'ജീവിതമായാല്‍ അല്പം ഫാന്റസിയൊക്കെ വേണ്ടേ!, റിയലിസത്തിന്റെ അതിപ്രസരത്തില്‍ നിന്നും ഒരു മൂഡ് ഷിഫ്റ്റ്'; കനകം കാമിനി കലഹം
സന്ദര്‍ഭത്തിന് അനുസരിച്ചും, കൗണ്ടറുകളിലൂടെയും തമാശയൊരുക്കാനാണ് സംവിധായകന് രതീഷ് ബാലകൃഷ്ണ ശ്രമിക്കുന്നത്
12 Nov 2021 6:05 AM GMT
ജാസ്മിന് പികെ

മലയാള സിനിമയുടെ കാലഹരണപെട്ട നര്‍മബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി 'ക.ക.ക'. അബസേര്ഡ് കോമഡി ജോണറില്‍ രതീഷ് ബാലകൃഷ്ണ സംവിധാനം ചെയ്ത കനകം കാമിനി കലഹം എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രേക്ഷര്‍ക്ക് മുന്നിലെത്തിയ കനകം, കാമിനി, കലഹം എന്ന സിനിമ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് കിട്ടുന്ന ഒരു മുഴുനീള എന്റര്ടെയ്നര് എന്ന് വിശേഷിപ്പിക്കാം. റിയലിസത്തിന്റെ അതിപ്രസരത്തില്‍ നിന്നും മലയാള സിനിമയ്ക്ക് ഒരു മൂഡ് ഷിഫ്റ്റ് കൂടിയാണ് കനകം കാമിനി കലഹം. പണ്ടൊരു സിനിമയില്‍ പറഞ്ഞ പോലെ ജീവിതമായാല്‍ അല്പം ഫാന്റസിയൊക്കെ വേണ്ടേ...
സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പവിത്രന് എന്ന കഥാപാത്രമായി നീട്ടി വളര്‍ത്തിയ മുടിയുള്‍പ്പെടെ വ്യത്യസ്ത ഗെറ്റപ്പിലാണ് നിവിന്‍ പോളി സിനിമയിലെത്തുന്നത്. അയാളുടെ ഭാര്യയും മുന്‍ സീരിയന് നടിയുമായ ഹരിപ്രിയയായി ഗ്രേസ് ആന്റണിയും വേഷമണിയുന്നു. ഇരുവര്‍ക്കുമിടയിലെ വഷളാകുന്ന വിവാഹ ബന്ധവും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്ന പവിത്രന്റെ ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.
വിനയ് ഫോര്‍ട്ട്, ജോയ് മാത്യൂ, സൂധീഷ്, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ് തുടങ്ങി താരങ്ങളുടെ ഒരു നിര തന്നെയാണ് സിനിമയിലുള്ളത്. മൂന്നാറിലേക്ക് ഹരിപ്രിയയുമായി യാത്ര പോകാന്‍ നിര്‍ബന്ധിതനാകുന്ന പവിത്രനും ഇവര്‍ താമസത്തിനായി തിരഞ്ഞെടുക്കുന്ന ഹോട്ടല്‍ 'ഹില്‍ ടോപ്പുമാണ്' സിനിമയില്‍ ഉടനീളം. തുടര്‍ന്നുള്ള മുഴുവന്‍ സംഭവ വികാസങ്ങളും അരങ്ങേറുന്നത് ഇതേ ഹോട്ടലില്‍ തന്നെ.
സന്ദര്‍ഭത്തിന് അനുസരിച്ചും, കൗണ്ടറുകളിലൂടെയും തമാശയൊരുക്കാനാണ് സംവിധായകന് രതീഷ് ബാലകൃഷ്ണ ശ്രമിക്കുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ ഈ ശ്രമങ്ങള്‍ പരാജയപെടുന്നുണ്ടെങ്കിലും, പൊതുവെ കാഴ്ച്ചക്കാരനില്‍ ചിരി നിലനിര്‍ത്തുക എന്ന ഉദ്യമത്തില്‍ സിനിമ വിജയിക്കുന്നുണ്ട്. നാടകത്തിന്റെ പശ്ചാത്തലത്തില്‍ സെറ്റ് ചെയ്തിരിക്കുന്ന സിനിമയില്‍ ഉടനീളം അത്തരത്തിലൊരു അന്തരീക്ഷം നിലനിര്‍ത്താനും ശ്രദ്ധിക്കുന്നുണ്ട്. കണ്ണൂര്‍ ഭാഷയുടെ വളരെ രസകരമായ ഉപയോഗവും, കഥാപാത്രങ്ങളുടെ ഗ്രേ ഷെയ്ഡുകളുമെല്ലാം സിനിമയുടെ മൊത്തത്തിലുള്ള വൈകാരികത നിലനിര്‍ത്താനും സഹായിക്കുന്നു. ഇത്രയധികം കഥാപാത്രങ്ങളെ ഉള്‍പെടുത്തിയുള്ള സിനിമ പഴയ പ്രിയദര്‍ന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെന്ന സിനിമക്ക് ശേഷം സംവിധായകന്റെ തികച്ചും വ്യത്യസ്തമായ ശ്രമമാണ് കനകം കാമിനി കലഹം.
