇന്ദ്രജിത്ത് സുകുമാരനും ദുൽഖറും തമ്മിലുള്ള കാറ്റ് ആൻഡ് മൗസ് രംഗങ്ങൾ ആണ്‌. ആ രംഗങ്ങൾ നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഒപ്പം രണ്ടു പേരുടെയും പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഒപ്പം അഭിനയിച്ച എല്ലാവരും മികച്ചു നിന്നു. 1960 കളുടെ അവസാനം മുതൽ 2006 വരെയുള്ള കാലഘട്ടത്തിലെ പല ഇന്ത്യൻ നഗരങ്ങളും വിവിധ രാജ്യങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. ആ കാലത്തെ ഡീറ്റെലിംഗ് സിനിമയിൽ ഒരു പരിധി വരെ സിനിമയിൽ ഭദ്രമായിരുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനോട് തുടക്കം മുതൽ ഒടുക്കം വരെ ചേർന്നു നിന്നു.


ഇതിനെല്ലാം അപ്പുറം നൈതികത ആവശ്യപ്പെടുന്ന ചർച്ചകൾ വേണ്ട ഒന്ന് സുകുമാര കുറുപ്പിനെ / പ്രകട സാമ്യം ഉള്ള കഥാപാത്രത്തെ സിനിമയിൽ വിഗ്രഹവത്കരിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്തോ എന്നുള്ളതാണ്. സിനിമ കണ്ടിറങ്ങിയ ചാക്കൊയുടെ കുടുംബം ഈ സിനിമ നൽകിയ അനുഭവത്തിൽ അത്തരമൊന്നു തോന്നിയില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. സിനിമയുടെ ചില പ്രമോഷൻ രീതികളോട് എതിർപ്പുണ്ടെങ്കിലും സിനിമ കണ്ടിറങ്ങിയതിൽ പൂർണ തൃപ്തരാണ് എന്ന് അവർ പറയുന്നു. ഈ കൊലപാതകത്തിൽ അയാൾക്ക് പങ്കില്ല എന്ന് ഒരിടത്തും സിനിമ പറയുന്നില്ല. മനുഷ്യനോളം ക്രൂരനായ ഒരു മൃഗവുമില്ല എന്ന അതിപ്രശ്സ്ത വാചകം സിനിമയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. സാഹചര്യങ്ങളുടെ യാതൊരു ആനുകൂല്യവും നൽകുന്നില്ല. പക്ഷെ രണ്ടാം പകുതിയിലെ ചില മാസ്സ് പശ്ചാത്തല സംഗീതവും കുറുപ്പിന്റെ ചില വേഷപകർച്ചകളും വിഗ്രഹവത്കരണത്തിന്റെ പ്രത്യക്ഷ സാധ്യതകൾ നൽകുന്നുണ്ട്. സുകുമാര കുറുപ്പ് വിദേശത്തുണ്ട്,സ്വന്തം വീട്ടിൽ തന്നെ ഉണ്ട് തുടങ്ങി ചില പത്ര വാർത്തകളെ, സ്ഥിരീകരിക്കാത്ത ചില കഥകളെ സിനിമ അവിടെ ആശ്രയിക്കുന്നു. അത് പലയിടത്തും ആവശ്യമുള്ളതും ഇല്ലാത്തതുമായ ആശയക്കുഴപ്പങ്ങളെ ഉണ്ടാക്കുന്നു. ഇത് വരും ദിവസങ്ങളിൽ ചർച്ച ആവും എന്നു തന്നെ പ്രതീക്ഷിക്കാം. അത്തരം ഒരു തുടർച്ച ചാക്കോ വധക്കേസിനും സുകുമാര കുറുപ്പിനും ഉണ്ടായിരുന്നോ എന്നും അറിയില്ല.


യാതൊരു നീതിയും കിട്ടാതെ വളരെ ക്രൂരമായി കൊല ചെയ്യപ്പെട്ട ആളാണ് ചാക്കോ. സുകുമാരക്കുറുപ്പും സംഘവും ചെയ്ത കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവവുമാണ്. കൂട്ടാളികൾ ഒക്കെ പിടിക്കപ്പെട്ടിട്ടും നിയമത്തെ അയാൾ കബളിപ്പിച്ച രീതി വിചിത്രമാണ്. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചിട്ടുണ്ടോ എന്ന് പോലും അറിയാത്ത പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. ഈ സിനിമയും ചർച്ചയും കൊല്ലപ്പെട്ട ചാക്കോക്ക്, അയാളുടെ കുടുംബത്തിന് ഒക്കെ നീതി കിട്ടാനും സുകുമാര കുറുപ്പ് ഒരു പ്രഹേളികയായി അവസാനിക്കാതെ നിയമത്തിനു മുന്നിൽ വരാനും കാരണമാകട്ടെ എന്ന് പൊതുസമൂഹത്തിനു ആഗ്രഹിക്കാം.

Next Story