Top

ക്ലൈമാക്‌സില്‍ കൈയടി നേടി 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്'

5 Feb 2022 9:03 AM GMT
വി.എസ് ഹൈദരലി

ക്ലൈമാക്‌സില്‍ കൈയടി നേടി കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്
X

ഫസ്റ്റ്‌പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ച് ശരത് ജി മോഹന്‍ രചനയും സംവിധാനവും ചെയ്തിരിക്കുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഓള്‍ ഇന്‍ഡ്യാ റിലീസായി ഫെബ്രുവരി നാലിന് തീയേറ്ററുകളിലേക്ക് എത്തി. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ത്രില്ലറിനൊപ്പം പ്രണയത്തിനും സൗഹൃദത്തിനും ചിത്രം പ്രാധാന്യം നല്‍കുന്നുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം ഒരൊറ്റ റിലീസ് ചിത്രമായി എത്തിയ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് നിരൂപക ശ്രദ്ധയും നേടിയിട്ടുണ്ട്.

മഞ്ഞമണ്‍കാല എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പ്രധാനമായും പറയുന്നത്. കൂട് എന്നൊരു ചായക്കടയും അതിനോടു ചേര്‍ന്നുള്ള കര്‍ണന്‍ നെപ്പോളയന്‍ ഭഗത് സിംഗ് എന്ന ക്ലബും ഇതില്‍ രണ്ടിലുമായി എത്തപ്പെടുന്ന ഗ്രാമത്തിലുള്ളവര്‍, ഇവരിലൂടൊക്കെയാണ് കഥ വികസിക്കുന്നത്. ചായക്കടക്കാരന്‍ ഉമ്മറായി ഇന്ദ്രന്‍സ് എത്തുമ്പോള്‍ ക്ലബിന്റെ പ്രവര്‍ത്തകരായി എത്തുന്നത് ധീരജ് ഡെന്നി, എല്‍ദോ മാത്യൂ, അല്‍ത്താഫ് സലിം, അനീഷ് ഗോപാല്‍ എന്നിവരാണ്. ആദ്യ പകുതിയില്‍ ഒരു സാധാരണ ചിത്രം പോലെ തുടങ്ങുന്ന സിനിമയ്ക്ക് പിന്നീട് ത്രില്ലര്‍ സ്വഭാവം കൈവരികയാണ്.

ധീരജ് ഡെന്നി അവതരിപ്പിക്കുന്ന നായക കഥാപാത്രമായ രൂപേഷ് രാഘവന്‍ എസ് ഐ ടെസ്റ്റ് കഴിഞ്ഞു നില്‍ക്കുന്ന ഒരാളാണ്. രൂപേഷിന്റെ പ്രണയവും സൗഹൃദവുമൊക്കെയായി മുന്നേറുന്ന സിനിമയില്‍ വഴിത്തിരിവാകുന്നത് നാട്ടില്‍ നടക്കുന്ന ഒരു ഒരു കൊലപാതകമാണ്. അതോടെ സിനിമയുടെ ജോര്‍ണറിനും മാറ്റം സംഭവിക്കുകയാണ്. പലരേയും സംശയത്തിന്റെ നിഴലില്‍ നിറുത്താന്‍ സിനിമയുടെ ആദ്യപകുതി നന്നായി സഹായിക്കുന്നുണ്ട്. നാട്ടിലെ ഇലക്ഷനും പാരവെപ്പുകളും കള്ളുഷാപ്പ് സംഭാഷണങ്ങളുമൊക്കെ പല കഥാപാത്രങ്ങളിലേക്കും കാഴ്ചക്കാരുടെ സംശയത്തെ പിന്നീട് എത്തിക്കുന്നുണ്ട്. വളരെ പതുക്കെ തുടങ്ങുന്ന സിനിമ ലാഗ് അടിപ്പിക്കുമൊ എന്ന് ആദ്യമൊരു സംശയം തോന്നുന്നിടത്തു നിന്ന് പെട്ടെന്ന് മാറുകയാണ്.തുടക്കത്തിലെ പല സീനുകളും എന്തിനായിരുന്നു എന്നത് ക്ലൈമാക്‌സില്‍ എത്തുമ്പോള്‍ പ്രേക്ഷകനു കണക്ട് ചെയ്യാനാകും എന്നത് സിനിമയുടെ പോസിറ്റീവാണ്.

