Top

'ഭീഷ്മപര്‍വ്വം' റിവ്യൂ: അമലിന്റെ സ്‌റ്റൈലന്‍ സഞ്ജയചാതുര്യം, മമ്മൂട്ടിയുടെ മാസ് ഭീഷ്മാവതാരം

3 March 2022 1:01 PM GMT
അന്‍ഷിഫ് ആസ്യ മജീദ്

ഭീഷ്മപര്‍വ്വം റിവ്യൂ: അമലിന്റെ സ്‌റ്റൈലന്‍ സഞ്ജയചാതുര്യം, മമ്മൂട്ടിയുടെ മാസ് ഭീഷ്മാവതാരം
X

അമല്‍ നീരദ് മമ്മൂട്ടി കോമ്പോയില്‍ പ്രേക്ഷകര്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അവയെ പൂര്‍ണമായും തൃപ്തമാക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു കൂട്ടുകുടുംബത്തിലെ ഗോഡ് ഫാദറായിട്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിളെത്തുന്നത്. മമ്മൂട്ടിയുടെ വല്യേട്ടനുമായുള്ള താരതമ്യത്തിന് സാധ്യതകളില്ലാത്ത ചിത്രത്തില്‍ കാലഘട്ടത്തിന്റേതായ രാഷ്ട്രീയ കൂട്ടിച്ചേര്‍ക്കലുകളുണ്ട്. പ്രണയവും പ്രതികാരവുമെല്ലാം മിന്നിമായുന്ന മാസ് എന്റടെയ്‌നറെന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

ബിഗ് ബിയുമായുള്ള താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവാമെങ്കിലും കഥാപരിസരം പൂര്‍ണമായും മറ്റൊന്നാണ്. ഒരു അച്ചുതണ്ടില്‍ നിന്നാണ് ഇരു സിനിമകളുടെ ജനനമെന്ന് ആവശ്യമെങ്കില്‍ വാദിക്കാം. ഭീഷ്മപര്‍വ്വം എന്ന പേര് പുരാണങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നതാണെങ്കിലും സിനിമയെ അത്തരമൊരു ചരിത്ര രേഖപോലെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ല. മഹാഭാരതത്തിന്റെ ഇമേജുകള്‍ അഡോപ്റ്റ് ചെയ്യുന്ന രീതി സിനിമ അലംബിക്കുന്നുമുണ്ട്.


മൈക്കിളായുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശനത്തിന് അമല്‍ നീരദ് സ്‌റ്റൈല്‍ ഏറെ സഹായിക്കുന്നുണ്ട്. നടനെന്ന നിലയില്‍ മമ്മൂട്ടി സമീപകാലത്ത് തെരഞ്ഞെടുത്ത 'മാസ്' ചിത്രങ്ങളില്‍ ഏറ്റവും മുന്നിലാണ് ഭീഷ്മരുടെ സ്ഥാനം. രണ്ടാം സ്ഥാനാരോഹണവും തലമുറ മാറ്റവുമെല്ലാം മികച്ചത് തന്നെ. ആദ്യ പകുതിയില്‍ ഷൈന്‍ ടോം ചാക്കോ നയിക്കുന്ന യുദ്ധത്തില്‍ പ്രേക്ഷകന് അതൃപ്തി തോന്നില്ല. പ്രതികാരത്തിന്റെ അതിവേഗത രണ്ടാം പകുതിയില്‍ കാണാം. സൗബിന്‍ ഷാഹിര്‍ ചിത്രം പൂര്‍ണമാക്കുന്നു.

ഒരു കാലഘട്ടത്തെ അടയാളപ്പെടുത്താനായി സ്‌ക്രീനിലെത്തിച്ചിരിക്കുന്ന വാഹനങ്ങളും, ഗാഡ്‌ജെറ്റുകള്‍, കൊറിയോഗ്രാഫി, വസ്ത്രാലങ്കാരം എന്നിവയെല്ലാം വിജയം കണ്ടു. ഇരയ്ക്കായി വല നെയ്യുന്ന ചിലന്തികളിലും അധികാര കൈമാറ്റത്തിന്റെ ഭാവത്തിലുമെല്ലാം സ്ഥിരം അമല്‍ നീരദ് മൊണ്ടാഷുകള്‍ തന്നെ. പക്ഷേ അഭംഗിയാണിതെന്ന് പ്രേക്ഷകന് തോന്നുകയുമില്ല. ഫോര്‍ട്ട് കൊച്ചിയെ പൂര്‍ണമായും സ്വീകരിക്കുന്ന രാജമാണിക്യമല്ല മൈക്കിള്‍, ഭാഷയിലെ ഫോര്‍ട്ട് കൊച്ചി ഉച്ചാരണശൈലി കണിക മാറാതെ അളന്നു മാത്രം ഉപയോഗിക്കുന്നു.


