Top

ആഫ്രിക്കയുടെ സൗന്ദര്യം പകർത്തി ഒരു ത്രില്ലർ ശ്രമം 'ജിബൂട്ടി'

ഒട്ടും മുഷിപ്പിക്കാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് ഒരു ഗംഭീര ത്രില്ലിംഗ് അനുഭവവും ചിത്രം സമ്മാനിക്കുന്നുണ്ട്.

3 Jan 2022 2:06 PM GMT
വി.എസ് ഹൈദരലി

ആഫ്രിക്കയുടെ സൗന്ദര്യം പകർത്തി ഒരു ത്രില്ലർ ശ്രമം  ജിബൂട്ടി
X

അമിത് ചക്കാലക്കൽ നായകനായ ഏറ്റവും പുതിയ ചിത്രം 'ജിബൂട്ടി' കഴിഞ്ഞ മാസം 31നാണ് തിയേറ്റർ റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. റിലീസ് ചെയ്ത് ഇതിനോടകം തന്നെ വലിയ സ്വീകരണമാണ് കുടുംബ പ്രേക്ഷകർ ചിത്രത്തിന് നൽകിയത്. ഒരോ കുടുംബത്തിനും ബന്ധപ്പെടുത്താൻ കഴിയുന്ന രംഗങ്ങളും സൗഹൃദത്തിന്റെ തീവ്രതയും ആഴത്തിൽ പ്രേക്ഷകർക്കുള്ളിൽ എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളികൾ അധികം കണ്ട് ശീലിച്ചിട്ടില്ലാത്ത, എന്നാൽ ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസിൽ വരുന്ന ഒരു പൊതുബോധത്തെ പൊളിച്ചെഴുതിയാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയെ സംവിധായകൻ എസ് ജെ സിനു വെള്ളിത്തിരയിലെത്തിച്ചത്.

പേരിലെ പുതുമ പോലെ തന്നെ ജിബൂട്ടിയിലെ ആളുകളെയും പ്രദേശത്തെയും കുറിച്ചു ഒരു മികച്ച ദൃശ്യാനുഭവം നല്കാൻ കഴിഞ്ഞത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. യഥാർത്ഥ സംഭവ കഥയ്ക്ക് ദൃശ്യാവിഷ്ക്കാരം നൽകി അതിന്റെ ഇമോഷണൽ ഒട്ടും ചോരാതെ തന്നെ കുടുംബ പ്രേക്ഷകരിലേക്കെത്തിക്കാൻ ഒരു നവാഗത സംവിധായകനെന്ന നിലയിൽ എസ് ജെ സിനുവിനു സാധിച്ചിട്ടുണ്ട്.

പ്രവാസ ജോലി സ്വപ്‌നം കണ്ടു നടക്കുന്ന നാട്ടിൻ പുറത്തുള്ള സാധാരണക്കാരായ ലൂയി, എബി എന്ന രണ്ടു ചെറുപ്പക്കാർക്കിടയിലേക്ക് ജിബൂട്ടിയിൽ നിന്നും 'ഹന്ന' എന്ന പെൺകുട്ടി എത്തുന്നതും ലൂയിയ്ക്ക് ഹന്നയോടുണ്ടാകുന്ന അടുപ്പം ഇവരെ ജിബൂട്ടിയിലേക്ക് എത്തിക്കുന്നു. തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യ പകുതിയിൽ പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രധാന്യം കൊടുക്കുമ്പോൾ രണ്ടാം പകുതിയിൽ കഥാപാത്രങ്ങളുടെ അതിജീവന യാത്രയാണ് കാണിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും യാത്രയിൽ അറിയാതെ പങ്കാളികളാകുന്നു. ഒട്ടും മുഷിപ്പിക്കാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് ഒരു ഗംഭീര ത്രില്ലിംഗ് അനുഭവവും ചിത്രം സമ്മാനിക്കുന്നുണ്ട്.

അമിത് ചക്കാലക്കലിനൊപ്പം നായിക ഷഗുൻ ജസ്വാൾ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ, അഞ്ജലി നായർ തുടങ്ങി ഓരോരുത്തരും അവരവരുടെ കഥാപത്രം മികച്ചതാക്കിയിട്ടുണ്ട്. ടി.ഡി. ശ്രീനിവാസിന്റെ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തിന് കൂടുതൽ മനോഹാരിത നല്കാൻ കഴിഞ്ഞിട്ടുണ്ട്. സാഹചര്യങ്ങൾക്കും കഥാപാത്രത്തിനും അനുസരിച്ചുള്ള ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. ദീപക് ദേവിന്റെ സംഗീതം മനസ്സിൽ തങ്ങി നിക്കുന്നതാണ്‌. അഫ്‍സൽ അബ്‍ദുൾ ലത്തീഫുമായി ചേര്‍ന്ന് എസ്‌ ജെ സിനു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

Next Story