Top

ഏറ്റുമുട്ടി ഗാന്ധി മഹാനും ദാദാ ഭായ് നവറോജിയും; മഹാൻ റിവ്യൂ

വിക്രമും ധ്രുവും ഒന്നിച്ചുള്ള കോമ്പിനേഷൻ സീനുകൾ രസിപ്പിക്കുന്നുണ്ട്.

10 Feb 2022 12:51 PM GMT
ജോയേല്‍ സ്റ്റാലിന്‍

ഏറ്റുമുട്ടി ഗാന്ധി മഹാനും ദാദാ ഭായ് നവറോജിയും; മഹാൻ റിവ്യൂ
X

തെന്നിന്ത്യയിൽ തന്നെ കഥാപാത്രങ്ങളിലെ വ്യത്യസ്തതകൾ കൊണ്ട് കയ്യടി നേടിയ നടനാണ് വിക്രം. അദ്ദേഹവും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'മഹാൻ', അതും പിസ്സ, ജിഗർതണ്ട, ഇരൈവി എന്നീ സിനിമകൾ ഒരുക്കിയ സംവിധായകൻ കാർത്തിക് സുബ്ബരാജിനായി. ആ ഒറ്റ കാരണം കൊണ്ട് തന്നെ സിനിമയ്ക്കായി വലിയ ഹൈപ്പ് ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുകയും ചെയ്തു.

മദ്യനിരോധനത്തിനായി പൊരുതുന്ന ഒരു വ്യക്തിയുടെ മകനാണ് ഗാന്ധി മഹാൻ. അതിനാൽ തന്നെ ഗാന്ധി മാർഗത്തിൽ ജീവിക്കുന്ന വ്യക്തിയും. കൊമേഴ്‌സ് അധ്യാപകനായ ഗാന്ധി മഹാന് ഭാര്യയും മകനുമുണ്ട്. തന്റെ നാൽപതാമത്തെ പിറന്നാൾ ദിനത്തിൽ ഒരു ദിവസത്തേക്ക് ബാറിൽ പോയി മദ്യപിക്കാൻ തീരുമാനിക്കുന്നു. ബാറിൽ വെച്ച് തന്റെ പഴയ സുഹൃത്ത് സത്യവാനുമായി വീണ്ടും കാണുന്നു. പിറ്റേദിവസം മഹാൻ മദ്യപിച്ചത് തിരിച്ചറിഞ്ഞ ഭാര്യ നാച്ചി മകനുമായി അയാളെ ഉപേക്ഷിച്ച് പോകുന്നു. തുടർന്ന് അയാൾ സത്യവാനുമൊത്ത് മദ്യക്കച്ചവടം ആരംഭിക്കുകയും തമിഴ്നാട്ടിലെ തന്നെ മദ്യ സിൻഡിക്കേറ്റിന്റെ തലവൻ ആവുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം അയാളുടെ മകൻ ദാദാ പൊലീസ് ഉദ്യോഗസ്ഥനായി തിരികെവരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

ചിത്രത്തിൽ ഗാന്ധി മഹാൻ എന്ന കഥാപാത്രമായാണ് വിക്രം എത്തിയത്. താരത്തിന്റെ അഭിനയമികവിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് ഗാന്ധി മഹാൻ തെളിയിക്കുന്നു. കൊമേഴ്‌സ് അധ്യാപകനിൽ നിന്നും മദ്യ സിൻഡിക്കേറ്റ് തലവനിലേക്കുള്ള മാറ്റവും പിതാവിന്റെ സ്നേഹവും ഒറ്റപ്പെടലിന്റെ വേദനകളും എല്ലാം അദ്ദേഹം മനോഹരമായി തന്നെ അവതരിപ്പിച്ചു. ചിത്രത്തിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നതും വിക്രമിന്റെ പ്രകടനം തന്നെ.

