Top

'കുടുക്ക് 2025' റിവ്യൂ; ദുർഗ കൃഷ്ണയും സ്വാസികയും കുരുങ്ങിപ്പോവുന്ന സൈക്കോ ഷൈൻ ടോം കുരുക്കുകൾ

ചൈനയിലോ മറ്റോ ഒരു വളർത്തുപൂച്ചയുടെ ശരീരത്തിൽ, അതിനെ ട്രാക്ക് ചെയ്യാനുള്ള ചിപ്പ് നിക്ഷേപിക്കുന്നത് കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്

29 Aug 2022 5:52 AM GMT
ശൈലന്‍

കുടുക്ക് 2025 റിവ്യൂ;  ദുർഗ കൃഷ്ണയും സ്വാസികയും കുരുങ്ങിപ്പോവുന്ന സൈക്കോ ഷൈൻ ടോം കുരുക്കുകൾ
X

മുൻപ് കുഞ്ചാക്കോ ബോബന്റെ 'അള്ളു രാമേന്ദ്രൻ' സംവിധാനം ചെയ്ത ബിലഹരിയുടെ പുതിയ സിനിമയാണ് 'കുടുക്ക് 2025- ഫ്യൂച്ചർ ഈസ് ട്വിസ്റ്റഡ്'. സിനിമയെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി, രണ്ടുപാട്ടുകൾ നേരത്തെ തന്നെ ഹിറ്റ് ആയതാണ്. ഈയാഴ്ച്ച കുരുക്ക് തിയേറ്ററുകളിൽ എത്തി.

കുടുക്ക് 2025 ഒരു പരീക്ഷണചിത്രമെന്ന്, 'എ ബിലഹരി എക്സ്പിരിമെന്‍റല്‍' എന്ന വിശേഷണത്തിലൂടെ, സംവിധായകൻ മുൻകൂർ ജാമ്യം എടുക്കുന്നുണ്ട്. അതിനാൽ ആ ഒരു മുൻവിധിയോടെ തന്നെ സിനിമയെ സമീപിക്കുന്നതാണ് ബുദ്ധി എന്നുസാരം.

ചൈനയിലോ മറ്റോ ഒരു വളർത്തുപൂച്ചയുടെ ശരീരത്തിൽ, അതിനെ ട്രാക്ക് ചെയ്യാനുള്ള ചിപ്പ് നിക്ഷേപിക്കുന്നത് കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സമീപ ഭാവിയിൽ കേരളത്തിൽ, എന്നും പറഞ്ഞ് ഒരു സങ്കല്‍പം എന്ന ലേബലിൽ ആണ് പിന്നീട് പ്രമേയത്തിലേക്ക് കടക്കുന്നത്. മാരൻ-ഈവ, വരുൺ-ജ്വാല എന്നീ രണ്ടു ജോടികളുടെ ജീവിതം രണ്ടു പ്ലോട്ടുകളിൽ സമാന്തരമായി മുന്നോട്ടുപോവുന്നു. രണ്ട് ബന്ധങ്ങൾക്കിടയിലും വന്നു ഭവിക്കുന്ന ചില കുടുക്കുകൾ ആണ് അടിസ്ഥാന പ്രമേയം.

കണ്ടിരിക്കാവുന്ന വിധത്തിൽ വൃത്തിക്ക് ചെയ്തിട്ടുണ്ട് എന്നത് നല്ല കാര്യം. പരീക്ഷണം എന്ന് ജാമ്യമെടുത്തിട്ടുണ്ട് എന്നു കരുതി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കാനോ പൈസ കൊടുത്ത് ടിക്കറ്റെടുത്ത് കയറി സമയം മെനക്കെടുത്തുന്നവനെ വിഡ്ഢിയാക്കാനോ ശ്രമിക്കുന്നില്ല.

പ്രേമം-നേരം ടീമിലെ കൃഷ്ണശങ്കർ ആണ് മാരൻ എന്ന നായകൻ. പുള്ളിക്ക് കൊള്ളാവുന്ന റോൾ തന്നെ. നേരിയ ഹീറോയിസം ഒക്കെയുണ്ടെങ്കിലും ചളമാക്കുന്നില്ല. ഉടലിൽ ഞെട്ടിച്ച ദുർഗ്ഗയുടെ പെർഫോമൻസ് ഇവിടെയും മുതൽക്കൂട്ടാണ്. ഈവയുടെ ലൈഫിലെ കൊടും ട്രോമകളെ പ്രേക്ഷകനിലേക്ക് കണക്റ്റ് ചെയ്യാനുള്ള ഡീറ്റൈലിങ് തിരക്കഥയിൽ മിസ്സിംഗ് ആണ് എന്നത് ഈ ക്യാരക്റ്ററുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായി തോന്നി.