സിനിമയുടെ പല ഭാഗങ്ങളിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെ വളരെ സര്‍ക്കാസ്റ്റിക്കായി തന്നെ ചിത്രികരിച്ചിട്ടുണ്ട്. ഹോട്ടലിലെ റിസപ്ഷനിസ്റ്റായ ശാലിനിയെന്ന കഥാപാത്രമായി എത്തുന്ന വിന്‍സി അലേഷ്യസും ഗ്രേസിന്റെ ഹരിപ്രിയയും തമ്മിലുള്ള കോണ്ഫിക്ലിറ്റും തുടര്‍ന്നുള്ള കെമിസ്ട്രിയും പ്രേക്ഷകര്‍ക്ക് പുതുമ നല്‍കുന്നതാണ്. 'കല' എന്നത് സ്ത്രീക്കും, പുരുഷനും വ്യത്യസ്തമാകുന്നതെങ്ങിനെ എന്ന് സിനിമയില്‍ ഇടക്കിടെ പറഞ്ഞ് വയ്ക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.
വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ചായാഗ്രഹകന്, ഹോട്ടല്‍ ഹില്‍ടോപ് എന്ന സിനിമയുടെ പ്രധാന പശ്ചാത്തലം മികച്ച രീതിയില്‍ സ്ക്രീനിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലൂക്ക, വരത്തന് തുടങ്ങിയ ചിത്രങ്ങളുടെ ആര്‍ട്ട് ചെയ്ത അനീസ് നാടോടിയാണ് സിനിമയുടെ കലാസംവിധാനം. ഹോട്ടല്‍ 'ഹില്‍ ടോപ്പി'ന് സിനിമക്ക് അനുകൂലമായ ഡ്രമാറ്റിക്ക് ലുക്ക് ക്രിയേറ്റ് ചെയ്യുന്നതില്‍ അനീസ് വിജയിച്ചു. സിനിമയുടെ കളര്‍ പാലറ്റ് മൂഡിനെ കോമഡി സെറ്റയര്‍ ലെവലില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മനോജ് കണ്ണോത്താണ് എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്, യാക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ സംഗീതം ഒരുക്കിയിരിക്കുന്നു. മെല്വിന് ജോയ് ആണ് സിനിമയിലെ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്. അടുത്തിടെ അന്തരിച്ച ഷാബു പുല്‍പ്പള്ളിയാണ് മേക്കപ്പ്. നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്ക്പ്പ് മാന്‍ ആയിരുന്ന ഷാബു പുല്‍പ്പള്ളി ആദ്യമായി പ്രവര്‍ത്തിച്ച സിനിമ കൂടിയാണ് കനകം കാമിനി കലഹം. ഓരോ കഥാപാത്രത്തിന്റെയും കോസ്റ്റ്യും കളര്‍, മേക്കപ്പ് എന്നിവ സിനിമയുടെ പൊതു സ്വഭാവത്തെ നിലനിര്‍ത്തുന്നതിലും നാടകീയത കൊണ്ടുവരുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കുടുബ ബന്ധങ്ങള്‍, കല, കലാകാരന് എന്നത് കൊണ്ട് പുരുഷന്മാര്ക്ക് കിട്ടുന്ന പ്രിവിലെജുകള്‍ എന്നിവയെ എല്ലാം സിനിമ വളരെ സര്‍കാസ്റ്റിക് ആയി നോക്കി കാണുന്നുണ്ട്. പൊട്ടി ചിരിച്ചു മണ്ണ് കപ്പുമെന്ന വാഗ്ദത്ത ഭൂമി നിറവേറിയില്ലെങ്കിലും.. ഒന്നോ രണ്ടോ വട്ടം കാണാനും ചെറു പുഞ്ചിരി അവശേഷിപ്പിക്കാനും കനകം, കാമിനി, കലഹം എന്ന സിനിമയ്ക്ക് കഴിയുന്നുണ്ട്.