Top

വിന്റേജ് കാലത്തെ ലാലേട്ടന്റെ മടങ്ങിവരവ്; പുതുമകളില്ലാതെ പൃഥ്വിയുടെ 'ബ്രോ ഡാഡി'

26 Jan 2022 6:19 AM GMT
ജോയ്സി ജോണ്‍സണ്‍

വിന്റേജ് കാലത്തെ ലാലേട്ടന്റെ മടങ്ങിവരവ്; പുതുമകളില്ലാതെ പൃഥ്വിയുടെ ബ്രോ ഡാഡി
X

പറഞ്ഞ് പഴകിയ ആ വിശേഷം തന്നെ, 'പഴയ വീഞ്ഞ് പുതിയ കുപ്പി' പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. ലൂസിഫറില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പാറ്റേണില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ബ്രോ ഡാഡി ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ കണ്ടു തീര്‍ക്കാം. സിനിമ കാണുന്നവര്‍ക്ക് ലളിതമായി മനസിലാക്കാന്‍ കഴിയുന്ന കഥ, എന്നാല്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ട് മാത്രം ആകര്‍ഷകമാകുന്ന ചിത്രം. ഇതിന് മുമ്പ് കണ്ടിട്ടും കേട്ടിട്ടുമുള്ള ചെറിയ ഒരു വിഷയത്തെ വലിയ വ്യത്യസ്തകള്‍ ഒന്നും ഇല്ലാതെ തന്നെ എന്നാല്‍ മനോഹരമായി അവതരിപ്പിക്കാന്‍ ബ്രോ ഡാഡിക്ക് കഴിയുന്നു.

രണ്ട് കുടുംബങ്ങളിലൂടെയാണ് ബ്രോ ഡാഡിയുടെ കഥ വികസിക്കുന്നത്. ഒരു സ്റ്റീല്‍ കമ്പനിയുടെ ഉടമയും വളരെ സമ്പന്നനുമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ജോണ്‍ കാറ്റാടി. ജോണിന്റെ ഭാര്യ അന്നമ്മയായി മീനയും ഏകമകനായ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. ബാംളൂരുവില്‍ പരസ്യകമ്പനിയിലാണ് ഈശോയ്ക്ക് ജോലി. നാട്ടില്‍ പരസ്യ കമ്പനി നടത്തുന്ന കുര്യന്‍ (ലാലു അലക്‌സ്) ജോണിന്റെ അടുത്ത സുഹൃത്താണ്. കുര്യന്റെ ഭാര്യ എല്‍സിയായി കനിഹയും ഏകമകള്‍ അന്നയായി കല്യാണി പ്രിയദര്‍ശനും എത്തുന്നു. ഇരുവരുടെയും കുടുംബങ്ങളില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്നതും അത് പരിഹരിക്കുന്നതിനായി നടത്തുന്ന ചില രസകരമായ സംഭവങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.

ഇടക്കെപ്പോഴോ നഷ്ടപ്പെട്ടുപോയ വിന്റേജ് കാലഘട്ടത്തിലെ മോഹന്‍ലാലിനെ പൃഥ്വിരാജ് മലയാളികള്‍ക്ക് വീണ്ടെടുക്ക് നല്‍കുകയാണ് ബ്രോ ഡാഡിയിലൂടെ. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള മീന മോഹന്‍ലാല്‍ കോംബോയും മികച്ച് നില്‍ക്കുന്നു. ഈശോ ജോണ്‍ കാറ്റാടിയെന്ന പൃഥ്വിരാജിന്റ പ്രകടനം പക്ഷേ ചിലരെയെങ്കിലും നിരാശപ്പെടുത്തിയേക്കാം. ഏത് റോളും അനായാസം കൈകാര്യം ചെയ്യുന്ന ലാലു അലക്‌സിന്റെ പ്രകടനം ബ്രോ ഡാഡിയിലും നമുക്ക് കാണം. വൈകാരിക രംഗങ്ങള്‍ മനോഹരമാക്കുന്നുണ്ട് ലാലു അലക്സ്. യുവതാരം കല്യാണി പ്രിയദര്‍ശന്‍, കനിഹ എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍, അതിഥി വേഷത്തിലെത്തുന്ന ജഗദീഷും, ഉണ്ണി മുകുന്ദന്‍, ജാഫര്‍ ഇടുക്കി, സൗബിന്‍ സാഹിര്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍ സൗബിന്‍ സാഹിറിന്റെ കോമഡി സീനുകള്‍ അരോചകമായി അനുഭവപ്പെട്ടേക്കാം.

സിനിമയുടെ അനായാസ മുന്നോട്ട് പോക്കിന് ശ്രീജിത്തിന്റെയും ബിബിന്‍ മാളിയേക്കലിന്റെയും തിരക്കഥ സഹായിച്ചില്ലെന്ന് തന്നെ പറയേണ്ടിവരും. എന്നാല്‍ സംവിധാന മികവും അവതരണത്തിലെ പുതുമയും പരിധിവരെ അതിനെ മറികടക്കാന്‍ സഹായിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ നിന്നും വ്യത്യസ്ഥമായി രണ്ടാം പകുതി വലിഞ്ഞ് നീളുന്ന സാഹചര്യം ചില സമയത്തെങ്കിലും പ്രേക്ഷകനെ മടുപ്പിക്കും. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ശ്രദ്ധേയമാണ്. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് പാടിയ ടൈറ്റില്‍ ഗാനവും എ ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്ന് പാടിയ പ്രണയഗാനവും മനോഹരമാണ്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം പല സീനുകളുടെയും പോരായ്മകളെ മറയ്ക്കാനും സഹായിക്കുന്നുണ്ട്. അഭിനന്ദ് രാമാനുജത്തിന്റെ ഛായാഗ്രഹണവും എഡിറ്റര്‍ അഖിലേഷ് മോഹന്റെ സിനിമയുടെ പോസ്റ്റീവുകള്‍ തന്നെയാണ്.

കോമഡി സിനിമയെന്ന ടാഗ് ലൈന്‍ ചിത്രത്തിന് ഉണ്ടെങ്കിലും ഓര്‍ത്തു ചിരിക്കാവുന്നതോ വീണ്ടും കാണുന്നതിനോ കാരണമായ ഒന്നും തന്നെ ചിത്രത്തില്‍ അവശേഷിക്കുന്നില്ല. ലൂസിഫറിനെ മറന്ന് വലിയ ട്വിസ്റ്റുകളും മറ്റും പ്രതീക്ഷിക്കാതെ കാണാന്‍ കഴിഞ്ഞാല്‍ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും ബ്രോ ഡാഡി.

Next Story