തകര്‍ത്താടിയ കഥാപാത്രങ്ങള്‍

നെടുമുടി വേണു, കെപിഎസി ലളിത, സ്‌ക്രീനില്‍ കോമ്പോ സീനുകളില്‍ മാത്രമാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. വേദനയും പ്രതികാരവും ഉള്ളില്‍ അണയാത്ത അഗ്‌നി പോലെ കാത്തു സൂക്ഷിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. കെപിഎസി ലളിതയുടെ കണ്ണുകളിലെ തീക്ഷ്ണതയും നെടുമുടി വേണുവിന്റെ വാര്‍ദ്ധക്യം തളര്‍ത്തിയിട്ടില്ലാത്ത പ്രതികാരമൊടുങ്ങാത്ത ചിരിയും പ്രേക്ഷകന് മറക്കാനാവില്ല. പലപ്പോഴായി അദ്ഭുതപ്പെടുത്തിയ ഷൈന്‍ ടോം ചാക്കോ തഴക്കംവന്ന നടനെന്ന് ഭീഷ്മപര്‍വ്വത്തിലൂടെ വീണ്ടും തെളിയിക്കുന്നു. മറുവശത്ത് സൗബിനും ശ്രീനാഥ് ഭാസിയും ശ്രിന്ദയും നദിയ മൊയ്തുവുമെല്ലാം ഒന്നിനൊന്ന് മെച്ചം.

ദിലീഷ് പോത്തന്‍, സുദേവ്, ഫര്‍ഹാന്‍, ജിനു ജോസഫ്, നിസ്തര്‍ സേട്ട് തുടങ്ങി സ്‌ക്രീനിലെത്തിയ എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു. പതിവുപോലെ ഗുണ്ടയാണെങ്കിലും അബു സലീമിന്റെ സാന്നിധ്യം മൈക്കിളിന്റെ ശക്തി കൂട്ടുന്നുണ്ട്. ലെന, മാലാ പാര്‍വതി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഭീഷ്മര്‍ കുടുംബത്തിന്റെ സ്വഭാവികതയെ നിലനിര്‍ത്തുന്നു.


80കളില്‍ നിന്ന് ഇന്നിലേക്ക് നടക്കുന്ന ഭീഷ്മര്‍

'ഗോഡ് ഫാദര്‍' ചിത്രങ്ങള്‍ മലയാളത്തില്‍, ഇതര ഭാഷകളില്‍ പൊതുവെ പുരുഷ കേന്ദ്രീകൃതമായി തന്നെയാണ് സഞ്ചരിക്കാറുള്ളത്. മമ്മൂട്ടിയുടെ ഭീഷ്മരേയും അത്തരമൊരു 'മസ്‌ക്യൂലിന്‍ എനര്‍ജറ്റിക് ശൈലി'യിലൂടെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ സ്ത്രീ വിരുദ്ധതയിലൂടെ കൈയടി വാങ്ങുന്ന മാസ് രംഗങ്ങളില്‍ നിന്നും മനപൂര്‍വ്വം മാറി നില്‍ക്കാന്‍ അമല്‍ നീരദിന് കഴിഞ്ഞിട്ടുണ്ട്. വേലക്കാരി മുതലാളിയുടെ ഇംഗിതത്തിന് വഴങ്ങുന്ന അടിമയല്ലെന്നും 'ഇറങ്ങി വാടി'യെന്ന് ആക്രോശിക്കാനുള്ളതല്ല കാമുകിയെന്നും അടിവരയിടുന്ന സീനുകള്‍ ഇക്കാര്യം സാധൂകരിക്കുന്നു. എന്നാല്‍ ഗാന്ധാരി വീട്ടമ്മയുടെ ക്ലീഷേ ഇമേജുകളെ ചിലയിടത്തൊക്കെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഗാന്ധാരിയെ അത്തരത്തില്‍ നിലനിര്‍ത്തുക ചിത്രത്തിലെ അനിവാര്യതയാണ്, അതിനാല്‍ അതൊരു വിമര്‍ശനവുമാവില്ല.


ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിനില്‍ നിന്നാണ് ഭീഷ്മരുടെ യുദ്ധമുഖത്തേക്കുള്ള ഇന്‍ട്രോ, അന്ത്യഭാഗത്താകട്ടെ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കണ്‍മുന്നില്‍ മാതാപിതാക്കള്‍ കത്തിയെരിയുന്നത് നോക്കിനില്‍ക്കേണ്ടി വന്ന രണ്ട് മക്കളിലൂടെ യുദ്ധ തുടര്‍ച്ചയുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞുവെക്കുന്നു. ബീഫ് ഉള്ളിക്കറിയായി മാറുന്ന അതിസാഹസികതയും തീവ്രവലതുപക്ഷത്തേക്ക് ചായുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളെ കുത്തിനോവിക്കുന്ന രാഷ്ട്രീയം കലര്‍ത്തിയും അമല്‍ കഥ പറയുന്നു. ഒരുപക്ഷേ ഒരു മാസ് ഫിഗറുള്ള സംവിധായകന്‍ സ്വീകരിച്ച വളരെ ബോള്‍ഡായ തീരുമാനമാണിതെന്ന് വിലയിരുത്തുന്നതിലും തെറ്റില്ല.

Story Highlights; Bheeshmaparvam movie review

Next Story