ഗാന്ധി മഹാന്റെ മകൻ ദാദാഭായ് നവറോജി എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ധ്രുവ് വിക്രം എത്തിയത്. ധ്രുവിന്റെ ചില മാനറിസങ്ങൾ പിതാവ് വിക്രമിനെ വല്ലാതെ അനുസ്മരിപ്പിക്കുന്നുണ്ട്. വിക്രമും ധ്രുവും ഒന്നിച്ചുള്ള കോമ്പിനേഷൻ സീനുകൾ രസിപ്പിക്കുന്നുണ്ട് എങ്കിലും കഥാപാത്രം പലപ്പോഴും ധ്രുവിനെ സംബന്ധിച്ചിടത്തോളം കൈയിൽ ഒതുങ്ങാത്തത് പോലെ അനുഭവപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥനായല്ല ഒരു കോളേജ് പയ്യൻ പോലെയാണ് തോന്നിയത്. ആദ്യ ചിത്രമായ ആദിത്യ വർമ്മ ഹാങ്ങോവറും ഇടയ്ക്ക് ധ്രുവിൽ കാണാം.

മറ്റൊരു ശക്തമായ കഥാപാത്രമായിരുന്നു ബോബി സിംഹയുടെ സത്യവാൻ. ഗാന്ധി മഹാന്റെ ബിസിനസ്സ് പങ്കാളിയും ആത്മ സുഹൃത്തുമാണ് സത്യവാൻ. ഏറെ നാളുകൾക്ക് ശേഷം നടന് ലഭിച്ച മികച്ച കഥാപാത്രം എന്നത് കൊണ്ട് തന്നെ മികവുറ്റ പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തിയ മുത്തുകുമാറും, നാച്ചിയായി സിമ്രാനും, റോക്കിയായി സാനന്തും മികവുറ്റ പ്രകടനം കാഴ്ചവെച്ചു. മറ്റാരും തന്നെ മനസ്സിൽ നിൽക്കുന്ന അഭിനയം കാഴ്ചവെച്ചില്ല.

പതിഞ്ഞ താളത്തിലാണ് മഹാൻ കഥ പറയുന്നത്. രണ്ടേമുക്കാൽ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ആദ്യ ഒരു മണിക്കൂർ ഗാന്ധി മഹാന്റെ വളർച്ചയാണ് കാണിക്കുന്നത്. അതിനാൽ തന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ പലപ്പോഴും പ്രെഡിക്റ്റബിൾ ആണ്. പലപ്പോഴും സിനിമയുടെ ദൈര്‍ഘ്യം ഒരു പ്രശ്നമാകുന്നുമുണ്ട്. സിനിമയിൽ ഉടനീളം ത്രസിപ്പിക്കുന്ന രംഗങ്ങൾക്കും കുറവുണ്ട്. മുൻകാല ചിത്രമായ ജഗമേ തന്തിരത്തേക്കാൾ കാർത്തിക് സുബ്ബരാജ് മെച്ചപ്പെട്ടു. എങ്കിലും പിസ്സ, ജിഗർതണ്ട, ഇരൈവി തുടങ്ങിയ സിനിമകൾ വെച്ച് നോക്കുമ്പോൾ കാർത്തിക് സുബ്ബരാജിന് പൂർണ്ണമായി തന്റെ മികവ് പുറത്തെടുക്കാൻ സാധിച്ചോ എന്ന് സംശയമുണ്ട്.

ഛായാഗ്രഹണം, ആർട്ട്, എഡിറ്റിംഗ് തുടങ്ങിയ വിഭാഗങ്ങൾ തങ്ങളുടെ ജോലി നല്ല രീതിയിൽ തന്നെ ചെയ്തു. പശ്ചാത്തല സംഗീതത്തിലേക്ക് വരുമ്പോൾ സിനിമയുടെ പേസിന് അനുസൃതമായി തന്നെ ഒരുക്കിയിട്ടുണ്ട്. സിനിമയിലെ ഗാനങ്ങൾ ഒന്നും തന്നെ മനസ്സിൽ നിൽക്കുന്നില്ല എന്ന് പറയാം. സന്തോഷ് നാരായണനാണ് ചിത്രത്തിനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

മൊത്തത്തിൽ ഒരു തവണ കാണാൻ കഴിയുന്ന ഒരു ആവറേജ് അനുഭവം മാത്രമാണ് മഹാൻ. എന്നാൽ നിങ്ങൾ ഒരു ചിയാൻ ആരാധകൻ ആണെങ്കിൽ, ചിത്രം പൂർണ്ണ സംതൃപ്തി നൽകുമോ എന്ന് സംശയമാണ്.

Next Story