Top

പ്രണയത്തിലൂടെ ചതിയുടെ അടിത്തട്ടിലേക്കിറങ്ങി 'ഗെഹ്‌റായിയാൻ '; റിവ്യൂ

15 Feb 2022 2:16 PM GMT
അമൃത രാജ്

പ്രണയത്തിലൂടെ ചതിയുടെ അടിത്തട്ടിലേക്കിറങ്ങി   ഗെഹ്‌റായിയാൻ ; റിവ്യൂ
X

പ്രണയം, നിരാശ, വിഷാദം, ട്വിസ്റ്റ് ഇവയെല്ലാം നിറഞ്ഞ ചിത്രമാണ് ബോളിവുഡ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഗെഹ്‌റായിയാന്‍. ദീപിക പദുകോണ്‍ സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ വളരെ സങ്കീര്‍ണമായ കഥ പറയുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉത്കണ്ഠ, വിഷാദം, നിരാശ എന്ന അവസ്ഥകളില്‍ ജീവിക്കുന്ന ഒരു വ്യക്തിയിലേക്ക് വീണ്ടും അതെ ഉത്കണ്ഠയും നിരാശയുമൊക്കെ ഉണ്ടാകുമ്പോള്‍ ഉടലെടുക്കുന്ന സംഭവങ്ങളാണ് ഗെഹ്‌റായിയാനും പറയുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഹിറ്റ് സിനിമകള്‍ക്ക് ശേഷം 'ഗെഹ്‌റായിയാന്‍' ബോളിവുഡ് ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു. സിനിമയുടെ പ്രഖ്യാപനം മുതല്‍ ട്രെയിലറിനും ടീസറിനും ഇറങ്ങിയ പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ഒരു പ്രണയ കഥ മാത്രം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് ലഭിച്ചത് ട്വിസ്റ്റുകളുള്ള ഒരു ത്രില്ലര്‍ സിനിമ കൂടിയാണ്.

ഒരു സാധാരണ മനുഷ്യന്റെ ഏറ്റവും വലിയ ദുര്‍ബലതകളില്‍ ഒന്ന് മറ്റൊരാളുമായി വളരെയധികം അറ്റാച്ഡ് ആകുക എന്നത്. പ്രത്യേകിച്ച് പ്രണയ ബന്ധങ്ങളില്‍ അത്തരക്കാര്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കും. അങ്ങനെയുള്ള ബന്ധങ്ങളില്‍ നിന്ന് പെട്ടന്നൊരുദിവസം തകര്‍ച്ച സംഭവിക്കുമ്പോള്‍ മാനസികമായും തളര്‍ത്തും. ഇതേ അവസ്ഥ തന്നെയാണ് ദീപിക പദുകോണ്‍ അഭിനയിച്ച അലീഷയിലൂടെയും സിദ്ധാന്ത് അഭിനയിച്ച സെയ്ന്‍ എന്ന കഥാപാത്രത്തിലൂടെയും ഗെഹ്‌റായിയാന്‍ പറയാന്‍ ശ്രമിച്ചത്.

കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കള്‍ക്ക് ഇടയിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം വേര്‍പിരിഞ്ഞ, എന്നാല്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്ന അലീഷയും കസിനായ ടിയയും ഏറെക്കാലത്തിന് ശേഷം ഒന്നിക്കുന്നു. അലീഷയുടെ കാമുകനായ കരണും ഈ സൗഹൃദ വലയത്തിനുള്ളില്‍ നില്‍ക്കുന്ന ആളാണ്. എന്നാല്‍ അലീഷ കരണുമായുള്ള ജീവിതത്തില്‍ സന്തുഷ്ടയായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇവരുടെ മൂന്നു പേരുടെയും ഒത്തുചേരലില്‍ നിന്നാണ് കഥ അതിന്റെ ആഴത്തിലേക്ക് കടക്കുന്നത്. ഇവരുടെ കണ്ടുമുട്ടലില്‍ ടിയയുടെ വരാനാകാന്‍ പോകുന്ന ബിസിനസ്സുകാരനായ സെയ്‌നിനെ അലീഷ പരിചയപ്പെടുന്നു. വളരെ പെട്ടന്ന് തന്നെ ഇവര്‍ക്കിടയില്‍ പുതിയൊരു ബന്ധം ഉടലെടുക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന ഇവരുടെ പ്രണയവും പിന്നീട് വരുന്ന ട്വിസ്റ്റുകളും, കാണികളെ ആസ്വദിപ്പിക്കുന്നതിനൊപ്പം സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ബിസ്സിനെസ്സ് ക്ലാസ് ജീവിതവും, അവിഹിത ബന്ധവും, ചതിയുമൊക്കെ പറയുന്ന 'ഗെഹ്‌റായിയാന്‍' എല്ലാവര്‍ക്കും ഒരുപോലെ ആസ്വാദിക്കാന്‍ കഴിയുന്ന ചിത്രമല്ല. കാരണം, ഓരോ മനുഷ്യന്റെയും മാനസിക അവസ്ഥയും കാഴ്ചപ്പാടുകളും അവര്‍ കടന്നു പോകുന്ന സാഹചര്യങ്ങളും വ്യത്യസ്തമാണ്. ഒരു സാധാരണ ജീവിതം നയിക്കുന്ന വ്യക്തിക്ക് ഒരുപക്ഷെ ഈ സിനിമ, സിനിമയായി തന്നെ കണ്ടുകളയാം. എന്നാല്‍ മാനസിക സംഘര്‍ഷങ്ങള്‍, പ്രണയതകര്‍ച്ചകള്‍, ജീവിതത്തില്‍ വലിയ വീഴ്ചകളൊക്കെ അനുഭവിച്ച ഒരു വ്യക്തിയെ ഈ ചിത്രം കാര്യമായി തന്നെ ബാധിക്കാന്‍ സാധ്യതകളേറെയാണ്.ഗെഹ്‌റായിയാനില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത മറ്റൊന്നായിരുന്നു സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഇന്റിമസി സീനുകള്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് ഒരു ഇന്റിമേറ്റ് സംവിധായകയുടെ സഹായത്തോടെ പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചത്. തീവ്ര പ്രണയം കാണിക്കാന്‍ ഉപയോഗിച്ച ചില സീനുകള്‍ക്ക് വേണ്ടി മാത്രം ഇന്റിമേറ്റ് സംവിധായായ ദര്‍ ഗായിയുടെ നേതൃത്വത്തില്‍ ചില ക്ലാസ്സുകള്‍ പോലും അഭിനേതാക്കള്‍ക്ക് നല്‍കിയിരുന്നു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് നാസറുദ്ധീന്‍ ഷായാണ്. ദീപികയുടെ പിതാവായി എത്തുന്ന താരത്തിന്റെ ചില സംഭാഷകളൊക്കെ പ്രചോദനം ഉണ്ടാക്കുന്നതാണ്. അതിനൊരുദാഹരണമാണ്, അലീഷയോടെ പറയുന്ന ഒരു വാചകം, 'ഒരിക്കലും കഴിഞ്ഞു പോയ ജീവിതത്തില്‍ തന്നെ നിന്ന് പോകരുത്, മുന്‍പോട്ടു നീങ്ങണം, ജീവിക്കണം'.

അവിഹിത ബന്ധങ്ങള്‍ ബോളിവുഡില്‍ പറയുന്നുണ്ടെങ്കിലും ഗഹ്‌റിയാനില്‍ ചെയ്തിരിക്കുന്ന ചില ട്രീറ്റ്‌മെന്റ് എല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നതല്ല. സിനിമയുടെ പകുതിയില്‍ നിന്ന് തുടങ്ങി അവസാനം വരെ പ്രേക്ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ സിനിമ എന്തുതരത്തിലുള്ള സന്ദേശമാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്നതിലും സംശയം ബാക്കിയാകുന്നു. ശകുന്‍ ബത്രയുടെ സംവിധാനത്തില്‍ വളരെ മനോഹരമായാണ് ഒരോ സീനും പകര്‍ത്തിയിരിക്കുന്നത്. കൗശല്‍ ഷായുടെ ഛായാഗ്രഹണവും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ പാലെറ്റും സിനിമയിലെ പല ഇമോഷണല്‍ സീനുകളെയും എടുത്തു കാണിക്കാന്‍ സഹായിച്ചിട്ടുണ്ട്.

സിനിമയുടെ റിലീസിന് മുന്‍പേ പ്രേക്ഷപ്രീതി നേടിയതാണ് ഇതിലെ ഗാനങ്ങള്‍. ഏറ്റവും മികച്ച ദൃശ്യങ്ങളോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും സമ്പന്നമാണ്. ശകുന്‍ ബത്രയുടെ മറ്റു സിനിമകളോടൊപ്പം 'ഗഹ്‌റായിയാനെ' അടയാളപ്പെടുത്താന്‍ സാധിക്കും. മറ്റു വ്യക്തിപരമായ വിഷയങ്ങളെ താരതമ്യം ചെയ്യാതെ കാണുകയാണെങ്കില്‍ സമയനഷ്ടം ഉണ്ടാക്കത്ത ഒരു സിനിമയാണ് ഗഹ്‌റായിയാന്‍.

Story Highlight: Gehraiyaan movie review


Next Story