Top

വിക്രം കിടുക്കി, റോഷൻ മിന്നിച്ചു, 'കോബ്ര' പതിവുപോലെയൊക്കെ തന്നെ

എ ആർ റഹ്മാൻ സിനിമയ്ക്ക് ഒരു പോസിറ്റീവ് ഫാക്ടർ ആണ്...

31 Aug 2022 3:18 PM GMT
ശൈലന്‍

വിക്രം കിടുക്കി, റോഷൻ മിന്നിച്ചു, കോബ്ര പതിവുപോലെയൊക്കെ തന്നെ
X

മൂന്നുവർഷം മുൻപ് ഷൂട്ട് തുടങ്ങിയ സിനിമ. പണം വാരിയെറിഞ്ഞ് വിദേശ ലൊക്കേഷനുകളിൽ നിന്നുൾപ്പടെ പകർത്തിയ മാസ് സീനുകളിൽ നിറഞ്ഞാടുന്ന ചീയാൻ വിക്രം... മൂന്ന് മണിക്കൂറിലേറെ സമയം നീണ്ടുനിൽക്കുന്ന സംഭവബഹുലത ഏറിയ സ്‌ക്രീൻ ടൈം.. ഇതൊക്കെയാണ് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററിൽ എത്തിയ കോബ്ര.

മാത്തമാറ്റിക്സിൽ അസാധ്യജീനിയസായ ഒരു അധ്യാപകൻ മതിയഴകൻ. അതേസമയം തന്നെ, ഗണിതവും സയൻസും ടെക്നോളജിയും ഉപയോഗിച്ച് അന്തർദേശീയ തലത്തിൽ ഹൈപ്രൊഫൈൽ കൊട്ടേഷൻ കൊലപാതകങ്ങൾ ചുരുങ്ങിയ നിരക്കിൽ തെളിവുകൾ ബാക്കിവെക്കാതെ അസാമാന്യമായ വെടിപ്പോടെ നടത്തിക്കൊടുക്കുന്ന ഒരു കോബ്രാപാരലൽ ലൈഫും അയാൾക്കുണ്ട്..

ഇന്ന് കൊൽക്കത്തയെങ്കിൽ നാളെ സ്‌കോട്ട്‌ലൻഡ് മറ്റന്നാൾ സെന്റ് പീറ്റേഴ്‌സ്ബർഗ് അതിന്റെ പിറ്റേന്ന് ഹോങ്കോംഗ് പിറ്റേന്നിന്റെ പിറ്റേന്നാൾ ഫ്രാൻസ് എന്നിങ്ങനെയാണ് കോബ്രയുടെ പോക്ക്.. കാര്യങ്ങൾ അങ്ങനെ കളറായി പോവുന്നതിനിടെ അധികമെത്തും മുൻപ് ശങ്കറിന്റെ അന്യന്റെ ബാധ മതിയഴകനിലും സിനിമയിലും കണ്ടുതുടങ്ങും. മതി ഒന്നാണോ രണ്ടാണോ പലതാണോ എന്നൊക്കെയുള്ള ഹാലൂസിനേഷനിൽ കഥാപാത്രം മാത്രമല്ല പ്രേക്ഷകനും ആണ്ടുമുങ്ങുകയാണ്..

അതിനിടയിൽ ഒന്ന് രണ്ട് വെടിച്ചില്ല് ട്വിസ്റ്റുകൾ ഒക്കെ പാകം നോക്കി വിന്യസിച്ചിട്ടുണ്ട്. മതിയുടെ ബാല്യകാലം, അമ്മ, കൗമാരകാലം, കൗമാരപ്രണയം, വർത്തമാനകാലം, വർത്തമാനപ്രണയം, രാജ്യാന്തരകൊട്ടേഷൻ ജീവിതം, കൊൽക്കത്തൻ അണ്ടർഡോഗ് ജീവിതം, ഹാലൂസിനേഷൻ ജീവിതം, സിബിഐ, ഇന്റർപോൾ എന്നിങ്ങനെ 183മിനിറ്റിൽ നീട്ടിപ്പരത്തി കഥ പറഞ്ഞിട്ടും തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ പ്രേക്ഷകരും കൂടി ഒരു ഹാലൂസിനേറ്റഡ് സ്റ്റേജിൽ എത്തിപ്പെടും എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

നടൻ എന്ന നിലയിൽ വിക്രത്തിന് കോബ്രയിലെ റോൾ ഒരു നഷ്ടക്കച്ചവടമല്ല. മതിയുടെ ശരീരഭാഷയും ചലനങ്ങളുമെല്ലാം അത്രയ്ക്ക് പക്കാ.. പക്ഷെ, താരമെന്ന നിലയിൽ കോബ്രായുടെ റിസൾട്ട് കണ്ടുതന്നെ അറിയണം. ഇത്രയേറെ തയ്യാറെടുപ്പിൽ ഇത്ര സമയം ചെലവഴിച്ച്, സിനിമകൾ ചെയ്തിട്ടും ഇങ്ങേർക്ക് മാത്രം ഇങ്ങനുള്ള ദുരന്തം സ്ക്രിപ്റ്റുകൾ കിട്ടുന്നു എന്നത് ഇപ്പോഴും ഒരു ദുരൂഹത ആണ്.

