Top

ഓസ്‌കര്‍ 2022; ശബ്ദമില്ലാത്തവരുടെ ലോകത്തെ സംഗീതം; കാണണം ഓസ്‌കര്‍ പട്ടികയിലെ 'കോഡ'

2014ൽ പുറത്തിറങ്ങിയ 'ലാ ഫാമിലി ബെലിയർ' എന്ന ഫ്രഞ്ച് സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കോഡ ഒരുക്കിയിരിക്കുന്നത്.

1 March 2022 12:20 PM GMT
ജോയേല്‍ സ്റ്റാലിന്‍

ഓസ്‌കര്‍ 2022; ശബ്ദമില്ലാത്തവരുടെ ലോകത്തെ സംഗീതം; കാണണം ഓസ്‌കര്‍ പട്ടികയിലെ കോഡ
X

ശബ്ദമില്ലാത്ത കുടുംബത്തിലെ സംസാരിക്കുന്ന ഒരേയൊരു ആളായാൽ എങ്ങനെയുണ്ടാകും. ബധിരരും മൂകരുമായ അച്ഛനും അമ്മയും സഹോദരനുമൊപ്പം ജീവിക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് 'കോഡ'. ഈ വർഷത്തെ ഓസ്‌കര്‍ നോമിനേഷൻ പ്രഖ്യാപിച്ചപ്പോൾ മൂന്ന് വിഭാഗങ്ങളിൽ ഇടം നേടിയ ചിത്രമാണ് കോഡ. പ്രേക്ഷകന്റെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരു അനുഭവം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.

'ചിൽഡ്രൻ ഓഫ് ഡെഫ് അഡൾട്സ്' എന്നതിന്റെ ചുരുക്കനാമം ആണ് കോഡ. 2014ൽ പുറത്തിറങ്ങിയ 'ലാ ഫാമിലി ബെലിയർ' എന്ന ഫ്രഞ്ച് സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കോഡ ഒരുക്കിയിരിക്കുന്നത്.


റൂബി എന്ന 17 വയസുകാരിയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും ചെവി കേൾക്കാനോ സംസാരിക്കുവാനോ കഴിവില്ല. അതിനാൽ തന്നെ മറ്റുള്ളവരുടെ മുന്നിൽ തന്റെ കുടുംബത്തിന്റെ ശബ്ദമാണ് അവൾ. മത്സ്യകച്ചവടമാണ് അവരുടെ പ്രധാന വരുമാന മാർഗ്ഗം. സ്‌കൂളിലെ കൊയർ ഗ്രൂപ്പിൽ ചേരുന്നതോടെ അവളുടെ പാട്ട് പാടാനുള്ള കഴിവ് സംഗീത അധ്യാപകൻ തിരിച്ചറിയുന്നു. സംഗീതത്തിന്റെ കൂടുതൽ മേഖലകളിലേക്ക് മുന്നേറാൻ അയാൾ അവൾക്ക് പ്രചോദനം നൽകുന്നു. റൂബിയുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

എമിലിയ ജോൺസ് ആണ് പ്രധാന കഥാപാത്രമായ റൂബിയായി എത്തുന്നത്. ബധിരരായ കുടുംബാംഗങ്ങളുടെ പേരിൽ സ്‌കൂളിൽ നിന്നുണ്ടാകുന്ന പരിഹാസം മൂലമുണ്ടാകുന്ന വേദന, പല കാര്യങ്ങളിലും അനുഭവപ്പെടുന്ന അപകർഷത, കുടുംബത്തിനും തന്റെ ആഗ്രഹങ്ങൾക്കുമിടയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമെല്ലാം എമിലിയ ജോൺസ് മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ട്രോയ് കോട്‌സൂർ, ഡാനിയൽ ഡ്യൂറന്റ്, മാർലി മാറ്റ്ലിൻ എന്നിവരാണ് റൂബിയുടെ പിതാവ്, മാതാവ്, സഹോദരൻ എന്നീ വേഷങ്ങളിൽ എത്തുന്നത്. യഥാർത്ഥത്തിൽ മൂവരും ബധിരരാണ്. സിനിമയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സൂർ സഹനടനുളള അക്കാദമി പുരസ്‌കാര വിഭാഗത്തിൽ ഇടം നേടുകയും ചെയ്തു. ഗ്ലൗസെസ്റ്റർ പട്ടണവും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രമാണ് എന്ന് വേണമെങ്കിൽ പറയാം. അത്ര മനോഹരമായി തന്നെ ആ പട്ടണത്തെ സിനിമ പകർത്തിയിട്ടുണ്ട്.


സിയാൻ ഹെഡർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വളരെ രസകരവും മനോഹരവുമായി തന്നെയാണ് ഹെഡർ സിനിമ ഒരുക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ ഇണക്കവും പിണക്കവും പകർത്തുന്നതിനൊപ്പം തന്നെ ഈ സമൂഹത്തിൽ ബധിരരായവർ അനുഭവിക്കേണ്ടി വരുന്ന വേദനകളും സിനിമ വരച്ചു കാട്ടുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊരു കാര്യം ശബ്ദമില്ലായ്മയേയും സംഗീതത്തെയും അതിസുന്ദരമായി തന്നെ സമന്വയിപ്പിച്ചിട്ടുണ്ട്.

റൂബിയും കുടുംബവും ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇടം നേടുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ശബ്ദമില്ലാത്തവരുടെ കഥ പറയുന്നതിനാൽ പല രംഗങ്ങളിലും ഡയലോഗുകൾ ഇല്ല. എന്നാൽ അവരുടെ ആംഗ്യഭാഷ ഡയലോഗുകൾ പോലെ പ്രേക്ഷകന് മനസ്സിലാകും. കഥ, സംവിധാനം, കഥാപാത്രങ്ങളുടെ പ്രകടനം, സംഗീതം എന്നിവയിലെല്ലാം സിനിമ ഒന്നിലൊന്ന് മെച്ചമാണ് എന്ന് തന്നെ പറയാം. ഓസ്‌കര്‍ നോമിനഷനിൽ മികച്ച സിനിമ, മികച്ച അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളിലും സിനിമ ഇടം നേടിയിട്ടുണ്ട്. ആപ്പിൾ ടിവി പ്ലസിൽ സിനിമ ലഭ്യമാണ്.

story highlights: coda hollywood movie review

Next Story