Top

രാഷ്ട്രീയ പക ചെന്ന് നിൽക്കുന്നതെവിടെ?, 'കൊത്ത് ' ഒരു ഓർമ്മപ്പെടുത്തൽ; റിവ്യൂ

വിപ്ലവം കേട്ട് തഴമ്പിച്ച നമ്മുടെ നാടിന് പറയാൻ കൊലപാതക രാഷ്ട്രീയങ്ങളുടെ കഥ നിരവധിയാണ്. 'പല്ലിന് പല്ല് കണ്ണിന് കണ്ണ്' എന്ന് പറയുംപോലെ നേതാക്കന്മാർക്ക് വേണ്ടി തമ്മിൽ പോരടിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ.

17 Sep 2022 6:24 AM GMT
ഫിൽമി റിപ്പോർട്ടർ

രാഷ്ട്രീയ പക ചെന്ന് നിൽക്കുന്നതെവിടെ?, കൊത്ത്  ഒരു ഓർമ്മപ്പെടുത്തൽ; റിവ്യൂ
X

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയൽ റിലീസിന് മുമ്പേ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ സിനിമയാണ് 'കൊത്ത് '. പേരിൽ തന്നെ ആകാംക്ഷ നിറയ്ക്കുന്ന സിനിമയുടെ പ്രമേയവും ജിജ്ഞാസയുണ്ടാക്കുന്നതായിരുന്നു. ഒപ്പം 'അപ്പോത്തിക്കിരി', 'പുഴു' എന്നീ സിനിമകൾ കൊണ്ട് സുപരിചിതനായ ഹേമന്ത് കുമാറാണ് 'കൊത്തി'ന്റെ തിരക്കഥ. രാഷ്ട്രീയം, സൗഹൃദം, കുടുംബന്ധം എന്നിവയ്ക്കെല്ലാം തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ഒറ്റ വാക്കിൽ പറയാം.

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിന് ഒരു പുതിയ സംഭവമല്ല. വിപ്ലവം കേട്ട് തഴമ്പിച്ച നമ്മുടെ നാടിന് പറയാൻ കൊലപാതക രാഷ്ട്രീയങ്ങളുടെ കഥ നിരവധിയാണ്. 'പല്ലിന് പല്ല് കണ്ണിന് കണ്ണ്' എന്ന് പറയുംപോലെ നേതാക്കന്മാർക്ക് വേണ്ടി തമ്മിൽ പോരടിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ. എന്നാൽ പിന്നീട് കൊല്ലപ്പെടുന്നവന്റെയോ കൊല്ലുന്നവന്റെയോ പ്രിയപ്പെട്ടവർ‌ കടന്നു പോകുന്ന ജീവിതം എങ്ങനെയെന്ന് ചിന്തിക്കാതെ പോകുന്നു. ഇതൊക്കെയാണ് കോത്തും ചർച്ച ചെയ്യുന്നത്.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ തുടങ്ങുന്നത് ഒരു കൊലപാതകത്തിൽ നിന്നാണ്. അതിൽ നിന്ന് ഉടലെടുക്കുന്ന പ്രതികാരത്തിൽ രക്തസാക്ഷികളാകുന്ന, ബലിദാനികളാകുന്ന മറ്റു പലരിലൂടെയും കഥ സഞ്ചരിക്കുന്നു. ചിത്രത്തിൽ ഷാനുവായി ആസിഫ് അലിയും, സുമേഷായി റോഷൻ മാത്യുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാർട്ടി വളർത്തിയ, തന്റെ പ്രസ്ഥാനത്തിന് വേണ്ടി ‍ജീവിക്കുന്ന ഷാനുവിനെ മികച്ച രീതിയൽ ആസിഫ് അഭിനയിച്ച് ഫലിപ്പിച്ചപ്പോൾ സ്വന്തം സുഹൃത്തിന് വേണ്ടി ജീവൻ പോലും നഷ്ടപ്പെടുത്താൻ തയാറാകുന്നുണ്ട് റോഷന്റെ കഥാപാത്രവും. പാർട്ടി പറയുന്നതാണ് ഷാനുവിനും സുമേഷിനും മറ്റ് ചെറുപ്പക്കാർക്കും വേദ വാക്യം.

ചിത്രത്തിൽ രഞ്ജിത്തിന്റ ബാലചന്ദ്രൻ സഖാവിന്റെ വേഷവും മികവുറ്റതായി. ഒപ്പം ഹിസാനയായി നിഖില വിമലും സുമേഷിന്റെ അമ്മയായി ശ്രീലക്ഷ്മിയും സുഹൃത്തായി വിജിലേഷും അവരവരുടെ ഭാ​ഗം ഭം​ഗിയായിട്ടുണ്ട്. പൊലീസ് ഉദ്യോ​ഗസ്ഥനായി സു​ദേവ് നായർ എത്തുന്നുണ്ടെങ്കിലും തിരക്കഥയിൽ വേണ്ട പരി​ഗണന ലഭിച്ചില്ല എന്ന് തോന്നി. എന്നിരുന്നാലും ലഭിച്ച സ്പെയ്സിനെ വേണ്ട വിധത്തിൽ തന്നെ ഉപയോ​ഗപ്പെടുത്തി.

ചിത്രത്തിലുടനീളം സംഘർഷ ഭരിതമായ, വയലൻസ് നിറ‍ഞ്ഞ സന്ദർഭങ്ങൾ മാത്രമല്ല മനുഷ്യനുമായി വൈകാരികമായ ഒരു ബന്ധം ഉണ്ടാക്കുന്ന സീനുകളും നിലനിർത്തിയിട്ടുണ്ട്. കൈലാസ് മേനോൻ ഒരുക്കിയ സം​ഗീതവും സിനിമയെ സപ്പോർട്ട് ചെയ്യുന്നതാണ്.

രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്നും ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാൽ ഒരു ജീവന്റെ നഷ്ടത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുന്നതിൽ എവിടെയാണ് രാഷ്ട്രീയം എന്ന് ചോദിച്ചാണ് കൊത്ത് അവസാനക്കുന്നത്. മലയാളികൾ കണ്ടുകേട്ട കഥയിൽ ഒരു സിബി മലയിൽ സ്റ്റൈൽ കൊണ്ടുവന്ന അ​ദ്ദേഹം മികച്ച ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് എന്ന് പറയാം.

Story highlights: kotthu is a reminder of where political grudges stand; movie Review

Next Story