നയൻതാരയെ വച്ച് ഇമൈക്കാനൊടികൾ എന്ന കിണ്ണൻ ത്രില്ലർ ചെയ്ത അജയ്മുത്തു എന്ന ഡയറക്ടറിൽ ഉള്ള പ്രതീക്ഷ ആയിരുന്നു ഒരു വിക്രംമൂവി എന്നതിലുപരി കോബ്രയിലുള്ള വിശ്വാസം. പക്ഷെ മേക്കിംഗിൽ പുള്ളി തന്റെ ക്‌ളാസ് കാണിച്ചുവെങ്കിലും സ്‌ക്രിപ്റ്റ് പാടെ താഴെ പോയത് പാരയാവുന്നു. ഇന്റർവേലിന് ശേഷം "കത്തി എന്ന കതിരേശൻ..വില്ലാദിവില്ലൻ" പാറ്റേണിൽ പടം കുതിച്ചു പറക്കും എന്നൊരു പ്രതീതി ഉണ്ടാക്കി പെട്ടെന്ന് തന്നെ ഒന്നാംപകുതിയേക്കാൾ താഴേയ്ക്ക് പോവുന്ന കാഴ്ച്ചയാണ് കാണുക.

സിനിമ കൊണ്ട് ഏറ്റവും ഗുണമുണ്ടാക്കാൻ പോവുന്നത് നമ്മൾ മലയാളികളുടെ സ്വന്തം റോഷൻ മാത്യു ആണ് . ഒരു വിക്രം മൂവിയിൽ ഒരു യുവ നടന് കിട്ടാവുന്ന സ്വപ്നതുല്യമായ മെയിൻ വില്ലൻവേഷം. ഋഷിയായി റോഷൻ തകർത്തുവാരുന്നു. ആദ്യം ഷെയിൻ നിഗമിനെ ആയിരുന്നു ഈ റോളിൽ കാസ്റ്റ് ചെയ്തിരുന്നത് എന്നു തോന്നുന്നു. വെയിൽ വിവാദവും മൊട്ടയടിയും കാരണം ഷെയിന് സംഭവിച്ച നഷ്ടം റോഷന്റെ ലോട്ടറി.

മറ്റൊരു മലയാളി യുവാവ് സർജാനോ ഖാലിദിനും കോബ്ര അപ്രതീക്ഷിത നേട്ടമാണ്. അതേ സമയം, മിയാ ജോർജിനെയും മാമുക്കോയയെയും വെറുതെ കാസ്റ്റ് ചെയ്ത് insult ചെയ്ത ഫീൽ ആയിരുന്നു. കെജിഎഫ് നായിക ശ്രീനിധിയ്ക്ക് വിക്രമിന്റെ പിന്നാലെ പ്രണയിച്ച് നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായില്ല. ഇമൈക്കാ നൊടികളിലെ അനുരാഗ് കശ്യപിനെ പോലെ ഒരു സർപ്രൈസ് തരാൻ ഇർഫാൻ പത്താന്റെ കാസ്റ്റിങ്ങിനു സാധിച്ചിട്ടില്ല. മോശമാക്കിയുമില്ല.

എ ആർ റഹ്മാൻ സിനിമയ്ക്ക് ഒരു പോസിറ്റീവ് ഫാക്ടർ ആണ്. ഹിറ്റ് ആയിക്കഴിഞ്ഞ പാട്ടുകളും സ്കോറിംഗും അദ്ദേഹത്തിന്റെ ഒരു സ്കെയിലിൽ നിന്ന് താഴെ പോവുന്നില്ല. വെറുതെ കളയാൻ മൂന്നേകാൽ മണിക്കൂർ സമയമുള്ളവർക്ക് ധൈര്യമായി ടിക്കട്ടെടുക്കാം കോബ്രായ്ക്ക്. കൂടുതൽ പ്രതീക്ഷയൊന്നും ഉണ്ടാവരുത് എന്നുമാത്രം. അജയ് ജ്ഞാനമുത്തു എന്ന പേരിൽ ഇത്തിരി പ്രതീക്ഷ വെച്ചത് എന്റെ പിഴ..

Story highlights: Chiyaan Vikram movie 'Cobra' review

Next Story