നായകനേക്കാൾ സ്‌ക്രീൻ സ്പേസ് ഉള്ള ക്യാരക്റ്റർ ആണ് വരുണിന്റേത്. രാം മോഹൻ എന്ന നടന്റെ പെർഫോമൻസ് കൂൾ. പുള്ളിയുടെ ജോഡി ആയി വരുന്ന സ്വാസികയും നന്നായി. ഷൈൻ ടോം ചാക്കോയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. അജു വർഗീസും അങ്ങിങ്ങായി വന്നു പോകുന്നുണ്ട്. ഇവരുടെയൊക്കെ മികച്ച പ്രകടനം കുടുക്കിന് വലിയ അളവിൽ രക്ഷയാകുന്നു. ഇതിനകം ഹിറ്റായി കഴിഞ്ഞ പാട്ടുകൾ നന്നായി വിഷ്വലൈസ് ചെയ്തിട്ടുണ്ട്. അതേസമയം ബാക്ക്ഗ്രൗണ്ട് സ്‌കോർ പലയിടത്തും ഓവറാക്കുന്നു. കളർ ടോണും.

2025 എന്നത് ഏറെ സമീപസ്ഥമായ ഒരു കാലഘട്ടമാണ്. കഷ്ടിച്ച് രണ്ടര വർഷമേയുള്ളൂ. ഒരുപാട് ദീർഘദൃഷ്ടിയും വന്യമായ ഭാവനയും ഒന്നും ആവശ്യമില്ല അക്കാലത്തെ ഏറക്കുറെ മുൻകൂട്ടി പ്രവചിക്കാൻ. കൊവിഡ് പോലുള്ള അപ്രതീക്ഷിത സംഗതികൾ വന്ന് കീഴ്മേൽ മറിഞ്ഞാൽ മാത്രമേ കാര്യങ്ങൾ പ്രവചനാതീതമാവൂ. ഇവിടെയാണെങ്കിൽ സാങ്കേതിക വിദ്യയാണ് വിഷയം. ഫ്യൂച്ചർ ഈസ് ട്വിസ്റ്റഡ് എന്നൊക്കെ ടാഗ് ലൈന്‍ കൊടുത്തിരിക്കുമ്പോൾ കുടുക്ക് ഇത്രയും സമീപസ്ഥമായ ഭാവിയെ ലക്ഷ്യം വെച്ചു എന്നതാണ് സിനിമയുടെ ഒരു മൈനസ് ആയി തോന്നിയത്. ആപ്പും ചിപ്പും വച്ചുള്ള ട്രാക്കിംഗ് ഒക്കെ ഇവിടെ മുൻപ് തന്നെ വന്നു കഴിയുകയും ചെയ്തു. ലാസർ ഷൈന്റെ 'സാർ-വൈലൻസ്' എന്ന കഥയൊക്കെ വർഷങ്ങൾക്ക് മുൻപേ ഈ വിഷയം രസകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ സ്‌ക്രിപ്റ്റ് ദുർബലമെന്നു പറയേണ്ടി വരും.

കോഴിക്കോട് ക്രൗണിൽ നിന്നുമാണ് കുടുക്ക് കണ്ടത്. അവിടെ മുൻപ് 220രൂപ ഉണ്ടായിരുന്ന ടിക്കറ്റ്റേറ്റ് 160രൂപയായി കുറച്ചിരിക്കുന്നത് കണ്ടു. അതൊരു നല്ല കാര്യം. കൂടുതൽ തിയേറ്ററുകാർ യാഥാർഥ്യ ബോധത്തിലേക്ക് തിരിച്ചുവരട്ടെ. റേറ്റ് കുറഞ്ഞാൽ ചെറിയ സിനിമകൾക്ക് പ്രേക്ഷകരെ ആകർഷിക്കാനാവും. കുടുക്കിനും അത്യാവശ്യം ആളുണ്ടായിരുന്നു. സിനിമ കഴിഞ്ഞു പോന്നപ്പോൾ തോന്നി, ഇതങ്ങനെ ഒരു പരീക്ഷണ സിനിമ ഒന്നുമല്ലല്ലോ എന്ന്.

Story Highlights; Kudukku 2025 Movie review by shylan

Next Story