ആദ്യാ പ്രസാദ് അവതരിപ്പിച്ച അനന്തര എന്ന നായികാ കഥാപാത്രം നല്ല അഭിനയ മികവു പുലര്‍ത്തി. ഒരു ഹോം നേഴ്‌സായ അനന്തര രൂപേഷിന്റെ പ്രണയാഭ്യര്‍ഥനകളെ നേരിടുന്ന രംഗങ്ങള്‍ നന്നായി ആദ്യ കൈകാര്യം ചെയ്തിട്ടുണ്ട്. നന്ദു അവതരിപ്പിച്ച കെ പി എന്ന എസ് ഐ റോള്‍ വളരെ മികച്ചുനിന്നു. രണ്ടാം പകുതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന വിജയകുമാറിന്റേതും നല്ല പ്രകടനമാണ്. രൂപേഷിന്റെ സുഹൃത്തുക്കളില്‍ ഒരാളായി എത്തിയ എല്‍ദോ മാത്യൂവിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. രാഷ്ട്രീയ പ്രവര്‍ത്തകനായും കാമുകനായും എല്‍ദോ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. സിനിമയില്‍ നിര്‍ണായക കഥാപാത്രങ്ങളില്‍ ഒന്നായ നടന്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഉമ്മര്‍ പ്രേക്ഷകരുടെ മനസ് കീഴടക്കുന്നുണ്ട്. ഇന്ദ്രന്‍സ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശ്രീലക്ഷ്മി തുടങ്ങി നാല്‍പ്പതിലധികം നടീനടന്മാര്‍ ചിത്രത്തില്‍ അണി നിരന്നിട്ടുണ്ട്.

സിനിമയ്ക്കനുയോജ്യമായ തരത്തിലാണ് രഞ്ജിന്‍ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ ഒരു സാധാരണ ഗ്രാമ പശ്ചാത്തലത്തിനു യോജിക്കുന്നപോലെ മിതമായ രീതിയില്‍ ബിജിഎം നല്‍കിയ രഞ്ജിന്‍ രണ്ടാം പകുതിയില്‍ ഒത്ത ത്രില്ലര്‍ മ്യുസിക് നല്‍കി പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. എടുത്തു പറയേണ്ടത് ആദ്യ പകുതിയിലെ പള്ളിയിലെ രംഗത്തിനും ക്ലൈമാക്‌സ് രംഗങ്ങള്‍ക്കും ഫഌഷ് ബാക്കുകള്‍ക്കും നല്‍കിയിട്ടുള്ള ബിജിഎം ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നുണ്ട്.

ബിജുക്കുട്ടന്‍ അവതരിപ്പിച്ച എസ്തപ്പാന്‍ എന്ന കള്ളന്‍ മികച്ചുനിന്നു. തനിക്കു കോമഡി മാത്രമല്ല വഴങ്ങുക എന്ന് എസ്തപ്പാനിലൂടെ ബിജുക്കുട്ടന്‍ തെളിയിക്കുന്നുണ്ട്. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ നോക്കിയാല്‍ ശരത് ജി മോഹന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. തുടക്കത്തില്‍ സാധാരാണപോലെ തോന്നിച്ച പല രംഗങ്ങളും കഥാവസാനത്തില്‍ കൃത്യമായി കൂട്ടി ചേര്‍ത്തത് തിരക്കഥയുടെ ബ്രില്ല്യന്‍സിനെ കാണിക്കുന്നു. സ്പൂണ്‍ ഫീഡിംഗ് പോലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി തരാത്തത് ഒരുവിധത്തില്‍ നന്നായി എന്നു പറയാം. പക്ഷെ മറ്റൊരു വിധത്തില്‍ പ്രേക്ഷകര്‍ക്ക് അവരിലേക്കെത്താന്‍ സമയമെടുക്കുന്നതുപോലെയും തോന്നി. പക്ഷെ രണ്ടു മണിക്കുര്‍ ആറു മിനിറ്റില്‍ തീരുന്ന സിനിമ ഒട്ടും ബോറടിപ്പിക്കുന്നില്ല..

ചുരുക്കി പറഞ്ഞാല്‍ ഏതൊര സിനിമ ആസ്വാദകനും കാണാന്‍ ഇഷ്ടപ്പെടുന്ന് മികച്ചൊരു സിനിമ തന്നെയാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്. ഒരു മുഴുനീള ത്രില്ലര്‍ ചിത്രമല്ല കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്. ഇതൊരു ഫാമിലി ത്രില്ലര്‍ സിനിമയാണ്. രണ്ടാം പകുതിയിലാണ് ചിത്രത്തിന് ത്രില്ലര്‍ സ്വഭാവം കൈ വരുന്നത്. എന്നാല്‍ ദ്വയാര്‍ഥങ്ങളും അശ്ലീല പ്രയോഗങ്ങളും തീരെയില്ലാത്ത സിനിമ കുടുംബ പ്രേക്ഷകരെക്കുട്ിയും ആകര്‍ഷിക്കുമെന്നുറപ്പാണ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ്.

Next Story